This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.
Reading Problems? see Enabling Malayalam
ജോര്‍ജ്, ഹെന്റി (1839 - 97)
സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്
ജോര്‍ജ്, ഹെന്റി (1839 - 97)
അമേരിക്കന്‍ സാമ്പത്തിക ശാസ്ത്രജ്ഞനും പത്രപ്രവര്‍ത്തകനും സാമൂഹിക ദാര്‍ശനികനും. 1839 സെപ്. 2-നു ഫിലാഡല്‍ഫിയയില്‍ ജനിച്ച ഹെന്റിക്ക് ഔപചാരിക വിദ്യാഭ്യാസം വേണ്ടത്ര ലഭിച്ചിരുന്നില്ല. പല തൊഴിലുകളിലും ഏര്‍പ്പെട്ടശേഷം 19-ാമത്തെ വയസ്സില്‍ ജോര്‍ജ് കാലിഫോര്‍ണിയയിലെത്തി. നാവികസേനയിലും പത്രപ്രവര്‍ത്തനരംഗത്തും പ്രവര്‍ത്തിച്ച ഹെന്റി, ചിന്തയും അനുഭവവുമാണ് ഏറ്റവും വലിയ അധ്യാപകര്‍ എന്നു വിശ്വസിച്ചു. 1879-ല്‍ പ്രസിദ്ധീകരിച്ച പ്രോഗ്രസ് ആന്‍ഡ് പോവര്‍ട്ടി (പുരോഗതിയും ദാരിദ്ര്യവും) ആണ് മുഖ്യകൃതി. ഒരിക്കല്‍ ന്യൂയോര്‍ക്കിലെത്തിയ ജോര്‍ജ് അവിടത്തെ ഭീമമായ സ്വത്തും നീചമായ ദാരിദ്യ്രവും ഒപ്പം കണ്ട് ഞെട്ടിത്തരിച്ചുപോയി. ഇതാണ് ഗ്രന്ഥരചനയ്ക്കു പ്രേരണയായത്. മിക്ക ലോകഭാഷകളിലും തര്‍ജുമ ചെയ്യപ്പെട്ടിട്ടുള്ള ഈ കൃതിയുടെ ലക്ഷക്കണക്കിനു പ്രതികള്‍ വിറ്റഴിഞ്ഞിട്ടുണ്ട്. സമ്പത്വിതരണത്തിന്റെ പ്രശ്നങ്ങള്‍ ചര്‍ച്ചചെയ്യുന്ന ഈ കൃതിയില്‍, ഫലഭൂയിഷ്ഠവും അനുയോജ്യവുമായ ഭൂമിയുടെ ഉടമസ്ഥാവകാശമാണ് ഏറ്റവും വലിയ വരുമാന സ്രോതസ് എന്നു ഹെന്റി വാദിക്കുന്നു. അദ്ദേഹത്തിന്റെ അഭിപ്രായത്തില്‍ സാമ്പത്തിക സ്തംഭനത്തിന്റെ അടിസ്ഥാന കാരണം ഭൂനികുതി പ്രശ്നമാണ്. വന്‍കിട ഭൂവുടമകളില്‍ നിന്നുമാത്രം നികുതി ഈടാക്കുകയാണ് പ്രശ്നപരിഹാരമെന്നും ഹെന്റി ജോര്‍ജ് നിര്‍ദേശിച്ചു. വിവാദപരമായ ഈ നികുതി നിര്‍ദേശം ഹെന്റിയെ പ്രശസ്തനാക്കി. സാമ്പത്തികശാസ്ത്രചരിത്രത്തില്‍ ഗണ്യമായ സ്വാധീനതയുളവാക്കാന്‍ കഴിഞ്ഞിട്ടില്ലെങ്കിലും, ഹെന്റിയുടെ ആശയങ്ങള്‍, ഭൂനികുതിയെക്കുറിച്ചുള്ള സിദ്ധാന്തങ്ങള്‍ ആവിഷ്കരിക്കുന്നതില്‍ പില്ക്കാല സാമ്പത്തിക ശാസ്ത്രജ്ഞരെ വളരെയേറെ സഹായിച്ചിട്ടുണ്ട്.