This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

ജറബോം I (ബി.സി. 922-901)

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

ജറബോം I (ബി.സി. 922-901)

ഉത്തര ഇസ്രയേല്‍ രാജ്യത്തിന്റെ ആദ്യത്തെ രാജാവ് (സോളമന്‍ രാജാവ് മരിച്ചതിനുശേഷം പുരാതന ഇസ്രയേല്‍ രണ്ടായി വിഭജിക്കപ്പെട്ടു; ദക്ഷിണ ഇസ്രയേലും ഉത്തര ഇസ്രയേലും).

സോളമന്‍ രാജാവിന്റെ വിശ്വസ്തനായിരുന്ന ജറബോം പില്ക്കാലത്ത് അദ്ദേഹത്തെ പുറത്താക്കാനുള്ള പദ്ധതിക്ക് രൂപരേഖ തയ്യാറാക്കിയതോടെ രാജാവിന്റെ രോഷത്തിന് പാത്രമായി. അപ്പോള്‍ ജറബോമിന് ഈജിപ്തിലേക്ക് പലായനം ചെയ്യേണ്ടിവന്നു. സോളമന്റെ മരണത്തെത്തുടര്‍ന്ന് ഇസ്രയേലില്‍ തിരിച്ചെത്തിയ ജറബോം സോളമന്റെ പുത്രനായ റെഹോബോമിനെതിരെ വടക്കന്‍ ഗോത്രങ്ങളെ അണിനിരത്തി. റെഹോബോമിനോട് കൂറുപുലര്‍ത്താന്‍ വിസമ്മതിച്ച പത്ത് വടക്കന്‍ ഗോത്രങ്ങള്‍ ദാവീദ് രാജവംശത്തില്‍നിന്ന് വേര്‍പിരിഞ്ഞ് പുതിയ ഒരു സാമ്രാജ്യം പടുത്തുയര്‍ത്തി. ജോര്‍ദാന്‍ നദിക്ക് കിഴക്കും ജറുസലേമിന് വടക്കുമായി സ്ഥിതിചെയ്യുന്ന പ്രദേശങ്ങള്‍ ഉള്‍ക്കൊണ്ട ഈ പുതിയ 'വടക്കന്‍ ഇസ്രയേല്‍ രാജ്യ'ത്തിന്റെ ആദ്യരാജാവായി ഇവര്‍ ജറബോമിനെ തെരഞ്ഞെടുത്തു. ഈ ഉത്തര രാജ്യവും ദാവീദ് രാജവംശത്തിന്റെ ഭരണത്തിന്‍കീഴിലായിരുന്ന ദക്ഷിണ ജൂഡായും നിരന്തരം യുദ്ധത്തിലേര്‍പ്പെട്ടിരുന്നു. ഷെച്ചെന്‍ തലസ്ഥാനമാക്കിയ ജറബോം ഡാന്‍, ബെഥേല്‍ എന്നിവിടങ്ങളെ ജറുസലേമിനെ വെല്ലുന്ന ആരാധനാകേന്ദ്രങ്ങളാക്കി മാറ്റി. സുവര്‍ണഗോക്കളായിരുന്നു ഇവിടത്തെ പ്രതിഷ്ഠകള്‍. ഇത് വിഗ്രഹാരാധനയായാണ് ബൈബിള്‍ ചിത്രീകരിച്ചത്. യിസ്രായേല്‍ മക്കളുടെ വിശ്വാസ പ്രമാണങ്ങള്‍ക്കെതിരായിരുന്നു ഈ ആരാധനാരീതി.

ബി.സി. 901-ല്‍ ജറബോം മരിച്ചപ്പോള്‍ പുത്രന്‍ നാദാബ് രാജാവായി.

താളിന്റെ അനുബന്ധങ്ങള്‍
സ്വകാര്യതാളുകള്‍