This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

ജയലളിത, ജെ. (1948 - )

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

ജയലളിത, ജെ. (1948 - )

ജെ. ജയലളിത

തമിഴ്നാട് മുന്‍മുഖ്യമന്ത്രിയും ചലച്ചിത്രനടിയും. ആര്‍. ജയറാമിന്റെയും സന്ധ്യയുടെയും മകളായി 1948 ഫെ. 24-നു മൈസൂറില്‍ ജനിച്ചു. ബാംഗ്ളൂരിലും ചെന്നൈയിലുമായി വിദ്യാഭ്യാസം പൂര്‍ത്തിയാക്കി. ഭരതനാട്യം, കഥകളി, കുച്ചിപ്പുടി, കഥക്, മണിപ്പൂരി എന്നീ നൃത്തങ്ങളില്‍ ഇവര്‍ പ്രാവീണ്യം നേടി. വിദ്യാഭ്യാസം ഉപേക്ഷിച്ച് ചലച്ചിത്രാഭിനയരംഗത്തു പ്രവേശിച്ച ജയലളിത തമിഴ്, തെലുഗു, കന്നഡ, ഹിന്ദി, ഇംഗ്ലീഷ് എന്നീ ഭാഷകളിലായി നൂറില്‍പരം ചിത്രങ്ങളില്‍ അഭിനയിച്ചിട്ടുണ്ട്. സിനിമാനടനും തമിഴ്നാട്ടിലെ മുഖ്യമന്ത്രിയുമായിരുന്ന എം.ജി. രാമചന്ദ്രനോടൊപ്പം നിരവധി ചിത്രങ്ങളില്‍ ഇവര്‍ അഭിനയിച്ചു. എം.ജി. രാമചന്ദ്രന്റെ നേതൃത്വത്തില്‍ രൂപവത്കൃതമായ ആള്‍ ഇന്ത്യാ അണ്ണാദ്രാവിഡ മുന്നേറ്റ കഴകത്തില്‍ 1982 ജൂണ്‍ 18-ന് അംഗത്വം സ്വീകരിച്ച് സജീവ രാഷ്ട്രീയ പ്രവര്‍ത്തകയായി. 1983 ജനു. 28-ന് ഇവര്‍ ഈ പാര്‍ട്ടിയുടെ പ്രചാരക വിഭാഗം സെക്രട്ടറിയായി. 1984 ഏ.-ല്‍ ജയലളിത രാജ്യസഭാംഗമായി. രാജ്യസഭയില്‍ ഇവര്‍ പാര്‍ട്ടിയുടെ ഉപനേതാവായിരുന്നു. ഇക്കാലത്ത് എം.ജി. രാമചന്ദ്രന്‍ കഴിഞ്ഞാല്‍    പാര്‍ട്ടിയില്‍ ഏറ്റവും സ്വാധീനമുള്ള വ്യക്തിയായിരുന്നു ജയലളിത. എം.ജി. രാമചന്ദ്രന്‍ ചികിത്സയ്ക്കായി വിദേശത്തു പോയപ്പോള്‍ (1984) പാര്‍ട്ടിയില്‍ ജയലളിതയ്ക്കെതിരായ നീക്കമുണ്ടായി. എം.ജി. ആറിന്റെ മരണത്തോടെ (1987 ഡി.) അദ്ദേഹത്തിന്റെ വിധവ ജാനകി രാമചന്ദ്രനും ജയലളിതയും തമ്മില്‍ പാര്‍ട്ടി നേതൃത്വത്തിനുവേണ്ടി മത്സരമുണ്ടായി. 1991-ലെ നിയമസഭാ തിരഞ്ഞുെടപ്പിനെ തുടര്‍ന്ന് ജയലളിത ജൂണ്‍ 24-ന് തമിഴ്നാട് മുഖ്യമന്ത്രിയായി. ഇവര്‍ തമിഴ്നാട്ടിലെ ഏറ്റവും പ്രായംകുറഞ്ഞ മുഖ്യമന്ത്രിയും തിരഞ്ഞെടുപ്പിലൂടെ അധികാരത്തില്‍ വന്ന ആദ്യത്തെ വനിതാ മുഖ്യമന്ത്രിയും ആയിരുന്നു (ജാനകി രാമചന്ദ്രന്‍ മുഖ്യമന്ത്രിയായപ്പോള്‍ നിയമസഭാംഗമായിരുന്നില്ല). 1996-ലെ തിരഞ്ഞെടുപ്പില്‍ ജയലളിതയുടെ പാര്‍ട്ടി പരാജയപ്പെട്ടതിനെ തുടര്‍ന്ന് മേയില്‍ ഇവര്‍ മുഖ്യമന്ത്രിസ്ഥാനം രാജിവച്ചു. കരുണാനിധി അധികാരത്തില്‍ വന്നശേഷം ജയലളിതയ്ക്കെതിരായി നിരവധി അഴിമതിയാരോപണ കേസുകളുണ്ടായി. 1996 ഡി. 7-നു ജയലളിതയെ അറസ്റ്റു ചെയ്തു. ചെന്നൈ ഹൈക്കോടതി ജാമ്യം നല്കിയതിനെ തുടര്‍ന്ന് ഇവരെ 1997 ജനു. 3-ന് തടവില്‍ നിന്നു വിട്ടു. ജയലളിതയുടെ പിന്തുണയോടെയാണ് 1998 മാ. 19-ന് വാജ്പേയിയുടെ നേതൃത്വത്തില്‍ ബി.ജെ.പി. മുന്നണി കേന്ദ്രത്തില്‍ അധികാരത്തിലെത്തിയത്. കരുണാനിധി സര്‍ക്കാരിനെ പിരിച്ചുവിടണമെന്നതുള്‍പ്പെടെ നിരവധി ആവശ്യങ്ങള്‍ ഉന്നയിച്ച് ജയലളിത വാജ്പേയി സര്‍ക്കാരില്‍ സമ്മര്‍ദം ചെലുത്തിയിരുന്നു. ഒടുവില്‍ ജയലളിത പിന്തുണ പിന്‍വലിക്കുകയും വിശ്വാസ വോട്ടെടുപ്പില്‍ ഒരു വോട്ടിന് വാജ്പേയി സര്‍ക്കാര്‍ പരാജയപ്പെടുകയും ചെയ്തു (1999 ഏ. 17).

താളിന്റെ അനുബന്ധങ്ങള്‍
സ്വകാര്യതാളുകള്‍