This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

ജേഠ്മല്‍ പരശുറാം (1886 - 1948)

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

19:05, 12 ഫെബ്രുവരി 2016-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Technoworld (സംവാദം | സംഭാവനകള്‍)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)

ജേഠ്മല്‍ പരശുറാം (1886 - 1948)

സിന്ധി സാഹിത്യകാരന്‍. കറാച്ചിയിലെ ഒരു ഹിന്ദു കുടുംബത്തില്‍ 1886-ല്‍ ജനിച്ചു. വിദ്യാഭ്യാസത്തിനുശേഷം അവിടെയുള്ള ന്യൂ ഹൈസ്കൂളില്‍ അധ്യാപകനായി ജേഠ്മല്‍ സേവനമനുഷ്ഠിച്ചു. പില്ക്കാലത്ത് സിന്ധിസാഹിത് സൊസൈറ്റി പ്രസിദ്ധീകരിച്ച മാസികയുടെ എഡിറ്ററായി. മതം, കവിത എന്നീ വിഷയങ്ങളില്‍ അവഗാഹം നേടിയ ജേഠ്മല്‍ അനേകം ഉപന്യാസങ്ങളും കഥകളും പ്രസിദ്ധീകരിച്ചു. ഇദ്ദേഹത്തിന്റെ പത്രപ്രവര്‍ത്തനവൈദഗ്ധ്യം മനസ്സിലാക്കിയ ഏതാനും സ്വാതന്ത്യ്രസമരസേനാനികള്‍ ഹിന്ദ് വാസി (1911) എന്ന പേരില്‍ ഒരു പത്രം ആരംഭിക്കുകയും ജേഠ്മലിനെ അതിന്റെ പത്രാധിപരായി അവരോധിക്കുകയും ചെയ്തു. ജയില്‍വാസക്കാലത്തെ അനുഭവങ്ങള്‍ ആധാരമാക്കി ഇദ്ദേഹം രചിച്ച പില്‍ഗ്രിമേജ് ടു പ്രിസണ്‍ എന്ന ഗ്രന്ഥം ഏറെ പ്രചാരം നേടി.

മഹാത്മാഗാന്ധിയുടെ നിസ്സഹകരണ പ്രസ്ഥാനത്തെയും ഖിലാഫത്ത് പ്രസ്ഥാനത്തെയും പരസ്യമായി വിമര്‍ശിച്ച ജേഠ്മല്‍ ആനിബസന്റിന്റെ ആരാധകനായിരുന്നു. ഇക്കാരണത്താല്‍ രാഷ്ട്രീയ സാമൂഹിക രംഗങ്ങളില്‍ ഏറെ ശോഭിക്കാന്‍ ഇദ്ദേഹത്തിനു കഴിഞ്ഞില്ല. നിസ്സഹകരണപ്രസ്ഥാനം നിരാശനായ ഒരു രാഷ്ട്രീയ നേതാവിന്റെ പമ്പരവിഡ്ഢിത്തമാണെന്നു ജേഠ്മല്‍ ഉറക്കെ പ്രഖ്യാപിച്ചു.

ഹിന്ദ്വാസി എന്ന പത്രത്തെ ജേഠ്മല്‍ പില്ക്കാലത്ത് ഭാരത് വാസി (1921) എന്ന വാരികയാക്കി. ന്യൂസിന്ധി ലൈബ്രറി എന്ന പേരില്‍ പുതിയ ഒരു പ്രസിദ്ധീകരണ സ്ഥാപനം ആരംഭിക്കുകയും അനേകം ഈശ്വരജ്ഞാനഗ്രന്ഥങ്ങളും വിദേശ ക്ളാസിക് ഗ്രന്ഥങ്ങളുടെ പരിഭാഷകളും പ്രസിദ്ധീകരിക്കുകയും ചെയ്തു. സാമ്യവാദ് എന്ന ഗ്രന്ഥത്തില്‍ ഫേബിയന്‍ സോഷ്യലിസത്തോടുള്ള ഇദ്ദേഹത്തിന്റെ ആഭിമുഖ്യം പ്രകടമാണ്. സൂഫിസത്തില്‍ അതീവ താത്പര്യം പ്രദര്‍ശിപ്പിച്ചിരുന്ന ജേഠ്മല്‍ സൂഫീസ് ഒഫ് സിന്ധ് എന്ന പേരില്‍ ഒരു ഇംഗ്ലീഷ് ഗ്രന്ഥവും രചിക്കുകയുണ്ടായി. സൂഫികള്‍ക്കിടയില്‍ ഏറെ പ്രചാരം നേടിയ ഗ്രന്ഥമാണിത്. 1948-ല്‍ ഇദ്ദേഹം അന്തരിച്ചു.

താളിന്റെ അനുബന്ധങ്ങള്‍
സ്വകാര്യതാളുകള്‍