This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.
Reading Problems? see Enabling Malayalam
ജായസി, മലിക് മുഹമ്മദ് (സു. 1477 - 1542)
സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്
ജായസി, മലിക് മുഹമ്മദ് (സു. 1477 - 1542)
സൂഫി കവി. ജായസ് എന്ന സ്ഥലവുമായി ബന്ധപ്പെട്ടതാണ് നാമധേയം. പ്രസിദ്ധ സൂഫി സന്ന്യാസിയായ മുഹിയുദ്ദീന്റെ ശിഷ്യനായിരുന്ന ഇദ്ദേഹത്തിന്റെ ജീവിതകാലം 1477-നും 1542-നും ഇടയ്ക്കായിരുന്നു എന്ന് അനുമാനിക്കപ്പെടുന്നു. ആഖിരീകലാം എന്ന സ്വകൃതിയിലെ പരാമര്‍ശമാണ് ഇതിനുള്ള മുഖ്യ ആധാരം.
പൂര്‍വ-മധ്യകാല ഹിന്ദികവിതയിലെ ഭക്തിപ്രസ്ഥാനത്തിലുള്‍പ്പെട്ട പ്രേമാശ്രയി ശാഖയിലെ ഏറ്റവും പ്രമുഖ കവിയാണ് ജായസി. ഒരു കല്പിത കഥയിലൂടെ ഈശ്വരനെയും ഈശ്വരസാക്ഷാത്കാരത്തിനായുള്ള മാര്‍ഗങ്ങളെയും പ്രതീകാത്മകമായി വര്‍ണിക്കുകയാണ് പ്രേമാശ്രയി ശാഖയുടെ രീതി. ഭക്തിമാര്‍ഗത്തിലെ സവിശേഷധാരയായ നിര്‍ഗുണോപാസനയില്‍ നിന്നും പ്രവഹിക്കുന്ന ഒരു കാവ്യശാഖയാണിത്. ജ്ഞാനാശ്രയി ശാഖയാണ് മറ്റൊന്ന്. കബീറിന ജ്ഞാനാശ്രയിയിലുള്ളതിനു സമാനമായ സ്ഥാനമാണ് ജായസിക്ക് പ്രേമാശ്രയി ശാഖയിലുള്ളത്.
സൂഫി യോഗാത്മകദര്‍ശനമാണ് ജായസിയുടെ കാവ്യപ്രപഞ്ചത്തിന്റെ അടിത്തറ. അതു ജീവാത്മാവിനെ കാമുകിയായും പരമാത്മാവിനെ കാമുകനായും കാണുന്നു. അകളങ്കമായ സ്നേഹമാണ് പരമാത്മപദത്തില്‍ വിലയിക്കാനുള്ള മാര്‍ഗമായി അതു മുന്നോട്ടു വയ്ക്കുന്നത്. പ്രേമഭരിതമായ ഈ ഭക്തി ഭാവ സങ്കല്പത്തില്‍ കോര്‍ത്തെടുത്തവയാണ് ജായസിയുടെ കൃതികള്‍. ലൌകിക പ്രേമത്തിലൂടെ അലൌകികപ്രേമം ആവിഷ്കരിക്കുന്ന സൂഫി ഭക്തികാവ്യശൈലിയുടെ കൊടുമുടിയാണ് ജായസിയുടെ കാവ്യഭാവന പ്രത്യക്ഷപ്പെടുത്തിയിട്ടുള്ളത്.
ജായസിയുടെ ഏറ്റവും മികച്ച രചനയാണ് പദ്മാവത് എന്ന കാവ്യം. ഹിന്ദി കവിതയിലെ പ്രേമാശ്രയി ശാഖയുടെ 'താഴികക്കൂടം' എന്നു വിശേഷിപ്പിക്കപ്പെട്ടിട്ടുള്ള ഈ കാവ്യം കെട്ടുകഥകളുടെയും ചരിത്രത്തിന്റെയും മനോഹരമായൊരു സംയോഗം കൂടിയാണ്:
ഇതിവൃത്തത്തിനെക്കാളേറെ സമീനപത്തിന്റെ സവിശേഷതയാണ് ഈ കാവ്യത്തിന്റെ മഹത്വത്തിനാധാരം. രത്നസേന-പദ്മാവതിമാര്‍ ജീവത്യാഗത്തിലൂടെ വിശുദ്ധമായ പ്രണയസാക്ഷാത്കാരത്തെ പുണരുന്നതായുള്ള അന്ത്യം തന്നെ ഒരുദാഹരണമാണ്.
ജായസി ഇരുപത്തിയഞ്ചോളം കൃതികള്‍ രചിച്ചിട്ടുണ്ടെന്നതിനു തെളിവുകളുണ്ട്. എന്നാല്‍ ആറെണ്ണം മാത്രമേ ലഭിച്ചിട്ടുള്ളൂ. പദ്മാവതിനു പുറമെയുള്ള രചനകള്‍ ഇവയാണ്-ആഖിരീകലാം, അഖരാവട്, കഹരനാമ, മാസ്ലനാമ, ചിത്രലേഖ.
അഖരാവട് അക്ഷരമാലയിലെ ഓരോ അക്ഷരവും യഥാക്രമം സ്വീകരിച്ച് തത്ത്വചിന്തകള്‍ ആവിഷ്കരിക്കുന്ന കാവ്യമാണ്. ഖുര്‍ആനിലെ തത്ത്വവിചിന്തനങ്ങള്‍ ഇതില്‍ സരളമായി പുനരാവിഷ്കരിച്ചിരിക്കുന്നു. ആഖിരീകലാം ബാബര്‍ ചക്രവര്‍ത്തിയുടെ അപദാനകീര്‍ത്തനാണ്. ചിത്രലേഖാ രാജ്ഞിയുടെയും പ്രീതംസിംഗിന്റെയും പ്രണയമാണ് �ചിത്രലേഖാ കാവ്യത്തിലെ ഇതിവൃത്തം.
ഹിന്ദി ഭക്തിപ്രസ്ഥാനത്തില്‍ കബീര്‍, തുളസിദാസ്, മീര, സൂര്‍ദാസ് എന്നിവര്‍ക്കുള്ളതുപോലെ തന്നെ ശാശ്വതമായ ഒരിടം ജായസിക്കുമുണ്ട്. ജായസിയുടെ കാവ്യവിഷയങ്ങള്‍ 'ലൌകിക'ങ്ങളായിരുന്നതിനാല്‍ അദ്ദേഹത്തിന്റെ കാവ്യങ്ങള്‍ ഹൃദയത്തോട് അടുത്തു നില്ക്കുന്നവയണ്; സൗന്ദര്യപൂര്‍ണിമയുടെ നിദര്‍ശനങ്ങളും. എന്നാല്‍ സൗന്ദര്യോപാസകനായ ഈ കാവ്യപ്രതിഭ ബധിരനും വിരൂപനും ആയിരുന്നു. ജീവിതാന്ത്യത്തില്‍ ജായസി വനവാസം സ്വീകരിക്കുകയാണുണ്ടായത്. ഏകാന്തമായ കാനനവാസത്തിനിടയിലെപ്പോഴോ ആയിരുന്നു ഈ 'സ്നേഹഗായക'ന്റെ അന്ത്യം.