This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

ജോര്‍ജ് ഓണക്കൂര്‍ (1941 - )

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

ജോര്‍ജ് ഓണക്കൂര്‍ (1941 - )

മലയാള സാഹിത്യകാരന്‍. മൂവാറ്റുപുഴയ്ക്കടുത്ത് ഓണക്കൂര്‍ ഗ്രാമത്തില്‍ നടുവിലേടത്ത് പി.വി. കുരിയാക്കോസിന്റെയും മറിയാമ്മയുടെയും പുത്രനായി 1941 ന. 16-നു ജോര്‍ജ് ജനിച്ചു. മൂവാറ്റുപുഴ നിര്‍മലാ കോളജില്‍ നിന്നു ധനതത്ത്വശാസ്ത്രത്തില്‍ ബിരുദവും ചങ്ങനാശ്ശേരി എസ്.ബി. കോളജില്‍ നിന്നു ബിരുദാനന്തരബിരുദവും (മലയാളം) നേടി. കേരള സര്‍വകലാശാലയില്‍ നിന്ന് എം.ഫില്‍; പിഎച്ച്.ഡി. ബിരുദങ്ങളും കരസ്ഥമാക്കിയിട്ടുണ്ട്.

ജോര്‍ജ് ഓണക്കൂര്‍

തിരുവനന്തപുരം മാര്‍ ഇവാനിയോസ് കോളജ് അധ്യാപകന്‍; ദീപിക (കോട്ടയം) ദിനപത്രത്തില്‍ സബ് എഡിറ്റര്‍; തൃക്കാക്കര ഭാരത് മാതാ കോളജ് അധ്യാപകന്‍ എന്നീ നിലകളില്‍ പ്രവര്‍ത്തിച്ചശേഷം ജോര്‍ജ് ഓണക്കൂര്‍ മാര്‍ ഇവാനിയോസ് കോളജില്‍ മലയാളവിഭാഗം മേധാവിയായി ചുമതലയേറ്റു (1968). 1987 വരെ ഇവിടെ തുടര്‍ന്നു. പിന്നീട് സംസ്ഥാന ബാലസാഹിത്യ ഇന്‍സ്റ്റിറ്റ്യൂട്ട്, കേരള സാക്ഷരതാ സമിതി, കേരള സംസ്ഥാന സര്‍വജ്ഞാനകോശം ഇന്‍സ്റ്റിറ്റ്യൂട്ട് എന്നീ സ്ഥാപനങ്ങളുടെ ഡയറക്ടറായും സേവനമനുഷ്ഠിച്ചിട്ടുണ്ട്.

കഥ, നോവല്‍, യാത്രാവിവരണം, ജീവചരിത്രം, നിരൂപണം എന്നീ രംഗങ്ങളില്‍ പ്രവര്‍ത്തിച്ചിട്ടുള്ള ഓണക്കൂര്‍ നോവലിസ്റ്റ് എന്ന നിലയിലാണ് ഏറെ ശ്രദ്ധേയന്‍. നാല് പൂച്ചക്കുട്ടികള്‍, ഞാനൊരു കൈയൊപ്പുമാത്രം, നാടു നീങ്ങുന്നനേരം എന്നിവ കഥാസമാഹാരങ്ങളും ഉള്‍ക്കടല്‍, അകലെ ആകാശം, കല്‍ത്താമര, ഇല്ലം, എഴുതാപ്പുറങ്ങള്‍, കാമന, സമതലങ്ങള്‍ക്കപ്പുറം എന്നിവ നോവലുകളാണ്. ഗ്രാമങ്ങളില്‍ ജീവിക്കുന്ന ശുദ്ധാത്മാക്കളായ മനുഷ്യരുടെ കൊച്ചുകൊച്ചു ദുഃഖങ്ങളും സന്തോഷങ്ങളുമാണ് ഇദ്ദേഹത്തിന്റെ മിക്ക നോവലുകളുടെയും പ്രതിപാദ്യവിഷയം. ഒലിവുമരങ്ങളുടെ നാട്ടില്‍, മരുഭൂമിയുടെ ഹൃദയം തേടി (യാത്രാവിവരണം), എം.പി. പോള്‍ കലാപത്തിന്റെ തിരുശേഷിപ്പുകള്‍, നായകസങ്കല്പം മലയാളനോവലില്‍, ഇതിഹാസപുഷ്പങ്ങള്‍ മുതലായവ ഓണക്കൂറിന്റെ ശ്രദ്ധേയങ്ങളായ കൃതികളാണ്. ഇല്ലം എന്ന നോവലിന് കേരള സാഹിത്യ അക്കാദമി അവാര്‍ഡ് ലഭിച്ചിട്ടുണ്ട്.

ഉള്‍ക്കടല്‍, എന്റെ നീലാകാശം, കൈതപ്പൂ, യമം എന്നീ ചലച്ചിത്രങ്ങളുടെ തിരക്കഥ ഇദ്ദേഹം രചിച്ചിട്ടുണ്ട്. സി.എച്ച്. മുഹമ്മദ്കോയയുടെ നിയമസഭാപ്രസംഗങ്ങള്‍, ജോസഫ് മുണ്ടശ്ശേരിയുടെ നിയമസഭാപ്രസംഗങ്ങള്‍ എന്നീ ഗ്രന്ഥങ്ങളുടെ സമ്പാദകനും എഡിറ്ററും ഓണക്കൂറാണ്. കേരളസാഹിത്യഅക്കാദമി,കേന്ദ്ര ഫിലിം സെന്‍സര്‍ ബോര്‍ഡ് എന്നിവയില്‍ അംഗമായും ഇദ്ദേഹം പ്രവര്‍ത്തിച്ചിട്ടുണ്ട്. ഈജിപ്ത്ത്, ഇസ്രയേല്‍ ഇറ്റലി, ഫ്രാന്‍സ്, സ്പെയിന്‍, ബഹറിന്‍, ഒമാന്‍ തുടങ്ങിയ രാജ്യങ്ങള്‍ സന്ദര്‍ശിച്ചിട്ടുള്ള ഓണക്കൂര്‍ ഒരു പ്രഭാഷകന്‍ എന്ന നിലയിലും ശ്രദ്ധേയനാണ്.

താളിന്റെ അനുബന്ധങ്ങള്‍
സ്വകാര്യതാളുകള്‍