This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

ജയസൂര്യ, സനത് (1969 - )

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

ജയസൂര്യ, സനത് (1969 - )

സനത് ജയസൂര്യ

ശ്രീലങ്കന്‍ ക്രിക്കറ്റ് താരം. മത്സ്യബന്ധന നഗരമായ മട്ടാരയില്‍ 1969 ജൂണ്‍ 30-ന് ജനിച്ചു. സനത് തെരന്‍ ജയസൂര്യ എന്ന് പൂര്‍ണനാമം. ക്രിക്കറ്റ് കമ്പക്കാരായ അമ്മാവന്മാരാണ് ജയസൂര്യയെ ക്രിക്കറ്റിന്റെ ബാലപാഠങ്ങള്‍ അഭ്യസിപ്പിച്ചത്. സെന്റ് സെര്‍വേഷ്യസ് സ്കൂളില്‍ വിദ്യാര്‍ഥിയായിരിക്കെ ഒമ്പതാമത്തെ വയസ്സില്‍ ജയസൂര്യ ലയണല്‍ വാസിംഗയുടെ ശിഷ്യനായി. എണ്‍പതുകളുടെ അവസാനം ജയസൂര്യ കൊളംബോയിലെത്തി ബ്ളൂംഫീല്‍ഡ് ക്ലബില്‍ കളിച്ചു തുടങ്ങി. 1988-ല്‍ യൂത്ത് ലോക കപ്പ് മത്സരങ്ങള്‍ക്ക് ആസ്റ്റ്രേലിയയിലും പിന്നീട് എ ടീമിനോടൊപ്പം പാകിസ്താനിലും    കളിച്ചു. കൊളംബോ ക്രിക്കറ്റ് ക്ളബ്ബിലെയും ശ്രീലങ്കന്‍ ടീമിലെയും പ്രമുഖ കളിക്കാരില്‍ ഒരാളായ ജയസൂര്യ 1989-90-ല്‍ ആസ്റ്റ്രേലിയക്കെതിരെ മെല്‍ബണില്‍ നടന്ന ഏകദിന മത്സരത്തിലും 1990-91-ല്‍ ന്യൂസിലന്‍ഡിനെതിരെ ഹാമില്‍ടണില്‍ നടന്ന ടെസ്റ്റ് മത്സരങ്ങളിലും പങ്കെടുത്താണ് ടെസ്റ്റ്-ഏകദിന മത്സരങ്ങള്‍ക്ക് അരങ്ങേറ്റം കുറിച്ചത്. ഇടംകൈയന്‍ സ്പിന്നറായി ടീമിലെത്തിയ ജയസൂര്യയ്ക്ക് ബാറ്റ്സ്മാന്‍ എന്ന നിലയിലാണ് ഇപ്പോള്‍ ഏറെ പ്രശസ്തി. ഏട്ടാമനായി ബാറ്റ് ചെയ്തിരുന്ന ജയസൂര്യയുടെ ആക്രമാണാത്മക ബാറ്റിങ് ശൈലിയുടെ മൂര്‍ച്ചയും കൃത്യതയും വേഗതയും ഇദ്ദേഹത്തെ ഓപ്പണിങ് ബാറ്റ്സ്മാന്‍ ആക്കിത്തീര്‍ത്തു. ഇപ്പോള്‍ ടെസ്റ്റ് മത്സരങ്ങള്‍ക്കും ഏകദിന അന്താരാഷ്ട്ര മത്സരങ്ങള്‍ക്കും ബാറ്റിങ് ഓപ്പണ്‍ ചെയ്യുന്നതു ജയസൂര്യയാണ്. വില്‍സ് ലോക കപ്പ് ഉള്‍പ്പെടെ പല അന്താരാഷ്ട്ര ട്രോഫികളും ശ്രീലങ്കയ്ക്കു നേടാനായത് ജയസൂര്യയുടെ ബാറ്റിങ് മികവുമൂലമാണ്. സ്ലോ ലെഫ്റ്റ് ആം ഓര്‍ത്തഡോക്സ് ആണ് ഇടംകൈയന്‍ ബാറ്റ്സ്മാന്‍ ആയ ജയസൂര്യയുടെ ബൗളിങ് ശൈലി. മികച്ച ആള്‍ റൗണ്ടര്‍മാരില്‍ ഒരാളായ ജയസൂര്യയുടെ റിക്കോര്‍ഡ് ഇപ്രകാരമാണ്.

ടെസ്റ്റ് മത്സരങ്ങള്‍ - (1998 ആഗ. 27 വരെ) ബാറ്റിങ്: 38 മാച്ച്, 64 ഇന്നിങ്സ്, 7 നോട്ട്ഔട്ട്, 2612 റണ്‍സ്. ഏറ്റവും കൂടിയ സ്കോര്‍ 340. ശരാശരി 45.82. 5 ശതകം; 14 അര്‍ധശതകം; ബൗളിങ് 413 ഓവര്‍, 91 മെയ്ഡന്‍, 1145 റണ്‍സ്, 25 വിക്കറ്റ്, ശരാശരി 45.80; മികച്ച ബൗളിങ് 53 റണ്‍സിന് 4 വിക്കറ്റ്. ഏകദിന അന്താരാഷ്ട്ര മത്സരങ്ങള്‍-(1998 ന. 10 വരെ) ബാറ്റിങ്: 170 മാച്ച്, 162 ഇന്നിങ്സ്, 6 നോട്ട് ഔട്ട്, 4449 റണ്‍സ്. ഏറ്റവും കൂടിയ സ്കോര്‍ 151 നോട്ട് ഔട്ട്, ശരാശരി 28.51, 7 ശതകം; 26 അര്‍ധ ശതകം; ബൗളിങ് 1029.4 ഓവര്‍, 12 മെയ്ഡന്‍, 5033 റണ്‍സ്, 146 വിക്കറ്റ്, ശരാശരി 34.47; മികച്ച ബൗളിങ് 29 റണ്‍സിന് 6 വിക്കറ്റ്.

1997-98 വര്‍ഷത്തില്‍ 1083 ടെസ്റ്റ് റണ്‍സും (ശരാശരി 57) 1036 ഏകദിന അന്തരാഷ്ട്ര മത്സര റണ്‍സും (ശരാശരി 51-നു മുകളില്‍) നേടി. 1997-98-ലെ വ്യക്തിഗത സിയറ്റ് ക്രിക്കറ്റര്‍ ഒഫ് ദ് ഇയര്‍ ട്രോഫി 1997-98 (ട്രോഫിയും 5 ലക്ഷം രൂപയും) ജയസൂര്യ നേടി. ശ്രീലങ്കന്‍ ക്രിക്കറ്റ് ടീമിന്റെ ക്യാപ്റ്റന്‍ ഇപ്പോള്‍ ജയസൂര്യയാണ് (1999). ത്രിരാഷ്ട്ര ഏകദിന പരമ്പരയിലും (ഐവ കപ്പ് 1999 സെപ്.) ടെസ്റ്റു പരമ്പരയിലും (ഐവ കപ്പ് 1999 സെപ്.-ഒ.) ആസ്റ്റ്രേലിയയ്ക്കെതിരെ ശ്രീലങ്ക നേടിയ വിജയം ക്യാപ്റ്റന്‍ ജയസൂര്യയുടെ തിളക്കമാര്‍ന്ന നേട്ടമാണ്.

താളിന്റെ അനുബന്ധങ്ങള്‍
സ്വകാര്യതാളുകള്‍