This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

ജവാഹര്‍ലാല്‍ നെഹ്റു സര്‍വകലാശാല

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

ജവാഹര്‍ലാല്‍ നെഹ്റു സര്‍വകലാശാല

പണ്ഡിറ്റ് ജവാഹര്‍ലാല്‍ നെഹ്റുവിന്റെ സ്മരണയ്ക്കായി ന്യൂ ഡല്‍ഹിയില്‍ സ്ഥാപിച്ചിട്ടുള്ള ഒരു അഫിലിയേറ്റിങ് സര്‍വകലാശാല. കേന്ദ്രസര്‍വകലാശാലകളില്‍ ഒന്നായ ഇതിന് ഇന്ത്യയിലാകമാനം അധികാരപരിധിയുണ്ട്. ജെ.എന്‍.യു (JNU) എന്ന ചുരുക്കപ്പേരില്‍ അറിയപ്പെടുന്ന ഈ സര്‍വകലാശാല അസോസിയേഷന്‍ ഒഫ് ഇന്ത്യന്‍ യൂണിവേഴ്സിറ്റീസ് (AIU), അസോസിയേഷന്‍ ഒഫ് കോമണ്‍വെല്‍ത്ത് യൂണിവേഴ്സിറ്റീസ് (ACU), ഇന്റര്‍നാഷണല്‍ അസോസിയേഷന്‍ ഒഫ് യൂണിവേഴ്സിറ്റീസ് (IAU) എന്നീ സംഘടനകളില്‍ അംഗമാണ്. ഭാരതത്തിന്റെ അഖണ്ഡതയ്ക്കും സമഗ്രവികസനത്തിനും വേണ്ടി നെഹ്റു മുറുകെപിടിച്ചിരുന്ന ആശയങ്ങളായ ദേശീയോദ്ഗ്രഥനം, സാമൂഹികനീതി, മതേതരത്വം, അന്താരാഷ്ട്ര ധാരണ, സാമൂഹിക പ്രശ്നങ്ങളെക്കുറിച്ചുള്ള ശാസ്ത്രീയ വീക്ഷണം, ജനായത്ത ജീവിതശൈലി എന്നിവ പ്രചരിപ്പിക്കുകയാണ് ജെ.എന്‍.യുവിന്റെ മുഖ്യലക്ഷ്യം. വിദേശഭാഷകളുടെയും സാഹിത്യത്തിന്റെയും പഠനം പ്രോത്സാഹിപ്പിക്കുക, വിദേശരാജ്യങ്ങളിലെ അധ്യാപകര്‍ക്കും വിദ്യാര്‍ഥികള്‍ക്കും അക്കാദമിക് പ്രവര്‍ത്തനങ്ങളില്‍ പങ്കുകൊള്ളാന്‍ അവസരം നല്കുക എന്നിവയും സര്‍വകലാശാലയുടെ പ്രധാന ലക്ഷ്യങ്ങളില്‍ ഉള്‍പ്പെടുന്നു.

ജവാഹര്‍ലാല്‍ നെഹ്റു സര്‍വകലാശാല

ബിരുദാനന്തരപഠനത്തിനും ഗവേഷണത്തിനും പ്രാധാന്യം നല്കുന്ന അക്കാദമിക് പ്രവര്‍ത്തനം വ്യത്യസ്ത സ്കൂളുകളിലും സെന്ററുകളിലുമായി സംവിധാനം ചെയ്തിരിക്കുന്നു. കംപ്യൂട്ടര്‍ ആന്‍ഡ് സിസ്റ്റംസ് സയന്‍സസ്, എന്‍വൈണ്‍മെന്റല്‍ സയന്‍സസ്, ഇന്റര്‍നാഷണല്‍ സ്റ്റഡീസ്, ലൈഫ് സയന്‍സസ്, ലാങ്ഗ്വേജസ്, സോഷ്യല്‍ സയന്‍സസ്, ആര്‍ട്സ് ആന്‍ഡ് എസ്തറ്റിക്സ്, ഫിസിക്കല്‍ സയന്‍സസ്, ബയോടെക്നോളജി, നാനോസയന്‍സ്, മോളിക്കുലാര്‍ മെഡിസിന്‍ തുടങ്ങി വൈവിധ്യമാര്‍ന്ന വിഷയങ്ങളില്‍ ഇവിടെ പഠനം നടക്കുന്നു.

ദേശീയ പ്രാധാന്യമുള്ള പല പ്രമുഖ വിദ്യാഭ്യാസ സ്ഥാപനങ്ങളും ഈ സര്‍വകലാശാലയോട് അഫിലിയേറ്റ് ചെയ്തിട്ടുണ്ട്. ആര്‍മി കേഡറ്റ് കോളജ്, ഡെറാഡൂണ്‍; ഭാഭാ ആറ്റോമിക് റിസര്‍ച്ച് സെന്റര്‍, ട്രോംബെ; സെന്റര്‍ ഫോര്‍ ഡെവലപ്മെന്റ് സ്റ്റഡീസ്, തിരുവനന്തപുരം; നാഷണല്‍ ഡിഫന്‍സ് അക്കാദമി, പൂണെ; കോളജ് ഒഫ് മിലിട്ടറി എന്‍ജിനീയറിങ് പൂണെ; മിലിട്ടറി കോളജ് ഒഫ് ഇലക്ട്രോണിക്സ് ആന്‍ഡ് മെക്കാനിക്കല്‍ എന്‍ജിനീയറിങ്, സിക്കന്തരാബാദ്; മിലിട്ടറി കോളജ് ഒഫ് ടെലികമ്യൂണിക്കേഷന്‍സ് എന്‍ജിനീയറിങ്, മൗവ്; നേവല്‍ കോളജ് ഒഫ് എന്‍ജിനീയറിങ്, ലോനാവാലാ; നാഷണല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഒഫ് ഇമ്യൂണോളജി, ന്യൂഡല്‍ഹി എന്നിവ പ്രമുഖങ്ങളാണ്.

വിദേശ സര്‍വകലാശാലകളുമായുള്ള സാംസ്കാരിക പരിപാടികള്‍ക്കും ജെ.എന്‍.യു. പ്രാധാന്യം നല്കുന്നു. അന്താരാഷ്ട്ര സമ്പര്‍ക്കം, മേഖലാ പഠനം എന്നിവയ്ക്കായി പ്രൊഫ. അപ്പാദുരൈ ചെയറും ഡോ. അംബേദ്കറുടെ ആശയങ്ങള്‍ പ്രചരിപ്പിക്കുന്നതിനായി ഡോ. അംബേദ്കര്‍ ചെയറും ഏര്‍പ്പെടുത്തിയിട്ടുണ്ട്. ജെ.എന്‍.യു. ന്യൂസ് എന്ന മാസിക സര്‍വകലാശാലയുടെ പ്രസിദ്ധീകരണമാണ്. സ്കൂള്‍ ഒഫ് ഇന്റര്‍നാഷണല്‍ സ്റ്റഡീസിന്റെ ത്രൈമാസിക ഇന്റര്‍നാഷണല്‍ സ്റ്റഡീസ് മറ്റൊരു മികച്ച പ്രസിദ്ധീകരണമാണ്.

അഖിലേന്ത്യാടിസ്ഥാനത്തില്‍ നടത്തുന്ന പ്രവേശന പരീക്ഷയുടെ അടിസ്ഥാനത്തിലാണ് സര്‍വകലാശാലയുടെ വിവിധ കോഴ്സുകളില്‍ പ്രവേശനം നല്കുന്നത്; 22.5 ശ.മാ. സീറ്റുകള്‍ പട്ടികജാതി പട്ടിക വര്‍ഗക്കാര്‍ക്കും 3 ശ.മാ. സീറ്റുകള്‍ വികലാംഗര്‍ക്കും സംവരണം ചെയ്തിട്ടുണ്ട്. ജൂല. 22-ന് ആരംഭിച്ച് ഡി. 5-ന് അവസാനിക്കുന്ന മണ്‍സൂണ്‍ സെമസ്റ്ററും ജനു. 6-ന് ആരംഭിച്ച് മേയ് 12-ന് അവസാനിക്കുന്ന ശൈത്യ സെമസ്റ്ററും ചേര്‍ന്നതാണ് ഒരു അധ്യയന വര്‍ഷം. വിദ്യാര്‍ഥികള്‍ക്കുവേണ്ടി ആരോഗ്യകേന്ദ്രം, സാംസ്കാരിക ക്ളബ്ബുകള്‍, സ്പോര്‍ട്സ് ക്ളബ്ബുകള്‍, നാഷണല്‍ സര്‍വീസ് സ്കീം (NSS), തൊഴില്‍ കാര്യാലയം എന്നിവയും സര്‍വകലാശാലയില്‍ പ്രവര്‍ത്തിക്കുന്നുണ്ട്.

1969-ല്‍ ചെറിയ പുസ്തകശേഖരവുമായി ആരംഭിച്ച ജെ.എന്‍.യു. ഗ്രന്ഥശാല ഇന്നു രാജ്യത്തെ പ്രമുഖ ഗ്രന്ഥശാലയാണ്. പ്രതിവര്‍ഷം ഏതാണ്ട് 2000 കാലിക പ്രസിദ്ധീകരണങ്ങള്‍ കൈപ്പറ്റുന്ന ഈ ഗ്രന്ഥശാലയില്‍ അഞ്ച് ലക്ഷത്തോളം പുസ്തകങ്ങളുണ്ട്. ശ്രീലങ്കയിലെ കൊളംബോ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന 'ഡെവലപ്മെന്റ് ഇന്‍ഫര്‍മേഷന്‍ നെറ്റ്വര്‍ക്ക് ഫോര്‍ സൗത്ത് ഏഷ്യ (DEVINSA)യുടെ ഭാരതീയ കേന്ദ്രമായി പ്രവര്‍ത്തിക്കുന്നത് ജെ.എന്‍.യു. ഗ്രന്ഥശാലയാണ്. പ്രത്യേക വിഷയങ്ങളുടെ ഗ്രന്ഥസൂചികള്‍ ഈ ഗ്രന്ഥശാല പ്രസിദ്ധീകരിക്കാറുണ്ട്.

യൂണിവേഴ്സിറ്റി കോര്‍ട്ട്, എക്സിക്യൂട്ടീവ് കൗണ്‍സില്‍, അക്കാദമിക് കൗണ്‍സില്‍, പ്രത്യേക കമ്മിറ്റികള്‍ എന്നിവയാണ് സര്‍വകലാശാലാഭരണം നിര്‍വഹിക്കുന്നത്. ഭരണത്തില്‍ പരമാധികാരമുള്ളത് യൂണിവേഴ്സിറ്റി കോര്‍ട്ടിനാണ്. സര്‍വകലാശാലയുടെ പൊതുഭരണത്തിന്റെ ചുമതല എക്സിക്യൂട്ടീവ് കൗണ്‍സിലില്‍ നിക്ഷിപ്തമാണ്. പാഠ്യപദ്ധതികളെക്കുറിച്ചു തീരുമാനിക്കുവാന്‍ അക്കാദമിക് കൗണ്‍സിലിനു പൂര്‍ണ സ്വാതന്ത്ര്യമുണ്ട്.

പരമ്പരാഗതമല്ലാത്ത മേഖലകളില്‍ അധ്യയനത്തിനും ഗവേഷണത്തിനും പ്രാധാന്യം നല്കുന്നതിനാല്‍ മറ്റു സര്‍വകലാശാലകളിലെ പാഠ്യപദ്ധതികളുടെ ആവര്‍ത്തനം ഒരു പരിധിവരെ ഒഴിവാക്കാന്‍ ജെ.എന്‍.യു.വിനു കഴിയുന്നു.

താളിന്റെ അനുബന്ധങ്ങള്‍
സ്വകാര്യതാളുകള്‍