This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.
Reading Problems? see Enabling Malayalam
ജോണ്‍സ്, എസ്. (1910 - 97)
സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്
ജോണ്‍സ്, എസ്. (1910 - 97)
സമുദ്രജീവി ശാസ്ത്രജ്ഞന്‍. 1910 ആഗ. 22-നു കോവളത്ത് (തിരുവനന്തപുരം) ശാന്തപ്പന്‍ ജോണ്‍സ് ജനിച്ചു. തിരുവനന്തപുരം മഹാരാജാസ് കോളജ് ഒഫ് സയന്‍സില്‍ (ഇന്നത്തെ യൂണിവേഴ്സിറ്റി കോളജ്) നിന്ന് ഡിസ്റ്റിങ്ഷനോടെ ബിരുദം പൂര്‍ത്തിയാക്കിയ(1933)ശേഷം അവിടെത്തന്നെ ഗവേഷണത്തില്‍ ഏര്‍പ്പെട്ടു. ഇക്കാലത്ത് പൊന്നട്ടയെ ജന്തുശാസ്ത്രവര്‍ഗീകരണത്തില്‍ ഉള്‍പ്പെടുത്തി ശാസ്ത്രലോകത്തിന്റെ ശ്രദ്ധയാകര്‍ഷിച്ചു (പില്ക്കാലത്ത് ഇതിന് ജോണ്‍സ് പെല്‍ട്ടിസ് എന്ന സാങ്കേതിക സംജ്ഞ നല്കപ്പെട്ടു). തുടര്‍ന്ന് സമുദ്രമത്സ്യങ്ങളുടെ പ്രജനന-പരിപാലനങ്ങളെ സംബന്ധിച്ച പഠനങ്ങളുടെ അടിസ്ഥാനത്തില്‍ മദ്രാസ് സര്‍വകലാശാലയില്‍ നിന്ന് എം.എസ്സി. (1937), ഡി.എസ്സി. (1952) ബിരുദങ്ങള്‍ കരസ്ഥമാക്കി. ഇക്കാലത്തുതന്നെ ഇന്ത്യന്‍ മത്തി, ലക്ഷദ്വീപിലെ മത്സ്യങ്ങള്‍, ചൂര (tuna), സിയെര്‍, മാര്‍ലിന്‍ എന്നീ മത്സ്യ ഇനങ്ങളുടെ ശരീരവ്യൂഹപഠനവും നടത്തി. 1940-ല്‍ ജോണ്‍സ് വിവാഹിതനായി. ജോണ്‍സ്-എഡിത് ദമ്പതികള്‍ക്ക് മൂന്നു സന്താനങ്ങളുണ്ട്.
തിരുവിതാംകൂര്‍ സാങ്കേതികവകുപ്പിലെ കീട-ശാസ്ത്രജ്ഞനായി (Entomologist) 1937-ല്‍ ഔദ്യോഗിക ജീവിതമാരംഭിച്ച ജോണ്‍സ് 1947 മുതല്‍ 56 വരെ ബാരക്പൂരി (കല്‍ക്കത്ത)ലുള്ള കേന്ദ്ര ഉള്‍നാടന്‍ മത്സ്യഗവേഷണ സ്ഥാപനത്തിലെ (സെന്‍ട്രല്‍ ഇന്‍ലന്‍ഡ് ഫിഷറീസ് റിസര്‍ച് ഇന്‍സ്റ്റിറ്റ്യൂട്ട്) നദീമുഖ മത്സ്യവിഭാഗ (Estuarine Fisheries Division)ത്തിന്റെ മേലധികാരിയും ഗവേഷണകേന്ദ്രത്തിന്റെ മുഖ്യ ശാസ്ത്രജ്ഞനുമായി സേവനമനുഷ്ഠിച്ചു. പിന്നീട് കേന്ദ്ര സമുദ്രമത്സ്യഗവേഷണ സ്ഥാപനത്തില്‍ നിയമിതനായ ഇദ്ദേഹം കോഴിക്കോട്ട് മത്സ്യജീവശാസ്ത്ര വിഭാഗത്തിന്റെ മേലധികാരിയായും (1954-57) പിന്നീട് ഇന്‍സ്റ്റിറ്റ്യൂട്ടിന്റെ മണ്ഡപം കേന്ദ്രത്തില്‍ ഡയറക്ടറായും സേവനമനുഷ്ഠിച്ചു.
53-ാമത്തെ വയസ്സില്‍ (1963) ബാധിച്ച പിള്ളവാതം ജോണ്‍സിന്റെ ശരീരത്തിന്റെ ചലനശേഷിയെ ബാധിച്ചുവെങ്കിലും ഔദ്യോഗിക ജീവിതത്തെയോ ഗവേഷണത്തെയോ ബാധിച്ചില്ല. വീല്‍ചെയറില്‍ ലോകസഞ്ചാരം നടത്തി ഗവേഷണരംഗങ്ങളില്‍ മികവു തെളിയിച്ച ശാസ്ത്രജ്ഞന്‍ എന്ന ബഹുമതിയും ഇദ്ദേഹത്തിനുണ്ട്.
ഔദ്യോഗിക ജീവിതത്തില്‍ നിന്നു വിരമിച്ചശേഷം ഇദ്ദേഹം തന്റെ ഗവേഷണങ്ങളോടൊപ്പം സാമൂഹികസേവനവും ഉള്‍ക്കൊള്ളിച്ചു. 1974 മുതല്‍ മരണംവരെ ഇദ്ദേഹം പോളിയോ ഹോമിന്റെ ഡയറക്ടറായിരുന്നു.
മറൈന്‍ ബയോളജിക്കല്‍ അസോസിയേഷന്‍ ഒഫ് ഇന്ത്യയുടെ ഡയറക്ടര്‍, ഭക്ഷ്യകാര്‍ഷിക സംഘടനയുടെ കീഴിലുള്ള ആഗോള മത്സ്യശാസ്ത്രജ്ഞ സമിതിയംഗം (1964-70), തിരുവനന്തപുരം യൂണിവേഴ്സിറ്റി കോളജിലെ എമിററ്റസ് ശാസ്ത്രജ്ഞന്‍ (1970), ചൂര മത്സ്യങ്ങളെ സംബന്ധിച്ച അമേരിക്കന്‍ വിദഗ്ധ സമിതിയംഗം (1970), അന്താരാഷ്ട്രീയ തിമിംഗലവേട്ട കമ്മിഷന്‍ അംഗം (1974), ഇന്ത്യാസമുദ്ര സസ്തനി ചര്‍ച്ചാ (ശ്രീലങ്ക) സംഘാടകന്‍ (1983) എന്നീ നിലകളില്‍ ജോണ്‍സ് പ്രവര്‍ത്തിച്ചിട്ടുണ്ട്. യു.എന്‍., യു.എസ്., ജപ്പാന്‍ ചക്രവര്‍ത്തി, തിമിംഗല കമ്മിഷന്‍ എന്നിവരുടെ ക്ഷണം സ്വീകരിച്ച് ഇദ്ദേഹം വിദേശങ്ങള്‍ സന്ദര്‍ശിക്കുകയും ഗവേഷണ ചര്‍ച്ചകളില്‍ പങ്കെടുക്കുകയും ചെയ്തിരുന്നു.
ഇദ്ദേഹത്തിന്റെ ഗവേഷണങ്ങളെ പുരസ്കരിച്ച ഇന്ത്യന്‍ അക്കാദമി ഒഫ് സയന്‍സസ്, സുവോളജിക്കല്‍ സൊസൈറ്റി ഒഫ് ഇന്ത്യ, നാഷണല്‍ ജിയോഗ്രഫിക്കല്‍ സൊസൈറ്റി, മറൈന്‍ ബയോളജിക്കല്‍ അസോസിയേഷന്‍ ഒഫ് ഇന്ത്യ തുടങ്ങിയ ശാസ്ത്രസമിതികള്‍ ഇദ്ദേഹത്തിന് ഫെലോ പദവി നല്കി ആദരിച്ചു.
മറൈന്‍ ബയോളജിക്കല്‍ അസോസിയേഷന്‍ ഒഫ് ഇന്ത്യ സമ്മാനിച്ച ഫലകം (1985), അവരുടെ തന്നെ അനുമോദന ഫലകം (1987), നോര്‍വെ, കെനിയ എന്നിവിടങ്ങളില്‍ നടന്ന ശാസ്ത്രസമ്മേളനങ്ങളില്‍ നേടിയ അനുമോദനപത്രങ്ങള്‍ (1995), മാനവിക ക്ഷേമപ്രവര്‍ത്തനങ്ങള്‍ മുന്‍നിര്‍ത്തി തിരുവനന്തപുരം റോട്ടറി ക്ലബ്ബിന്റെ അവാര്‍ഡ് (1987), വികലാംഗക്ഷേമ ഫെഡറേഷന്റ് അവാര്‍ഡ് (1987), പോളിയോ ബാധിതരുടെ സ്വാശ്രയ ജീവിതപരിപാടികള്‍ക്കുള്ള യു.എസ്. അവാര്‍ഡ് (1989), വികലാംഗക്ഷേപ്രവര്‍ത്തനങ്ങള്‍ മുന്‍നിര്‍ത്തി ഏഴു സംഘടനകള്‍ ചേര്‍ന്നു സമ്മാനിച്ച പൊന്നാട (1994), തിരുവനന്തപുരം ആര്‍ച്ച് ബിഷപ്പ് ബനഡിക്ട് മാര്‍ഗ്രിഗോറിയോസിന്റെ അവാര്‍ഡ് (1995) എന്നിവ ഇദ്ദേഹത്തിനു ലഭിച്ച ബഹുമതികളില്‍പ്പെടുന്നു.
യു.എസ്., യു.കെ., കാനഡ, നോര്‍വെ, സ്വീഡന്‍, ഡന്മാര്‍ക്ക്, ജര്‍മനി, നെതല്‍ലന്‍ഡ്സ്, സ്വിറ്റ്സര്‍ലന്‍ഡ്, ആസ്റ്റ്രിയ, ഈജിപ്തി, സിംഗപ്പൂര്‍, മലേഷ്യ, മാന്‍മര്‍, ഹോങ്കോങ്, ജപ്പാന്‍, ആസ്റ്റ്രേലിയ, ശ്രീലങ്ക, ഫിലിപ്പൈന്‍സ്, കെനിയ തുടങ്ങിയ രാഷ്ട്രങ്ങള്‍ ഇദ്ദേഹം സന്ദര്‍ശിച്ചിട്ടുണ്ട്.
603 മത്സ്യയിനങ്ങളെ വിവരിക്കുന്ന ഫിഷസ് ഒഫ് ദ ലക്കഡീവ് ആര്‍ച്ചിപെലാഗോ (Fishes of the Laccadive Archipelago-1980); ബിബ്ലിയോഗ്രഫി ഒഫ് ദ ഇന്ത്യന്‍ ഓഷന്‍ (Bibliography of the Indian Ocean-1971) എന്നീ പ്രമുഖഗ്രന്ഥങ്ങളെ കൂടാതെ 170-ലധികം ഗവേഷണപ്രബന്ധങ്ങളും ഇദ്ദേഹം രചിച്ചിട്ടുണ്ട്. ഭൂമിശാസ്ത്രം, ചരിത്രം, പുരാണം, വിശ്വാസപ്രമാണങ്ങള്‍ എന്നിവയിലും ഇദ്ദേഹം അവഗാഹം നേടിയിരുന്നു. 1997 ജനു. 9-ന് ഇദ്ദേഹം തിരുവനന്തപുരത്ത് അന്തരിച്ചു.
(പ്രൊഫ. എം. സ്റ്റീഫന്‍; സ.പ.)