This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

ജിമ്മി ജോര്‍ജ് (1955 - 87)

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

ജിമ്മി ജോര്‍ജ് (1955 - 87)

ജിമ്മി ജോര്‍ജ്

കേരളീയ വോളിബോള്‍ താരം. കണ്ണൂര്‍ ജില്ലയിലെ പേരാവൂരില്‍ അഡ്വ. ജോര്‍ജ് ജോസഫിന്റെയും മേരിയുടെയും രണ്ടാമത്തെ പുത്രനായി 1955 മാ. 8-ന് ജനിച്ചു. ഹൈസ്കൂള്‍ വിദ്യാഭ്യാസ കാലത്തു തന്നെ ജിമ്മി വോളിബോളില്‍ പ്രാഗല്ഭ്യം കാട്ടിയിരുന്നു. പിതാവു തന്നെയായിരുന്നു ഇദ്ദേഹത്തിന്റെയും മറ്റ് ഒന്‍പതു സഹോദരങ്ങളുടെയും ഗുരു. ദേവഗിരി സെന്റ് ജോസഫ്സ് കോളജിലെ പഠനകാലത്ത് അന്തര്‍സര്‍വകലാശാലാമത്സരങ്ങളില്‍ കാലിക്കട്ട് സര്‍വകലാശാലയുടെ മാച്ച് വിന്നറായി. പിന്നീട് പാലാ സെന്റ് തോമസ് കോളജിലേക്ക് വിദ്യാഭ്യാസം മാറ്റിയപ്പോള്‍ നാലു തവണ കേരള സര്‍വകലാശാലയെ അഖിലേന്ത്യാ വിജയത്തിലേക്കു നയിച്ചു. മെഡിക്കല്‍ കോളജില്‍ സീറ്റ് നേടിയെങ്കിലും പഠനം പൂര്‍ത്തിയാക്കാതെ കായികരംഗത്ത് ശ്രദ്ധ കേന്ദ്രീകരിച്ചു. നീന്തലിലും അത്ല്റ്റിക്സിലും വിദഗ്ധനായിരുന്ന ജിമ്മി കാലിക്കട്ട് സര്‍വകലാശാലയില്‍ നീന്തല്‍ ചാമ്പ്യനുമായിരുന്നു.

1971 മുതല്‍ എട്ടുവര്‍ഷം കേരളാ സ്റ്റേറ്റ് വോളിബോള്‍ ടീമില്‍ അംഗമായിരുന്ന ജിമ്മി ടെഹ്റാന്‍ ഏഷ്യന്‍ ഗെയിംസിലും (1974) ബാങ്കോക്ക് ഏഷ്യാഡിലും പങ്കെടുത്തു. ഏറ്റവും മികച്ച സ്റ്റാന്‍ഡിങ് അറ്റാക്കറായിരുന്നു ജിമ്മി (1979). 1976-ല്‍ അര്‍ജുന അവാര്‍ഡ് നല്കി ഇന്ത്യാഗവണ്‍മെന്റ് ജിമ്മിയെ ആദരിച്ചു.

ഗള്‍ഫിലേക്കും പിന്നീട് ഇറ്റലിയിലേക്കും പോയ ജിമ്മി വിദേശത്തു നിരവധി ആരാധകരെ സൃഷ്ടിച്ചു. ഇറ്റലിയിലെ ഏറ്റവും മികച്ച വോളിബോള്‍ താരമായി ജിമ്മി തെരഞ്ഞെടുക്കപ്പെട്ടിട്ടുണ്ട്.

കേരളത്തില്‍ വോളിബോളിനു ജനപ്രീതി നേടിക്കൊടുക്കുന്നതില്‍ ജിമ്മി വഹിച്ച പങ്ക് അതുല്യമാണ്. കേരളാ പൊലീസ് ടീമിന്റെ നിരവധി വിജയങ്ങളില്‍ പങ്കാളിയായിരുന്ന ജിമ്മി ഡി.വൈ.എസ്.പി. റാങ്ക് വരെ ഉയര്‍ന്നു. ജിമ്മിയുടെ മൂത്ത സഹോദരന്‍ ജോസ് ജോര്‍ജും അനുജന്‍ സെബാസ്റ്റ്യനും ഇന്ത്യയ്ക്കുവേണ്ടി വോളിബോള്‍ കളിച്ചിട്ടുണ്ട്. ബൈജു, മാത്യു, സ്റ്റാന്‍ലി, വിന്‍സ്റ്റന്‍ എന്നീ സഹോദരന്മാര്‍ സംസ്ഥാന ടീം അംഗങ്ങളാണ്. ജിമ്മിയും സഹോദരന്മാരും അടങ്ങുന്ന ജോര്‍ജ് ബ്രദേഴ്സ് ടീം പേരാവൂരില്‍ നടന്ന ഒരു മത്സരത്തില്‍ കേരള ഇലവനെ തോല്പിച്ച ചരിത്രവുമുണ്ട്. ജിമ്മിയുടെ രണ്ടു സഹോദരിമാരും കായികരംഗത്തു പ്രശസ്തരാണ്.

വോളിബോള്‍ കോര്‍ട്ടിലെ തീ പാറുന്ന സ്മാഷുകളില്‍ മാത്രം ഒതുങ്ങുന്നതായിരുന്നില്ല ജിമ്മിയുടെ ജീവിതം. ഒരു നല്ല വായനക്കാരന്‍ കൂടിയായിരുന്ന ജിമ്മിയുടെ പ്രധാന ഹോബി ഗാര്‍ഡനിങ് ആയിരുന്നു. ശാസ്ത്രീയ സംഗീതത്തിലും പാരാസൈക്കോളജിയിലും ജിമ്മി ആകൃഷ്ടനായിരുന്നു.

ഇറ്റലിയില്‍ ഒരു വാഹനാപകടത്തില്‍ 1987 ന. 30-ന് ജിമ്മി ജോര്‍ജ് അന്തരിച്ചു. കേരള സര്‍ക്കാര്‍ തിരുവനന്തപുരത്തു നിര്‍മിച്ച ഇന്‍ഡോര്‍ സ്റ്റേഡിയത്തിന് ജിമ്മിയുടെ സ്മരണാര്‍ഥം 'ജിമ്മി ജോര്‍ജ് ഇന്‍ഡോര്‍ സ്റ്റേഡിയം' എന്നു പേരു നല്കി; ജിമ്മി സ്മാരക എവര്‍ റോളിങ് ട്രോഫിയും ഏര്‍പ്പെടുത്തി.

ഇറ്റലിയിലും ഇദ്ദേഹത്തിന്റെ സ്മരണയ്ക്കായി ഒരു സ്റ്റേഡിയം നിര്‍മിക്കുകയും വോളിബോള്‍ ടൂര്‍ണമെന്റ് ഏര്‍പ്പെടുത്തുകയും ചെയ്തിട്ടുണ്ട്.

താളിന്റെ അനുബന്ധങ്ങള്‍
സ്വകാര്യതാളുകള്‍