This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

ജയവര്‍മന്‍ VII (ഭ.കാ. 1181 - 1218)

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

ജയവര്‍മന്‍ VII (ഭ.കാ. 1181 - 1218)

1181-1218 കാലയളവില്‍ അങ്കോറിലെ ഖ്മെര്‍ സാമ്രാജ്യം ഭരിച്ച രാജാവ്.

1177-ല്‍ ഖ്മെര്‍ രാജ്യം വെട്ടിപ്പിടിക്കാന്‍ ശ്രമിച്ച ചാം ജനതയെ (ചമ്പ) പുറന്തള്ളിക്കൊണ്ടാണ് ധരണീന്ദ്രവര്‍മന്‍ II-ന്റെ പുത്രനായ ജയവര്‍മന്‍ VII അധികാരത്തിലേറിയത് (ഇദ്ദേഹത്തിന്റെ ആദ്യകാല ജീവിതത്തെക്കുറിച്ച് രേഖകളൊന്നും ലഭ്യമല്ല). ചാം അധിനിവേശത്തില്‍ നിന്നും കംബോഡിയയെ മോചിപ്പിച്ച ഈ രാജാവ് ഖ്മെര്‍ ജനതയ്ക്ക് ആത്മധൈര്യം പകര്‍ന്നു കൊടുത്തു. തുടര്‍ന്ന് ചമ്പയുമായി ഏറ്റുമുട്ടിയ ഇദ്ദേഹം ആ രാജ്യത്തെ തോല്പിച്ചു. തനിക്ക് സമ്മതനായ വിദ്യാനന്ദനെ ചമ്പയില്‍ അവരോധിക്കുകവഴി അവിടെ ഖ്മെര്‍ സ്വാധീനം ഇദ്ദേഹം ഉറപ്പാക്കുകയും ചെയ്തു. ഇദ്ദേഹത്തിന്റെ കാലത്ത് കംബോഡിയ രാജ്യം ഏറെ വിസ്തൃതമായി. മ്യാന്മറിന്റെ ഒട്ടേറെ ഭാഗങ്ങളും മലായ (മലേഷ്യ) ഉപദ്വീപും ഇദ്ദേഹം കംബോഡിയയോടു ചേര്‍ത്തു. മൂര്‍ത്തഭാവങ്ങള്‍ ആവിഷ്കരിക്കുന്ന വിശ്വോത്തര വാസ്തുവിദ്യാ സങ്കേതമായ അങ്കോര്‍ തോം നഗരം ഇദ്ദേഹത്തിന്റെ താത്പര്യ പ്രകാരം നിര്‍മിക്കപ്പെട്ടതാണ്. നിര്‍മാണ പ്രവര്‍ത്തനങ്ങളില്‍ ബദ്ധശ്രദ്ധനായിരുന്ന ഇദ്ദേഹത്തിന്റെ കാലത്ത് 121 വിശ്രമസങ്കേതങ്ങള്‍ പണികഴിപ്പിക്കപ്പെട്ടു. നിര്‍മാണപ്രവര്‍ത്തനങ്ങള്‍ക്കുവേണ്ടി ഇദ്ദേഹം പൊതുധനം അമിതമായി വിനിയോഗിച്ചതിന്റെ ഫലമായി രാജ്യം സാമ്പത്തികമായി ക്ഷയിച്ചു എന്നൊരു വാദഗതി ചരിത്രകാരന്മാരുടെ ഇടയില്‍ ഉണ്ട്.

ബുദ്ധമതാനുയായി ആയിരുന്ന ജയവര്‍മന്‍ VII 1218-ല്‍ മരണമടഞ്ഞതായി കരുതുന്നു. നോ: അങ്കോര്‍ തോം; അങ്കോര്‍ വാത്

താളിന്റെ അനുബന്ധങ്ങള്‍
സ്വകാര്യതാളുകള്‍