This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

ജയറാം ദാസ് ദൗലത്റാം (1891 - )

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

ജയറാം ദാസ് ദൗലത്റാം (1891 - )

ഇന്ത്യന്‍ രാഷ്ട്രീയ-സാമൂഹിക നേതാവ്. പ്രഗല്ഭ വക്കീലായ ദൗലത്റാം ജേത്മാലിന്റെയും വിഷിന്‍ഭായിയുടെയും പുത്രനായി 1891 ജൂല.-ല്‍ കറാച്ചിയില്‍ ജനിച്ചു. 1915-ല്‍ നിയമബിരുദമെടുത്തു. ബോംബെയിലെ വിദ്യാഭ്യാസകാലത്ത് ഗോഖലെ, തിലക്, ഫിറോസ് ഷാ മേത്ത, ഗാന്ധിജി എന്നിവരുമായി ഇടപഴകാന്‍ കഴിഞ്ഞതിന്റെ ഫലമായി ഇദ്ദേഹം ദേശീയ പ്രസ്ഥാനത്തില്‍ ആകൃഷ്ടനായി. അഭിഭാഷകവൃത്തി ഉപേക്ഷിച്ച് പൊതുജീവിതം ആരംഭിച്ചു (1916). ആനിബസന്റിന്റെ ഹോംറൂള്‍ ലീഗില്‍ അംഗമായി ചേര്‍ന്ന ദൗലത്റാം തുടര്‍ന്ന് 'സിന്‍ഡ് പ്രൊവിന്‍ഷ്യല്‍ പൊളിറ്റിക്കല്‍ കോണ്‍ഫറന്‍സി'ന്റെ സെക്രട്ടറിയായി തെരഞ്ഞെടുക്കപ്പെട്ടു. 1918-ല്‍ സുകൂറില്‍ നടന്ന 'ആള്‍ സിന്‍ഡ് സ്റ്റുഡന്റ്സ് കോണ്‍ഫറന്‍സ്'ന്റെ ആദ്യ സമ്മേളനത്തില്‍ അധ്യക്ഷന്‍ ജയറാം ദാസ് ആയിരുന്നു. അമൃത്സറിലെ കോണ്‍ഗ്രസ് സമ്മേളനത്തില്‍ (1919) പങ്കെടുത്തതോടെ ഇദ്ദേഹം ദേശീയ ധാരയില്‍ ശ്രദ്ധിക്കപ്പെട്ടു തുടങ്ങി. 1920-കളില്‍ പത്രപ്രവര്‍ത്തനത്തിലേക്കു തിരിഞ്ഞ ഇദ്ദേഹം ഗവണ്‍മെന്റിന്റെ വികലനയങ്ങളെ നിശിതമായി വിമര്‍ശിക്കുന്ന പത്രാധിപരായി മാറി. ഈ വിമര്‍ശനാത്മക നയത്തെ തുടര്‍ന്ന് ഇദ്ദേഹം പല തവണ അറസ്റ്റിലായി. സിന്ധി ദിനപത്രമായ ഹിന്ദു, ഇംഗ്ലീഷ് ദിനപത്രമായ ഹിന്ദുസ്ഥാന്‍ ടൈംസ്, ഗാന്ധിജിയുടെ യങ് ഇന്ത്യ എന്നിവയുടെ പത്രാധിപരാകാനുള്ള നിയോഗം ഇദ്ദേഹത്തിനുണ്ടായി.

1928-ല്‍ ബോംബെ ലെജിസ്ളേറ്റിവ് കൗണ്‍സിലിലേക്കു തിരഞ്ഞെടുക്കപ്പെട്ടെങ്കിലും ഗാന്ധിജിയുടെ ആഹ്വാനമനുസരിച്ച് ഇദ്ദേഹം അംഗത്വം രാജിവച്ചു. സിന്ധില്‍ ഉപ്പ് നിയമം ലംഘിച്ചതിനെ തുടര്‍ന്നുണ്ടായ പൊലീസ് വെടിവയ്പില്‍ ജയറാം ദാസിന് പരിക്കേറ്റ്; 1932-ല്‍ സിവില്‍ നിയമലംഘനം പുനരാരംഭിക്കപ്പെട്ട വേളയില്‍ ഇദ്ദേഹം വീണ്ടും അറസ്റ്റിലായി. 1933-ല്‍ മോചിതനായതിനെ തുടര്‍ന്ന് സാമൂഹ്യക്ഷേമ പ്രവര്‍ത്തനങ്ങളില്‍ വ്യാപൃതനായി. 1935-ല്‍ ക്വറ്റയിലുണ്ടായ ഭൂകമ്പത്തെ തുടര്‍ന്ന് രൂപീകൃതമായ 'റിലീഫ് ആന്‍ഡ് റിഹാബിലിറ്റേഷന്‍ കമ്മിറ്റി'യുടെ ജനറല്‍ സെക്രട്ടറിയായി പ്രവര്‍ത്തിച്ചു. 1942-ല്‍ സിന്ധ്, വെള്ളപ്പൊക്കക്കെടുതിയിലമര്‍ന്നപ്പോള്‍ ദുരിതാശ്വാസപ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്കിയത് ജയറാം ദാസായിരുന്നു. ക്വിറ്റ് ഇന്ത്യാ സമരത്തെ (1942) അമര്‍ച്ച ചെയ്യാന്‍ സര്‍ക്കാര്‍ സ്വീകരിച്ച മര്‍ദന നടപടികളുടെ ഭാഗമായി അറസ്റ്റിലായ ഇദ്ദേഹം മൂന്നു വര്‍ഷം തടവില്‍ കഴിഞ്ഞു. 1945 മുതല്‍ സ്വാതന്ത്ര്യലബ്ധി വരെ ദേശീയ പ്രസ്ഥാനത്തില്‍ സജീവമായി പങ്കുകൊണ്ടു.

1928-ല്‍ 'ആള്‍ ഇന്ത്യ ഫോറിന്‍ ക്ലോത്ത് ബോയ്ക്കോട്ട് കമ്മിറ്റി'യുടെ സെക്രട്ടറിയായി ഇദ്ദേഹം നിയുക്തനായി. കോണ്‍ഗ്രസ് വര്‍ക്കിങ് കമ്മിറ്റിയിലേക്ക് തെരഞ്ഞെടുക്കപ്പെട്ട ഇദ്ദേഹം കോണ്‍ഗ്രസ് ജനറല്‍ സെക്രട്ടറിയായി. ഗാന്ധിജിയുടെ ഗ്രാമവികസന, ഗ്രാമോദ്ധാരണ പരിപാടികളോട് പ്രത്യേക മമതയുണ്ടായിരുന്ന ഇദ്ദേഹം വില്ലേജ് ഇന്‍ഡസ്ട്രീസ് അസോസിയേഷന്റെ കേന്ദ്ര എക്സിക്യൂട്ടീവ് അംഗമായിരുന്നു. ഭരണഘടനാ നിര്‍മാണ സമിതിയില്‍ സിന്ധിനെ പ്രതിനിധീകരിച്ച ഇദ്ദേഹം ഭരണഘടന രൂപപ്പെടുത്തുന്നതിന് രൂപവത്കരിക്കപ്പെട്ട നിരവധി കമ്മിറ്റികളില്‍ അംഗമായി.

സ്വാതന്ത്യ്രാനന്തരം ജയറാം ദാസ് ബിഹാര്‍ ഗവര്‍ണറായി നിയമിക്കപ്പെട്ടെങ്കിലും 1948-ല്‍ രാജിവച്ചു. തുടര്‍ന്ന് രണ്ടു വര്‍ഷം കേന്ദ്രമന്ത്രിസഭയില്‍ ഭക്ഷ്യ-കൃഷി വകുപ്പു മന്ത്രിയായി. 1950-ല്‍ അസം ഗവര്‍ണറായി നിയമിക്കപ്പെട്ട ഇദ്ദേഹം ആറു വര്‍ഷം ആ പദവിയില്‍ തുടര്‍ന്നു. 1959, 64, 70 എന്നീ വര്‍ഷങ്ങളില്‍ രാജ്യസഭാംഗമായി നാമനിര്‍ദേശം ചെയ്യപ്പെട്ടു.

തികഞ്ഞ പുരോഗമന ചിന്താഗതിക്കാരനായിരുന്നു ജയറാം ദാസ്. സ്ത്രീപുരുഷസമത്വത്തിനു വേണ്ടി വാദിച്ച ഇദ്ദേഹം അനാചാരങ്ങളായ അയിത്തം, ശൈശവ വിവാഹം എന്നിവയെ ശക്തമായി എതിര്‍ത്തു.

താളിന്റെ അനുബന്ധങ്ങള്‍
സ്വകാര്യതാളുകള്‍