This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

ജനസംഖ്യ

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

05:05, 5 ഫെബ്രുവരി 2016-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Technoworld (സംവാദം | സംഭാവനകള്‍)

ജനസംഖ്യ

Population

ഒരു പ്രദേശത്ത് അധിവസിക്കുന്ന ജനങ്ങളുടെ എണ്ണം.

ഇംഗ്ലീഷ് ഭാഷയിലെ 'പോപ്പുലേഷന്‍' എന്ന സംജ്ഞ കൊണ്ടര്‍ഥമാക്കുന്നത് സസ്യ-ജീവജാലങ്ങളുടെ ഓരോ സ്പീഷീസിലെയും അംഗങ്ങളുടെ ആകെ എണ്ണത്തെയാണ്. ഒരു പ്രത്യേക പ്രദേശത്ത് അധിവസിക്കുന്ന ഒരു നിയത സ്പീഷീസില്‍പ്പെട്ട സസ്യങ്ങളുടെയോ ജീവികളുടെയോ ആകെ അംഗസംഖ്യയെ ജനസംഖ്യ എന്നു പറയുന്നു. എന്നാല്‍ 'പോപ്പുലേഷന്‍' എന്ന ഇംഗ്ലീഷ് പദത്തിനു തത്തുല്യമായ മലയാളഭാഷയിലെ 'ജനസംഖ്യ' എന്ന സംജ്ഞ വിവക്ഷിക്കുന്നത് മനുഷ്യരുടെ എണ്ണമാണ്. ഒരു നിശ്ചിത ഭൂപ്രദേശത്ത് പാരിസ്ഥിതിക സാഹചര്യങ്ങള്‍ക്കിണങ്ങുംവിധം ഒരുമിച്ചുചേര്‍ന്ന് ഒരു സമൂഹമായി ജീവിക്കുന്ന മനുഷ്യരുടെ കൂട്ടത്തെയാണ് ജനസംഖ്യ എന്നു പറയുന്നത്.

ഭൂമിയിലെ അധിവാസയോഗ്യമായ പ്രദേശങ്ങളില്‍ സ്ഥിരവാസമുറപ്പിക്കുന്ന മനുഷ്യരുടെ ജനസംഖ്യാ പ്രക്രിയകളുടെ വികാസ-പരിണാമങ്ങളെ നിര്‍ണയിക്കുന്നത് പാരിസ്ഥിതികവും സാമൂഹികവും സാമ്പത്തികവും സാംസ്കാരികവുമായ ഘടകങ്ങളാണ്. അനുയോജ്യമായ പാരിസ്ഥിതിക സാഹചര്യങ്ങള്‍ തെരഞ്ഞെടുത്ത്, പ്രകൃതി-കാലാവസ്ഥാ ഘടകങ്ങളോട് ഇണങ്ങുന്ന ആവാസവ്യവസ്ഥകള്‍ രൂപീകരിക്കുന്ന ജനങ്ങളുടെ എണ്ണം, അവരുടെ സാമൂഹിക-സാമ്പത്തിക-സാംസ്കാരിക ജീവിതത്തെ തിരിച്ചും നിര്‍ണായകമായി സ്വാധീനിക്കുന്നു.

ഒരു നിശ്ചിതപ്രദേശത്ത് അധിവസിക്കുന്ന ജനസമുദായത്തിലെ ജനന-മരണനിരക്കുകളാണ് പ്രസ്തുത സമുദായത്തിന്റെ ജനസംഖ്യയുടെ വളര്‍ച്ചയെ നിര്‍ണയിക്കുന്നത്. ജനന-മരണനിരക്കുകള്‍ തമ്മിലുള്ള ഏറ്റക്കുറച്ചിലുകള്‍ക്ക് മാറ്റമുണ്ടാവുകയും അവ ഏറെക്കുറെ തുല്യമാവുകയും ചെയ്യുമ്പോള്‍ ജനസംഖ്യ സ്വാഭാവികമായ ഒരു സന്തുലിതാവസ്ഥയിലെത്തുന്നു.

ലോകജനസംഖ്യയുടെ ചരിത്രം. പ്രാക്തനകാലത്ത്-അതായത് സംസ്കൃതിയുടെ ആരംഭത്തിനു മുമ്പ്-ജനസംഖ്യാപ്രശ്നമെന്നത് വെറും അതിജീവനത്തിന്റെ മാത്രം പ്രശ്നമായിരുന്നു. ബി.സി. 3000-ത്തിനു മുമ്പുള്ള ചരിത്രഘട്ടത്തില്‍ പിറന്ന കുഞ്ഞുങ്ങളില്‍ പകുതിയിലധികവും ഒരു വയസു പൂര്‍ത്തിയാക്കിയിരുന്നില്ല. ജനസംഖ്യയുടെ വളര്‍ച്ചയ്ക്കൊപ്പം ക്ഷാമങ്ങളുടെയും മഹാമാരികളുടെയും യുദ്ധങ്ങളുടെയും ഭീഷണി വര്‍ധിക്കുകയായിരുന്നു. അതിനാല്‍ ജീവശാസ്ത്രപരമായി സാധ്യമാകുന്നിടത്തോളം കുട്ടികളെ ജനിപ്പിക്കാനുള്ള പ്രവണത ചരിത്രാതീതസമൂഹങ്ങളുടെ മുഖമുദ്രയായിരുന്നു. കൃഷിയുടെ കണ്ടുപിടിത്തവും നൈല്‍-മെസപ്പൊട്ടേമിയ-സൈന്ധവനദീതട സംസ്കാരങ്ങളുടെ ആവിര്‍ഭാവവുമാണ് ജനസംഖ്യ വന്‍തോതില്‍ വര്‍ധിക്കാന്‍ ഇടയാക്കിയത്. സ്ഥിരമായ അധിവാസവും ഭക്ഷ്യധാന്യങ്ങളുടെ വര്‍ധിച്ച ലഭ്യതയുമാണ് ജനസംഖ്യാവര്‍ധനവിനു കാരണമായ മുഖ്യഘടകങ്ങള്‍.

ക്രിസ്തുവര്‍ഷാരംഭത്തിലേ ലോകജനസംഖ്യ 20 കോടിക്കും 40 കോടിക്കും ഇടയ്ക്കായിരുന്നു എന്നു കണക്കാക്കപ്പെടുന്നു. 50-നും 55-നും ഇടയ്ക്ക് ദശലക്ഷം ആളുകള്‍ റോമിലും 100-നും 140-നും ഇടയ്ക്ക് ദശലക്ഷം ആളുകള്‍ ഭാരതത്തിലും 60 ദശലക്ഷം ആളുകള്‍ ചൈനയിലും അധിവസിച്ചിരുന്നു എന്നാണ് ജനസംഖ്യാവിദഗ്ധര്‍ കണക്കാക്കുന്നത്. 1650 വരെ ലോകജനസംഖ്യ ഗണ്യമായ തോതില്‍ വൃദ്ധിക്ഷയങ്ങളില്ലാതെ ഏതാണ്ട് നിശ്ചലമായിരുന്നു എന്നാണ് ജനസംഖ്യാശാസ്ത്രജ്ഞരുടെ നിരീക്ഷണം. ഈ കാലയളവിലുടനീളം ജനനനിരക്ക് ഉയര്‍ന്നതായിരുന്നുവെങ്കിലും ജനസംഖ്യ ഗണ്യമായി വര്‍ധിക്കാതിരുന്നതിനു കാരണം മരണനിരക്ക് വളരെ ഉയര്‍ന്നതായിരുന്നു എന്നതാണ്. പ്രകൃതി ദുരന്തങ്ങള്‍ പകര്‍ച്ചവ്യാധികള്‍, ക്ഷാമങ്ങള്‍, യുദ്ധങ്ങള്‍ എന്നിവ മൂലം മരണനിരക്ക് ഉയര്‍ന്നുനിന്നു. ഈ കാലയളവില്‍ ശിശുമരണനിരക്കും വളരെ കൂടുതലായിരുന്നു. കൂടുതല്‍ ആളുകള്‍ ജനിക്കുകയും കൂടുതല്‍ ആളുകള്‍ മരിക്കുകയും ചെയ്യുന്ന അവസ്ഥയായിരുന്നു അക്കാലത്ത്. അതിനാലാണ് ജനസംഖ്യ വളര്‍ച്ചയില്ലാതെ ഏതാണ്ട് നിശ്ചലമായിരുന്നു എന്നു പറയുന്നത്.

1650-ല്‍ 54.5 കോടിയായിരുന്നു ലോകജനസംഖ്യ. 20-ാം ശ.-ത്തിന്റെ ആരംഭത്തില്‍ ജനസംഖ്യ 160 കോടി കവിഞ്ഞു. 250 വര്‍ഷങ്ങള്‍ക്കിടയ്ക്ക് മൂന്നിരട്ടി വര്‍ധനവ്.

ആധുനികതയുടെ ആരംഭത്തെത്തുടര്‍ന്ന് ലോകജനസംഖ്യയില്‍ വമ്പിച്ച വര്‍ധനവാണുണ്ടായത്. ആധുനികശാസ്ത്ര സാങ്കേതികവിജ്ഞാനത്തിന്റെ സ്ഫോടനാത്മകമായ വളര്‍ച്ച, ജനങ്ങളുടെ ജീവിതഗുണനിലവാരത്തിലുണ്ടായ പുരോഗതി; പകര്‍ച്ചവ്യാധികള്‍, സാംക്രമികരോഗങ്ങള്‍, പ്രകൃതിദുരന്തങ്ങള്‍ എന്നിവ നിയന്ത്രിക്കുന്നതിലുണ്ടായ നേട്ടങ്ങള്‍; അധിവാസ സമ്പ്രദായങ്ങളിലുണ്ടായ പരിവര്‍ത്തനങ്ങള്‍, കുടിയേറ്റങ്ങള്‍; പരിസര ശുചീകരണത്തിലും ആരോഗ്യപരിപാലനത്തിലുണ്ടായ പുരോഗതി എന്നിവയാണ് ആധുനികകാലത്തെ ജനസംഖ്യാ വിസ്ഫോടനത്തിനാധാരമായ ചരിത്രഘടകങ്ങള്‍.

ലോകജനസംഖ്യാ വളര്‍ച്ചയുടെ ചരിത്രത്തില്‍ വന്‍തോതിലുള്ള വര്‍ധനവുണ്ടാകുന്നത് 1950-കള്‍ക്കു ശേഷമാണ്. ജനസംഖ്യയുടെ ക്രമാതീതമായ വര്‍ധനവ് സംഭവിച്ചത് പ്രധാനമായും അല്പവികസിതരാജ്യങ്ങളിലാണ്. മരണനിരക്ക് ഉയര്‍ന്നതായിരുന്നുവെങ്കിലും ജനനനിരക്ക് വര്‍ധിക്കുകയും സ്ഥിരമായി നില്ക്കുകയും ചെയ്തതിനാലാണ് ഇങ്ങനെ സംഭവിച്ചത്. പകര്‍ച്ചവ്യാധികള്‍, ദാരിദ്യ്രം, ഭക്ഷ്യക്ഷാമം, ശുചിത്വമില്ലായ്മ, ആരോഗ്യപരിപാലനത്തിന്റെയും രോഗനിവാരണ സംവിധാനങ്ങളുടെയും പിന്നോക്കാവസ്ഥ തുടങ്ങിയവയാണ് അവികസിത രാജ്യങ്ങളിലെ ഉയര്‍ന്ന മരണനിരക്കിനു കാരണം. രണ്ടാം ലോകയുദ്ധാനന്തരം ഈ രാജ്യങ്ങളിലെ ജനങ്ങളുടെ ജീവിതത്തിന്റെ ഗുണനിലവാരം ഉയര്‍ത്തുന്നതിന് ദേശീയവും അന്തര്‍ദേശീയവുമായ സംഘടിതശ്രമങ്ങളുണ്ടായി. വെള്ളപ്പൊക്കം, മറ്റു പ്രകൃതിദുരന്തങ്ങള്‍, ക്ഷാമം, പകര്‍ച്ചവ്യാധികള്‍ തുടങ്ങിയവ നിയന്ത്രിക്കുന്നതിനുള്ള പല പദ്ധതികളും ആവിഷ്കരിക്കപ്പെട്ടു. സംഘടിതവും തീവ്രവുമായ ഇത്തരം പരിശ്രമങ്ങളുടെ ഫലമായി ഈ രാജ്യങ്ങളിലെ ജനങ്ങളുടെ ജീവിതഗുണനിലവാരത്തില്‍ അദ്ഭുതാവഹമായ പുരോഗതിയുണ്ടായി. ഇത് മരണനിരക്ക് ഗണ്യമായി കുറയ്ക്കുന്നതിനിടയാക്കി. എന്നാല്‍ ജനനനിരക്ക് അതേപടി തുടരുകയോ വര്‍ധിക്കുകയോ ആണുണ്ടായത്. ഇതാണ് അല്പവികസിത രാജ്യങ്ങളിലെ ക്രമാതീതമായ ജനസംഖ്യാവര്‍ധനവിന് ആധാരമായ വസ്തുത.

ഇതേ കാലയളവില്‍ വികസിത രാജ്യങ്ങളിലും ജനസംഖ്യയില്‍ കാര്യമായ വര്‍ധനവുണ്ടായി. മരണനിരക്കിലെ കുറവായിരുന്നില്ല ഇതിനു കാരണം. മറിച്ച്, രണ്ടാം ലോകയുദ്ധാനന്തരമുണ്ടായ 'ശിശുപ്രളയം' (baby boom) എന്ന ആഗോളപ്രതിഭാസമാണ് ഇതിനു കാരണമായത്. ശിശുജനനനിരക്കിലുണ്ടായ അദ്ഭുതകരമായ വര്‍ധനവിനെയാണ് 'ശിശുപ്രളയം' എന്ന സംജ്ഞകൊണ്ടര്‍ഥമാക്കുന്നത്. ഈ പ്രതിഭാസത്തിന് ജനസംഖ്യാശാസ്ത്രജ്ഞര്‍ നല്കുന്ന വിശദീകരണം ഇതാണ്: (i) സാമ്പത്തികമായി പിന്നാക്കം നിന്ന പല രാജ്യങ്ങളിലും രണ്ടാം ലോകയുദ്ധത്തിന്റെ ഫലമായി വമ്പിച്ച സാമ്പത്തിക പുരോഗതിയുണ്ടായി. തൊഴില്‍ ലഭ്യത വര്‍ധിക്കുകയും ജനങ്ങളുടെ വരുമാനത്തില്‍ ഗണ്യമായ വര്‍ധനവുണ്ടാവുകയും ചെയ്തു. വിവാഹബന്ധത്തില്‍ ഏര്‍പ്പെടുന്നതിനും ഇഷ്ടാനുസരണം കുട്ടികളെ ജനിപ്പിക്കുന്നതിനും ഇത് കൂടുതലാളുകള്‍ക്ക് പ്രേരകമായിത്തീര്‍ന്നു. അതുപോലെ തന്നെ യുദ്ധാനന്തരം പട്ടാളക്കാര്‍ കൂട്ടത്തോടെ കുടുംബങ്ങളിലേക്കു മടങ്ങിവന്നതിന്റെ ഫലമായി, ഗര്‍ഭധാരണത്തിന്റെയും വിവാഹത്തിന്റെയും നിരക്ക് വര്‍ധിച്ചു. ജനനനിരക്ക് പെട്ടെന്ന് ഉയരുന്നതിന് ഇതു കാരണമായി.

ii. യുദ്ധാനന്തരനാളുകളില്‍ അമേരിക്കയിലും യൂറോപ്യന്‍ രാജ്യങ്ങളിലും വിവാഹപ്രായത്തില്‍ ഗണ്യമായ കുറവുണ്ടായി. ഈ രാജ്യങ്ങളില്‍ ശരാശരി വിവാഹപ്രായം 22 വയസ്സില്‍ നിന്നും 20 വയസ്സും അതില്‍ താഴെയും ആയി. ഇതുമൂലം ദമ്പതികളുടെ എണ്ണത്തില്‍ ദശലക്ഷക്കണക്കിനു വര്‍ധനവുണ്ടാവുകയും ജനനനിരക്ക് കുത്തനെ ഉയരുന്നതിനു കാരണമാവുകയും ചെയ്തു.

iii. രണ്ടു കുട്ടികള്‍ക്കിടയ്ക്കുള്ള കാലദൈര്‍ഘ്യത്തിലുണ്ടായ മാറ്റം. മിക്ക സ്ത്രീകളും ദാമ്പത്യത്തിന്റെ ആദ്യവര്‍ഷങ്ങളില്‍ത്തന്നെ തങ്ങള്‍ ആഗ്രഹിക്കുന്നത്ര കുട്ടികളെ ജനിപ്പിക്കുകയും പ്രസവം അവസാനിപ്പിക്കുകയും ചെയ്തു. പ്രസവവും ശിശുപരിപാലനവും വേഗം പൂര്‍ത്തിയാക്കിയത്, കൂടുതല്‍ സ്ത്രീകള്‍ക്ക് തൊഴിലവസരങ്ങള്‍ കണ്ടെത്തുന്നതിന് സഹായകമായി.

iv. സമ്പദ്വ്യവസ്ഥയിലെ വര്‍ധിച്ച തൊഴിലവസരങ്ങള്‍ വലിയ കുടുംബം എന്ന ആശയത്തിനു പ്രേരകമായിട്ടുണ്ട്. പുതിയ തൊഴില്‍ സാധ്യതകളും വരുമാനവര്‍ധനവിനെക്കുറിച്ചുള്ള പുത്തന്‍ പ്രതീക്ഷകളും കൂടുതല്‍ കുട്ടികളെ ജനിപ്പിക്കുന്നതിനു പ്രേരകമാവുകയും കൂടുതല്‍ അംഗങ്ങളുള്ള കുടുംബം ആകര്‍ഷകമാവുകയും ചെയ്തു.

'ശിശുപ്രളയ'കാലത്തു ജനിച്ച കുട്ടികള്‍ പ്രായപൂര്‍ത്തിയായതിനെത്തുടര്‍ന്ന് രണ്ടാമതൊരിക്കല്‍ക്കൂടി ഒരു 'ശിശുപ്രളയ'മുണ്ടായേക്കുമോ എന്ന് 1960-കളില്‍ യു.എസ്സില്‍ വ്യാപകമായ ആശങ്കയുണ്ടായിരുന്നു. എന്നാല്‍ ജനനനിരക്ക് ഗണ്യമായി കുറയുകയാണുണ്ടായത്. 'ചെറിയ കുടുംബം' എന്ന ആശയത്തിന് ജനങ്ങള്‍ക്കിടയില്‍ വിപുലമായ പ്രചാരവും അംഗീകാരവും ലഭിച്ചു തുടങ്ങി. വലിയ കുടുംബത്തോട് പരമ്പരാഗതമായി നിലനിന്നുപോന്ന ആഭിമുഖ്യം കുറയുകയും രണ്ടുകുട്ടികളുള്ള കുടുംബമാണ് സംതൃപ്തകുടുംബം എന്ന ആശയത്തിന് ജനങ്ങള്‍ക്കിടയില്‍ പ്രചാരമുണ്ടാവുകയും ചെയ്തു. കുടുംബാസൂത്രണസംവിധാനങ്ങള്‍ക്കു ലഭിച്ച വിശ്വാസ്യതയും അംഗീകാരവും കൂടിയായപ്പോള്‍, 'ശിശുജനനവിപ്ലവം' എന്ന പ്രതിഭാസത്തെക്കുറിച്ചുള്ള ഭയാശങ്കകള്‍ക്ക് അടിസ്ഥാനമില്ലാതെയായി. പാശ്ചാത്യവികസിത രാജ്യങ്ങളില്‍ മാത്രമല്ല, ഏഷ്യനാഫ്രിക്കന്‍-ലാറ്റിനമേരിക്കന്‍ രാജ്യങ്ങളിലും ഈ കാലയളവില്‍ ജനനനിരക്ക് ഗണ്യമായി കുറഞ്ഞുതുടങ്ങി.

ജനനമരണനിരക്കുകളുടെ അടിസ്ഥാനത്തില്‍ ജനസംഖ്യാ വളര്‍ച്ചയുടെ ചരിത്രത്തെ മൂന്നു ഘട്ടങ്ങളായി തിരിക്കാം.

ii ഒന്നാംഘട്ടം. ജനനനിരക്കും മരണനിരക്കും ഒരുപോലെ ഉയര്‍ന്നുനില്ക്കുന്നു. ആധുനിക വ്യവസായ സംസ്കൃതിയുടെ പിറവിക്കുമുമ്പുള്ള കാലഘട്ടത്തിന്റെ സവിശേഷതയാണിത്. ഈ കാലയളവില്‍ ജനസംഖ്യയില്‍ ഗണ്യമായ വര്‍ധനവോ കുറവോ ഉണ്ടായില്ല. അതിനാല്‍ വൃദ്ധിക്ഷയങ്ങളില്ലാത്ത ഈ ജനസംഖ്യാ വളര്‍ച്ചയെ നിശ്ചല ജനസംഖ്യ (stationary population) എന്നു പറയുന്നു.

ii രണ്ടാംഘട്ടം (ജനസംഖ്യാസംക്രമണഘട്ടം). ഈ ഘട്ടത്തില്‍ മരണനിരക്ക് കുറയുകയും തദനുസൃതമായ ജനനനിരക്കില്‍ വ്യതിയാനമുണ്ടാവുകയും ചെയ്തു. ആധുനിക ശാസ്ത്ര-സാങ്കേതിക ജ്ഞാനത്തിന്റെയും വൈദ്യശാസ്ത്ര പുരോഗതിയുടെയും ഫലമായി മരണനിരക്കില്‍ ഗണ്യമായ കുറവുണ്ടായി. എന്നാല്‍ ഉടന്‍തന്നെ ജനനനിരക്ക് കുറയാതിരിക്കുന്നതു കാരണം ജനസംഖ്യാ വളര്‍ച്ചയില്‍ പ്രകടമായ വര്‍ധനവുണ്ടായി. മരണനിരക്ക് കുറയുകയും ജനനനിരക്ക് കുറയാതിരിക്കുകയും ചെയ്ത ഈ ഘട്ടത്തെ സംക്രമണഘട്ടം അഥവാ ജനസംഖ്യാ വിസ്ഫോടനഘട്ടം (stage of population explosion) എന്നു വിളിക്കുന്നു. കാരണം മരണനിരക്കിലെ കുറവിന് ആനുപാതികമായി ജനനനിരക്കു കുറയുന്നില്ല എന്നതുതന്നെ. എന്നാല്‍ ക്രമേണ ജനസംഖ്യാനിയന്ത്രണ പ്രക്രിയകളുടെ ഫലമായി ജനനനിരക്കു കുറയുകയും മരണനിരക്കുമായി സന്തുലിതാവസ്ഥയിലെത്തുകയും ചെയ്തു. ജനന-മരണനിരക്കുകള്‍ തമ്മിലുള്ള തുലനാവസ്ഥയ്ക്കനുസരിച്ച് ഈ ഘട്ടത്തിലെ ജനസംഖ്യാവളര്‍ച്ച സാവധാനത്തിലോ ത്വരിതഗതിയിലോ വര്‍ധിക്കുന്നു.

ശശശ. സംക്രമണാനന്തരഘട്ടം. ജനനമരണനിരക്കുകള്‍ ഗണ്യമായി കുറയുന്നതിന്റെ ഫലമായി, ഈ ഘട്ടത്തില്‍, ജനസംഖ്യയുടെ വളര്‍ച്ച ഏറെക്കുറെ പൂജ്യത്തോട് അടുക്കുന്നു. ജനസംഖ്യാവളര്‍ച്ചയില്‍ അധോഗമനപ്രവണതയുള്ള ഘട്ടമെന്നും സംക്രമണാനന്തര കാലയളവിനെ വിളിക്കാം. കുടുംബാസൂത്രണ സംവിധാനങ്ങളും ഗര്‍ഭനിരോധന മാര്‍ഗങ്ങളും സാര്‍വത്രികമാകുന്നു എന്നതാണ് ഈ ഘട്ടത്തിന്റെ പ്രത്യേകത. മിക്ക വികസിതരാജ്യങ്ങളും ഇപ്പോള്‍ ഈ ഘട്ടത്തിലാണ്. രണ്ടാംഘട്ടത്തില്‍നിന്ന് ഈ ഘട്ടത്തിലേക്ക് കടക്കുന്ന തരത്തിലുള്ള ജനസംഖ്യാനിയന്ത്രണ സംവിധാനങ്ങള്‍ ഇന്ത്യയെപ്പോലെയുള്ള രാജ്യങ്ങള്‍ ആസൂത്രണം ചെയ്തുകൊണ്ടിരിക്കുന്നു.

അമിതമായ ജനസംഖ്യാവര്‍ധനവ് അവികസിത ദരിദ്രരാജ്യങ്ങളിലെല്ലാം തന്നെ അതീവ ഗുരുതരമായ ഒരു പ്രശ്നമായി അവശേഷിക്കുന്നു; മനുഷ്യജീവിതത്തിന്റെ ഗുണനിലവാരത്തെ നിര്‍ണായകമായി സ്വാധീനിക്കുന്ന ഒരു ഘടകമാണ് ജനപ്പെരുപ്പം. മനുഷ്യന് ഉപയോഗപ്രദമായ പ്രകൃതിവിഭവങ്ങള്‍ക്ക് പരിമിതിയുണ്ട്. മനുഷ്യന്റെ ആവശ്യങ്ങള്‍ വര്‍ധിക്കുന്നതിനനുസരിച്ച് വിഭവങ്ങള്‍ വര്‍ധിക്കുന്നില്ല. ജനസംഖ്യ ക്രമാതീതമായി വര്‍ധിക്കുകയും വിഭവങ്ങള്‍ക്കുമേലുള്ള സമ്മര്‍ദം കുറയുകയും ചെയ്താല്‍, വിഭവങ്ങളുടെ ആളോഹരിലഭ്യത കുറയും. തത്ഫലമായി ജീവിതത്തിന്റെ ഗുണനിലവാരം ഇടിയും. അത് രോഗങ്ങളും ദാരിദ്യ്രവും നിരക്ഷരതയും അജ്ഞതയും വര്‍ധിക്കുന്നതിനിടയാക്കുകയും ഭൂരിപക്ഷം ജനങ്ങളുടെയും ജീവിതം ദുരിതപൂര്‍ണമാക്കുകയും ചെയ്യും.

1965 മധ്യത്തില്‍ 303 കോടിയായിരുന്നു ലോകജനസംഖ്യ. ഓരോ വര്‍ഷവും 60 ദശലക്ഷത്തിനുമേല്‍ ആളുകള്‍ ഈ ഭൂമുഖത്തു പിറന്നുവീഴുന്നു. അതായത്, പ്രതിദിനം 1,70,000 മുതല്‍ 1,72,000 വരെ ആളുകള്‍, മണിക്കൂറില്‍ 7000 മുതല്‍ 7200 വരെ. മിനിട്ടില്‍ 117 മുതല്‍ 120 വരെ എന്ന തോതിലാണ് ലോകജനസംഖ്യ വര്‍ധിച്ചുകൊണ്ടിരിക്കുന്നത്. 1950-നും 61-നും ഇടയ്ക്ക് വിവിധരാജ്യങ്ങള്‍ നടത്തിയ സെന്‍സസിന്റെ അടിസ്ഥാനത്തിലുള്ള കണക്കാണിത്. മനുഷ്യചരിത്രത്തില്‍ ഇതിനു മുമ്പൊരിക്കലും ഇതുപോലെ വര്‍ധനവുണ്ടായിട്ടില്ല. 1996-ലെ ലോകജനസംഖ്യ 570 കോടിയാണ്. പ്രതിവര്‍ഷം 9 കോടി എന്ന തോതിലാണ് ജനസംഖ്യാവര്‍ധനവ്. ഈ നില തുടര്‍ന്നാല്‍, 2050 ആകുമ്പോള്‍ ലോകജനസംഖ്യ ഇപ്പോഴത്തെതിന്റെ ഇരട്ടിയാകുമെന്നാണ് ജനസംഖ്യാവിദഗ്ധര്‍ പറയുന്നത്. രണ്ടായിരാമാണ്ടിന്റെ അവസാനം ജനസംഖ്യ 603 കോടി ആകുമെന്നാണ് ഐക്യരാഷ്ട്രസഭയുടെ പ്രവചനം. ജനനനിരക്കിന്റെ അടിസ്ഥാനത്തില്‍ ലോകത്തെ രണ്ടു വിഭാഗങ്ങളായി തിരിക്കാം.

i. ജനനനിരക്കു കുറഞ്ഞ പ്രദേശങ്ങള്‍. യൂറോപ്പ്, വടക്കേ അമേരിക്ക, മുന്‍ യു.എസ്.എസ്.ആര്‍., ഓഷ്യാനിയ എന്നീ പ്രദേശങ്ങളിലെ ജനനനിരക്ക് 2 ശ.മാ.-ത്തില്‍ താഴെയാണ്.

ശശ. ജനനനിരക്ക് ഉയര്‍ന്ന സ്ഥലങ്ങള്‍. ഏഷ്യ, ആഫ്രിക്ക, മധ്യ അമേരിക്ക, ദക്ഷിണ അമേരിക്ക തുടങ്ങിയ പ്രദേശങ്ങളിലെ ജനനനിരക്ക് 3.5 ശ.മാ.-ത്തിനും 5 ശ.മാ.-ത്തിനും ഇടയ്ക്ക് വരും. ഇത്ര അമിതമായ ജനസംഖ്യാവര്‍ധനവ് സമീപകാല പ്രതിഭാസമാണ്. 1950-നുശേഷമാണ് ഇത്ര വന്‍തോതിലുള്ള ജനസംഖ്യാവര്‍ധനവുണ്ടായത്. ജനസംഖ്യ ക്രമാതീതമായി വളരുന്നതിന്റെ ഫലമായി കുട്ടികളുടെ എണ്ണം വര്‍ധിക്കുകയും തൊഴിലില്ലായ്മ പെരുകുകയും ചെയ്യുന്നു. കൂടുതല്‍ ഭക്ഷ്യവിഭവങ്ങള്‍ ആവശ്യമായിവരുന്നു. ജനസംഖ്യ വര്‍ധിക്കുകയും ആവശ്യങ്ങള്‍ പെരുകുകയും ചെയ്യുന്നതിന്റെ ഫലമായി ഉണ്ടാകുന്ന അമിതോപയോഗത്താല്‍ വിഭവസ്രോതസ് തന്നെ വറ്റിപ്പോകാനുള്ള സാധ്യത തള്ളിക്കളയാനാവില്ല.

ജനസംഖ്യാനിയന്ത്രണം വിജയിക്കാതെ ലോകത്തിനു യാതൊരു പുരോഗതിയും സാധ്യമല്ല എന്നാണ് 1994 സെപ്തംബറില്‍ കെയ്റോയില്‍ ഐക്യരാഷ്ട്രസഭ സംഘടിപ്പിച്ച അന്താരാഷ്ട്ര ജനസംഖ്യാവികസന സമ്മേളനം അഭിപ്രായപ്പെട്ടത്. ഈ സമ്മേളനത്തിന്റെ പ്രധാന മുദ്രാവാക്യം തന്നെ 'വികസനമാണ് ഏറ്റവും നല്ല ഗര്‍ഭനിരോധനമാര്‍ഗ'മെന്നായിരുന്നു. ലോകജനസംഖ്യാവര്‍ധനവിന്റെ 95 ശതമാനവും ദരിദ്രരാജ്യങ്ങളിലാണെന്നത് പ്രത്യേകം ശ്രദ്ധേയമാണ്. സ്ഥിരമായി നിലനില്ക്കുന്ന വികസനം (sustainable development) എന്ന ലക്ഷ്യം സാക്ഷാത്കരിക്കണമെങ്കില്‍ ജനസംഖ്യാവര്‍ധനവ് നിയന്ത്രിച്ചേ മതിയാവൂ. കാരണം, ജനങ്ങളുടെ എണ്ണം വര്‍ധിക്കുന്നതിനനുസരിച്ചു പ്രകൃതിവിഭവങ്ങള്‍ക്കു മേലുള്ള സമ്മര്‍ദം വര്‍ധിക്കുന്നു. മാത്രമല്ല വനനശീകരണം, ശുദ്ധജലക്ഷാമം, മലിനീകരണം, വിവിധ ആവാസവ്യവസ്ഥകള്‍ക്കുണ്ടാകുന്ന നാശം എന്നിവയൊക്കെ ക്രമാതീതമായ ജനസംഖ്യാപെരുപ്പത്തിന്റെ പരിണതഫലങ്ങളാണ്.

ലോകത്തിന്റെ 2.4 ശ.മാ. മാത്രം ഭൂവിസ്തൃതിയുള്ള ഇന്ത്യയില്‍ ലോകജനസംഖ്യയുടെ 16 ശ.മാ. അധിവസിക്കുന്നു. ജനസാന്ദ്രതയും വളരെ കൂടുതലാണ്. 1991-ലെ സെന്‍സസ് അനുസരിച്ച് ഇന്ത്യയിലെ ജനസംഖ്യ 84 കോടി 39 ലക്ഷം ആയിരുന്നു. 44 കോടി പുരുഷന്മാരും 40 കോടി സ്ത്രീകളും. 1981-ലെ സെന്‍സസിനെ അപേക്ഷിച്ച് 23.5 ശ.മാ. വര്‍ധനവ്. ജനസാന്ദ്രത ഒരു ച.കി.മീറ്ററിന് 267 ആണ്. നെതര്‍ലന്‍ഡ്സ്, ജപ്പാന്‍, ബ്രിട്ടന്‍ തുടങ്ങിയ രാജ്യങ്ങളിലെ ജനസാന്ദ്രത കൂടുതലാണെങ്കിലും വിഭവങ്ങളുടെ ലഭ്യതയും സാമ്പത്തിക പുരോഗതിയുടെ നിലവാരവും വച്ചുനോക്കുമ്പോള്‍ അവയെ ജനസംഖ്യാപ്പെരുപ്പമുള്ള രാജ്യങ്ങളായി കാണാന്‍ കഴിയില്ല. ഇന്ത്യ ജനസംഖ്യാപ്പെരുപ്പമുള്ള ഒരു രാജ്യമാണ്. വാഷിങ്ടണിലെ പോപ്പുലേഷന്‍ റഫറന്‍സ് ബ്യൂറോയുടെ കണക്കനുസരിച്ച്, ഇപ്പോഴത്തെ വളര്‍ച്ചാനിരക്ക് തുടരുന്നപക്ഷം ഇന്ത്യയിലെ ജനസംഖ്യ 36 വര്‍ഷംകൊണ്ട് ഇരട്ടിയാകും. ഇന്ത്യയിലെ ദാരിദ്യ്രത്തിന്റെ പ്രധാന കാരണങ്ങളിലൊന്ന് അമിതമായ ജനസംഖ്യാവര്‍ധനവാണെന്ന കാര്യത്തില്‍ സംശയമില്ല. ഇന്ത്യയിലെ തൊഴിലില്ലായ്മയുടെയും ദാരിദ്യ്രത്തിന്റെയും പ്രശ്നങ്ങള്‍ പരിഹരിക്കണമെങ്കില്‍, ജനസംഖ്യാനിയന്ത്രണ സംവിധാനങ്ങള്‍ യുദ്ധകാലാടിസ്ഥാനത്തില്‍ നടപ്പാക്കേണ്ടത് അനിവാര്യമാണ്.

ഇന്ത്യന്‍ സംസ്ഥാനങ്ങളില്‍ ജനസാന്ദ്രതയുടെ കാര്യത്തില്‍ മുന്നിട്ടുനിന്നിരുന്നത് കേരളമായിരുന്നു. എന്നാല്‍ 1991-ലെ സെന്‍സസ് അനുസരിച്ച് പശ്ചിമബംഗാളിനാണ് ഈ സ്ഥാനം. ഇന്ത്യയില്‍ സ്ത്രീപുരുഷ അനുപാതത്തിന്റെ കാര്യത്തില്‍ മുന്നിട്ടു നില്ക്കുന്നത് കേരളമാണ്. 1000 പുരുഷന്മാര്‍ക്ക് 1040 സ്ത്രീകളാണുള്ളത്.

ജനസംഖ്യാശാസ്ത്രം

Demography

ജനസംഖ്യയെ വസ്തുനിഷ്ഠവും സാംഖ്യികവും ഗണിതശാസ്ത്രപരവുമായി വിശകലനം ചെയ്യുന്ന വിജ്ഞാനശാഖ. ജനസംഖ്യാശാസ്ത്രം വിശകലനം ചെയ്യുന്ന പ്രധാന വിഷയങ്ങള്‍ ഇവയാണ്.

1. ജനസംഖ്യയിലെ മാറ്റം

2. ജനസംഖ്യയുടെ ഘടന, ഘടനയിലുണ്ടാകുന്ന മാറ്റങ്ങള്‍

3. ജനസംഖ്യയുടെ പ്രാദേശിക വിതരണം (regional distribution of population)

വിതരണത്തിലുണ്ടാകുന്ന മാറ്റങ്ങള്‍. ജനസംഖ്യയുടെ വലുപ്പം, ഘടന, വിതരണം എന്നിവയെക്കുറിച്ചും അവയിലുണ്ടാകുന്ന മാറ്റങ്ങളെക്കുറിച്ചും ശാസ്ത്രീയമായി അപഗ്രഥിക്കുന്ന ശാഖയെ ജനസംഖ്യാശാസ്ത്രം എന്നു നിര്‍വചിക്കാം. സന്താനോത്പാദനക്ഷമത (fertility) , വിവാഹം, മര്‍ത്യത (mortality), കുടിയേറ്റം (migration), സാമൂഹികമായ ചലനാത്മകത (social mobility) എന്നീ അഞ്ചു ജനസംഖ്യാ പ്രക്രിയകളെക്കുറിച്ചുള്ള സംഖ്യിക പഠനമാണിത്. ഏതു ജനസംഖ്യയുടെയും വലുപ്പം, ഘടന, വിതരണം എന്നിവയെ നിര്‍ണയിക്കുന്നത് ഈ പ്രക്രിയകളാണ്. ഒരു ജനസംഖ്യ നിശ്ചലമായി നില്ക്കുന്നു എന്നതിനര്‍ഥം മുകളില്‍ പറഞ്ഞ ജനസംഖ്യാപ്രക്രിയകള്‍ തമ്മില്‍ താത്കാലികമായ സന്തുലിതാവസ്ഥ നിലനില്ക്കുന്നു എന്നാണ്.

ജനസംഖ്യാശാസ്ത്രത്തിനാവശ്യമായ വിവരങ്ങള്‍ സമാഹരിക്കുന്ന ഏറ്റവും പ്രധാനപ്പെട്ട സ്രോതസ് സെന്‍സസ് ആണ്. ശാസ്ത്രീയമായ അര്‍ഥത്തില്‍ ആധുനിക ദേശീയ രാഷ്ട്രങ്ങളുടെ ആവിര്‍ഭാവത്തോടുകൂടിയാണ് സെന്‍സസ് ആരംഭിക്കുന്നതെങ്കിലും അതിന് പ്രാചീനകാലത്തോളം പഴക്കമുണ്ട്. പ്രാചീന റോമിലും ചൈനയിലും സെന്‍സസ് നടത്തിയിരുന്നതായി തെളിവുകളുണ്ട്. പത്തു വര്‍ഷത്തിലൊരിക്കല്‍ സെന്‍സസ് നടത്തുന്നു. രാജ്യത്തിന്റെ മുക്കിലും മൂലയിലുമുള്ള എല്ലാ വിഭാഗങ്ങളിലുംപെട്ട ജനങ്ങളെ എന്യൂമറേറ്റര്‍ നേരിട്ടുകാണുകയും വിവരങ്ങള്‍ ശേഖരിക്കുകയും ചെയ്യുന്നു.

സെന്‍സസ് സമയത്ത് എന്യൂമറേറ്റര്‍മാര്‍ ശേഖരിക്കുന്ന വിവരങ്ങള്‍ ഇവയാണ്.

1. ലിംഗം (sex)

2. പ്രായം (age)

3. ജാതി/മതം (caste/religion)

4. വൈവാഹിക പദവി (marital status)

5. കുട്ടികളുടെ എണ്ണം (number of children ever born)

6. സാക്ഷരത/വിദ്യാഭ്യാസ ലബ്ധി (literacy/educational attainment)

ജനസംഖ്യാ വിശകലനത്തിനുപയോഗിക്കുന്ന മറ്റൊരു സ്രോതസ്സാണ് ജനന-മരണ രജിസ്ട്രേഷന്‍. ജനനവും മരണവും സംഭവിച്ച് അധികം താമസിയാതെ തന്നെ രജിസ്റ്റര്‍ ചെയ്യുക എന്നത് മിക്ക രാജ്യങ്ങളിലും നിയമംമൂലം നിര്‍ബന്ധമാക്കിയിട്ടുണ്ട്. ജനനം 7 ദിവസത്തിനുള്ളിലും മരണം 15 ദിവസത്തിനുള്ളിലും രജിസ്റ്റര്‍ ചെയ്യണം എന്നതാണ് ഇന്ത്യയിലെ നിയമം. ജനന-മരണ സ്ഥിതിവിവരക്കണക്കുകള്‍ (vital statistics) ജനസംഖ്യാശാസ്ത്രത്തിന്റെ ഒരു മുഖ്യ സൈദ്ധാന്തിക സാമഗ്രിയാണ്.

അടുത്തകാലം വരെ ജനസംഖ്യാ പഠനവും (population study) ജനസംഖ്യാശാസ്ത്രവും സമാനമായ അര്‍ഥത്തിലാണ് വ്യവഹരിച്ചിരുന്നത്. എന്നാല്‍ ഇന്ന് ജനസംഖ്യാശാസ്ത്രം സ്വതന്ത്രവും വ്യതിരിക്തവുമായ ഒരു വിജ്ഞാനശാഖയായി വളര്‍ന്നിട്ടുണ്ട്.

ജനസംഖ്യാശാസ്ത്രത്തിന്റെ ചരിത്രം. ആധുനിക ജനസംഖ്യാശാസ്ത്രത്തിനു തുടക്കം കുറിച്ചത് ആല്‍ഫ്രഡ് ജെ. ലോട്ട്ക്കയാണ് (1925). ജനസംഖ്യയുടെ പ്രത്യുത്പാദനത്തെക്കുറിച്ച് പഠിക്കുന്നതിനുവേണ്ടി അദ്ദേഹം ഒരു ഗണിതശാസ്ത്ര മാതൃക വികസിപ്പിക്കുകയുണ്ടായി. ജനസംഖ്യാശാസ്ത്രത്തിന്റെ പിതാവായി അറിയപ്പെടുന്നത് ഇംഗ്ലീഷുകാരനായ ജോണ്‍ ഗ്രോന്റ് ആണ്. പൊതുശ്മശാനങ്ങളില്‍ നടന്ന ശവസംസ്കാരത്തിന്റെ വാരാന്ത്യ റിപ്പോര്‍ട്ടുകളെ അടിസ്ഥാനമാക്കിയാണ് ഗ്രോന്റ് തന്റെ സിദ്ധാന്തങ്ങള്‍ ആവിഷ്കരിച്ചത്. 16-ഉം 17-ഉം ശ.-ങ്ങളില്‍ ഇംഗ്ലണ്ടില്‍ പ്ളേഗ് പടര്‍ന്നു പിടിച്ചപ്പോള്‍ ഉണ്ടായ മരണത്തിന്റെ കണക്കുകള്‍ ആസ്പദമാക്കിയാണ് ഗ്രോന്റ് ജനസംഖ്യാവളര്‍ച്ചയെ സംബന്ധിച്ച നിയമങ്ങള്‍ക്കു രൂപം നല്കിയത്. ജനസംഖ്യാശാസ്ത്രത്തിന്റെ ചരിത്രത്തില്‍ സാമ്പത്തികശാസ്ത്ര ചിന്തകനായ തോമസ് ആര്‍. മാല്‍ത്തസിന് സുപ്രധാന സ്ഥാനമാണുള്ളത്. 1799-ല്‍ പ്രസിദ്ധീകരിച്ച ജനസംഖ്യാതത്ത്വത്തെക്കുറിച്ച് ഒരു പ്രബന്ധം എന്ന മാല്‍ത്തസിന്റെ കൃതി ആഗോളതലത്തില്‍ തന്നെ ശ്രദ്ധേയമായിത്തീരുകയും വളരെയേറെ വിവാദാസ്പദവുമായിത്തീരുകയും ചെയ്തു. അമിതമായ ജനസംഖ്യാവര്‍ധനവ് മനുഷ്യരുടെ സഹജപ്രവണതയാണെന്നാണ് മാല്‍ത്തസിന്റെ വിഖ്യാതമായ 'ജനസംഖ്യാതത്ത്വം' സിദ്ധാന്തിക്കുന്നത്. യുദ്ധം, ക്ഷാമം, പ്രകൃതിദുരന്തങ്ങള്‍ എന്നീ ഘടകങ്ങളാണ് പരോക്ഷമായി ജനസംഖ്യാവര്‍ധനവ് നിയന്ത്രിക്കുന്നതെന്നു മാല്‍ത്തസ് പറയുന്നു. ജനസംഖ്യാനിയന്ത്രണ സംവിധാനങ്ങള്‍ കര്‍ശനമായി നടപ്പാക്കിയില്ലെങ്കില്‍, ജനസംഖ്യ ക്രമാതീതമായി പെരുകുമെന്ന് മാല്‍ത്തസ് ചൂണ്ടിക്കാണിച്ചു. ഇത്തരത്തിലുള്ള അമിതമായ ജനസംഖ്യാവര്‍ധനവ് മറ്റെല്ലാ സാമ്പത്തിക വികസനപദ്ധതികളെയും അപകടത്തിലാക്കുമെന്നും മാല്‍ത്തസ് മുന്നറിയിപ്പു നല്കി. യൂറോപ്പിന്റെയും അമേരിക്കയുടെയും ചരിത്രം മാല്‍ത്തസിന്റെ ജനസംഖ്യാ പ്രവചനങ്ങളിലധികവും അടിസ്ഥാനരഹിതമാണെന്നു തെളിയിക്കുകയുണ്ടായി. പക്ഷേ, ഏഷ്യനാഫ്രിക്കന്‍-ലാറ്റിനമേരിക്കന്‍ രാജ്യങ്ങളിലെ ജനസംഖ്യാപ്രവണതകള്‍ പരിശോധിച്ചാല്‍ മാല്‍ത്തൂസ്യന്‍ പ്രവചനങ്ങള്‍ യാഥാര്‍ഥ്യമാണെന്നു ബോധ്യമാകും. എന്തായാലും ജനസംഖ്യാപ്രശ്നത്തെ സുപ്രധാനമായ ഒരു സാമൂഹിക ശാസ്ത്രപ്രമേയമാക്കി മാറ്റുന്നതില്‍ മാല്‍ത്തസ് നല്കിയ സംഭാവനകള്‍ ശ്രദ്ധേയമാണ്.

എ.എം.കാര്‍ സാന്‍ഡേഴ്സ് 1922-ല്‍ പ്രസിദ്ധീകരിച്ച ജനസംഖ്യാപ്രശ്നം എന്ന കൃതി, ജനസംഖ്യാശാസ്ത്രത്തിന്റെ വളര്‍ച്ചയിലെ ഒരു നാഴികക്കല്ലാണ്. ജനസംഖ്യാവിജ്ഞാനത്തെ സംബന്ധിച്ച് സാമൂഹിക ശാസ്ത്രാധിഷ്ഠിതമായ ഒരു പരിപ്രേക്ഷ്യം വികസിപ്പിച്ചത് കാര്‍ സാന്‍ഡേഴ്സാണ്. 1925-ല്‍ ആല്‍ഫ്രഡ് ജെ. ലോട്ട്ക്ക സെന്‍സസ് റിപ്പോര്‍ട്ടുകളെ അടിസ്ഥാനമാക്കി ജനസംഖ്യാ മാതൃകകള്‍ ആവിഷ്കരിച്ചതോടെയാണ് ജനസംഖ്യാശാസ്ത്രം പക്വതയാര്‍ന്ന ഒരു സാമൂഹികശാസ്ത്രശാഖ എന്ന അംഗീകാരം നേടുന്നത്. 1927-ല്‍ ജനീവയില്‍ വച്ച് ലീഗ് ഒഫ് നേഷന്‍സ് ലോകജനസംഖ്യാസമ്മേളനം സംഘടിപ്പിച്ചതിനെത്തുടര്‍ന്ന് ജനസംഖ്യാ ശാസ്ത്രത്തിന് സാര്‍വദേശീയമായ അംഗീകാരം ലഭിച്ചു. 1994 സെപ്.-ല്‍ കെയ്റോയില്‍ വച്ചാണ് അവസാനത്തെ ലോകജനസംഖ്യാസമ്മേളനം നടന്നത്.

ജനസംഖ്യാവളര്‍ച്ച. ജനസംഖ്യാശാസ്ത്രത്തിന്റെ പ്രതിപാദനവിഷയങ്ങളില്‍ ഏറ്റവും പ്രധാനം ജനസംഖ്യയുടെ വളര്‍ച്ചാനിരക്കാണ്. ജനസംഖ്യയുടെ വളര്‍ച്ചാനിരക്ക് എന്നതുകൊണ്ടര്‍ഥമാക്കുന്നത് ജനസംഖ്യയിലുണ്ടാകുന്ന വര്‍ധനവോ കുറവോ ആകാം. രണ്ടു സെന്‍സസ് കണക്കുകള്‍ തമ്മിലുള്ള അന്തരത്തെ ജനസംഖ്യാവളര്‍ച്ച എന്നു നിര്‍വചിക്കാം. ഉദാ. 1991-ലെ സെന്‍സസ് പ്രകാരമുള്ള ഇന്ത്യന്‍ ജനസംഖ്യയില്‍ നിന്ന് 1981-ലെ ജനസംഖ്യ കുറച്ചാല്‍ 1981-91 കാലയളവിലെ ഇന്ത്യന്‍ ജനസംഖ്യയുടെ ദശവത്സരവളര്‍ച്ചാ നിരക്ക് ലഭിക്കും. ഈ ജനനനിരക്കിനെ വീണ്ടും 10 കൊണ്ടു ഹരിച്ചാല്‍ വാര്‍ഷികവളര്‍ച്ചാ നിരക്ക് ലഭിക്കും. ജനനം, മരണം, കുടിയേറ്റം എന്നീ ഘടകങ്ങളുടെ പരസ്പര പ്രതിപ്രവര്‍ത്തനമാണ് ജനസംഖ്യാവളര്‍ച്ച നിര്‍ണയിക്കുന്നത്. ഈ ഘടകങ്ങളുടെ സന്തുലിതാവസ്ഥയിലുണ്ടാകുന്ന മാറ്റമാണ് ഒരര്‍ഥത്തില്‍ ജനസംഖ്യാവളര്‍ച്ചയെന്നതുകൊണ്ടര്‍ഥമാക്കുന്നത്. ഈ സന്തുലിതാവസ്ഥ കാലാകാലങ്ങളില്‍ മാറിക്കൊണ്ടിരിക്കും. ആധുനിക കാലത്ത് ജനസംഖ്യ വര്‍ധിക്കുന്ന പ്രവണതയാണ് കാണുന്നത്. സമീപകാലത്തെ ജനസംഖ്യാവര്‍ധനയ്ക്കു പ്രധാനകാരണം ഉയര്‍ന്ന ജനനനിരക്കായിരുന്നു. മരണനിരക്ക് ഗണ്യമായി കുറയ്ക്കാന്‍ സാധിച്ചെങ്കിലും ജനനനിരക്ക് സാവധാനത്തിലേ കുറഞ്ഞുള്ളു.

രണ്ടു സമയത്തെ ജനസംഖ്യകള്‍ തുലനം ചെയ്യുന്നതിനു പുറമേ, ജനനമരണനിരക്കുകള്‍ തമ്മിലുള്ള തുലനത്തിലൂടെയും വളര്‍ച്ചാനിരക്ക് തിട്ടപ്പെടുത്താം. വര്‍ഷംതോറുമുള്ള ആകെ ജനനത്തില്‍ നിന്ന് ആകെ മരണം കുറച്ചാല്‍ ഈ സംഖ്യ ലഭിക്കും. ഈ സംഖ്യയെ അര്‍ധവാര്‍ഷികജനസംഖ്യ കൊണ്ടു ഭാഗിച്ചാല്‍ ജനസംഖ്യയുടെ സ്വാഭാവിക വര്‍ധനനിരക്ക് ലഭിക്കുന്നു. കുടിയേറ്റത്തിന്റെ ഫലങ്ങളെ സ്വാഭാവിക വര്‍ധനനിരക്ക് കണക്കിലെടുക്കുന്നില്ല. കുടിയേറ്റത്തിന്റെ അഭാവത്തില്‍ സ്വാഭാവിക വര്‍ധനനിരക്കും വളര്‍ച്ചാനിരക്കും ഒന്നുതന്നെയാണ്. കുടിയേറ്റമില്ലാത്ത ജനസംഖ്യയെ 'അടഞ്ഞ ജനസംഖ്യ' (closed population) എന്നു വിളിക്കുന്നു. ഗണ്യമായ തോതില്‍ കുടിയേറ്റമുള്ള ജനസംഖ്യ 'തുറന്ന ജനസംഖ്യ' (open population) എന്നറിയപ്പെടുന്നു.

ജനസംഖ്യയുടെ ഘടനയെക്കുറിച്ചുള്ള വിശകലനം ജനസംഖ്യാശാസ്ത്രത്തിന്റെ ഒരു പ്രധാനമേഖലയാണ്. ലിംഗം, പ്രായം, വൈവാഹിക പദവി, നഗര-ഗ്രാമ പാര്‍പ്പിട സൗകര്യങ്ങള്‍, വിദ്യാഭ്യാസപരവും സാമ്പത്തികവുമായ സവിശേഷതകള്‍, മതം, കുടുംബത്തിന്റെ വലുപ്പവും ഘടനയും എന്നീ ഘടകങ്ങളുടെ അടിസ്ഥാനത്തില്‍ ഒരു നിശ്ചിത സമയത്തെ ജനസംഖ്യയുടെ ആന്തരികഘടനയെക്കുറിച്ചുള്ള അപഗ്രഥനത്തെയാണ് ജനസംഖ്യാഘടനാ സിദ്ധാന്തം (Theory of population composition) വിവക്ഷിക്കുന്നത്. ജനസംഖ്യയുടെ ഘടനയെക്കുറിച്ചു പഠിക്കുന്നതിനുള്ള ഏറ്റവും പ്രധാനപ്പെട്ട ഉപാധിയാണ് സ്ത്രീപുരുഷാനുപാതം (sex ratio).ആയിരം പുരുഷന്മാര്‍ക്ക് ഇത്ര സ്ത്രീകള്‍ എന്ന രീതിയിലാണ് സാധാരണയായി സ്ത്രീപുരുഷാനുപാതം കണക്കാക്കുന്നത്.

സ്ത്രീപുരുഷാനുപാതം = screenshot

pf ജനസംഖ്യയിലെ സ്ത്രീകളുടെ എണ്ണം

pm ജനസംഖ്യയിലെ പുരുഷന്മാരുടെ എണ്ണം

ജനസംഖ്യാഘടനയെക്കുറിച്ചുള്ള പഠനത്തിലെ മറ്റൊരു പ്രധാന ഉപാധി പ്രായമാണ്. വിവിധ പ്രായവിഭാഗങ്ങളിലെ വ്യക്തികളുടെ എണ്ണം കണക്കാക്കുന്നതിലൂടെ ജനസംഖ്യയുടെ പ്രായഘടന മനസ്സിലാക്കാന്‍ സാധിക്കും. പ്രായഘടന മൊത്തം ജനസംഖ്യയുടെ വളര്‍ച്ചയെ നിര്‍ണായകമായി സ്വാധീനിക്കുന്ന ഒരു ഘടകമാണ്. ഉദാഹരണമായി 45 വയസ്സിനുമേലുള്ളവര്‍ വളരെയധികമുള്ള ഒരു ജനസംഖ്യയില്‍ ജനനനിരക്ക് കുറവും മരണനിരക്ക് കൂടുതലുമായിരിക്കും. അതായത് ജനസംഖ്യാ വളര്‍ച്ച സാവധാനമായിരിക്കും എന്നര്‍ഥം.

മര്‍ത്യതാപഠനം. ജനസംഖ്യയിലെ മരണപ്രക്രിയയെക്കുറിച്ചുള്ള പഠനത്തെ മര്‍ത്യതാപഠനം എന്നു പറയുന്നു. മരണത്തിന്റെ നൈരന്തര്യം ജനസംഖ്യയെ പാടെ തുടച്ചുനീക്കുന്നില്ല. കാരണം, പ്രത്യുത്പാദനത്തിലൂടെ പുതിയ അംഗങ്ങള്‍ ഉണ്ടായിക്കൊണ്ടിരിക്കുന്നു. ഇത് അനുസ്യൂതമായ പ്രക്രിയയാണ്. മരണനിരക്കും ജനനനിരക്കും തമ്മിലുള്ള സന്തുലിതാവസ്ഥയാണ് ജനസംഖ്യയുടെ വളര്‍ച്ചയെ നിര്‍ണയിക്കുന്നത്.

മര്‍ത്യതയുടെ വിവിധ അളവുകോലുകള്‍.

i. അസംസ്കൃത മരണനിരക്ക് (Crude Death Rate-CDR). സര്‍വസാധാരണമായി ഉപയോഗിക്കുന്ന മര്‍ത്യതാമാപനമാണിത്. ഒരു നിശ്ചിത കാലയളവില്‍ സംഭവിക്കുന്ന മരണങ്ങള്‍ തമ്മിലുള്ള കാലദൈര്‍ഘ്യ(ജനസംഖ്യയിലെ മരണ ആവൃത്തി)ത്തെയാണ് ഈ നിരക്കു സൂചിപ്പിക്കുന്നത്. പ്രതിവര്‍ഷമുള്ള മരണങ്ങളുടെ എണ്ണവും അര്‍ധവാര്‍ഷിക ജനസംഖ്യയും തമ്മിലുള്ള അനുപാതത്തെ അസംസ്കൃതമരണനിരക്ക് എന്നു നിര്‍വചിക്കാവുന്ന-താണ്.

screenshot

ii. പ്രായാധിഷ്ഠിത മരണനിരക്ക് (Age Specific Death Rate- ASDR). സൂക്ഷ്മമായ മര്‍ത്യതാപഠനത്തിന് അസംസ്കൃത മരണനിരക്ക് അപര്യാപ്തമാണ്. വ്യത്യസ്ത പ്രായവിഭാഗങ്ങളുടെയിടയിലുണ്ടാകുന്ന മരണത്തിന്റെ ആവൃത്തി മനസ്സിലാക്കുന്നതിന് പ്രായാധിഷ്ഠിത മരണനിരക്കുകള്‍ ഉപയോഗിക്കുന്നു. സ്ത്രീകള്‍ക്കും പുരുഷന്മാര്‍ക്കുമിടയിലെ മരണം അളക്കുന്നതിന് ലിംഗാധിഷ്ഠിത മരണനിരക്കാണുപയോഗിക്കുന്നത്. പ്രായത്തിന്റെയും ലിംഗത്തിന്റെയും അടിസ്ഥാനത്തില്‍ ജനസംഖ്യയെ വര്‍ഗീകരിക്കുകയും വ്യത്യസ്ത വിഭാഗങ്ങളുടെ പ്രത്യേകമായ മരണനിരക്ക് കണക്കാക്കുകയും ചെയ്യുക എന്നതാണ് ഈ രീതികളുടെ പ്രത്യേകത.

iii. ശിശുമരണനിരക്ക് (Infant Mortality Rate-IMR). ശിശുക്കള്‍ക്കിടയിലെ മരണത്തിന്റെ ആവൃത്തിയെയാണ് ശിശുമരണനിരക്ക് എന്നു പറയുന്നത്. ഒരു വയസ്സിനുള്ളില്‍ സംഭവിക്കുന്ന മരണങ്ങളെയാണ് ശിശുമരണനിരക്കില്‍പ്പെടുത്തുന്നത്. ഈ നിശ്ചിത വര്‍ഷത്തിലെ മൊത്തം ജനനവും പ്രസ്തുത വര്‍ഷത്തില്‍ ഒരു വയസ്സില്‍ താഴെയുള്ള ശിശുക്കളുടെ മരണസംഖ്യയും തമ്മിലുള്ള അനുപാതത്തെ ശിശുമരണനിരക്ക് എന്നു നിര്‍വചിക്കാം. ഈ അനുപാതത്തെ 1000 കൊണ്ടു ഗുണിക്കുക പതിവാണ്. കാരണം, ജനിച്ച 1000 ശിശുക്കളില്‍ ഇത്ര കുഞ്ഞുങ്ങള്‍ ഒരു വയസ്സിനുള്ളില്‍ മരണമടഞ്ഞു എന്നു പറയുമ്പോള്‍, ശിശുമരണനിരക്ക് എന്ന സംജ്ഞ കൂടുതല്‍ വ്യക്തമാവും. ജനസംഖ്യയുടെ വൈദ്യശാസ്ത്രപരവും ആരോഗ്യപരവുമായ സുപ്രധാന സൂചകമാണ് ശിശുമരണനിരക്ക്. ഒരു സമൂഹത്തിന്റെ പൊതുവെയുള്ള വികാസനിലവാരത്തെയും ജീവിതത്തിന്റെ ഭൗതികഗുണനിലവാരത്തെയും അളക്കുന്നതിനുള്ള ഏറ്റവും പ്രധാന ഉപാധിയാണ് ശിശുമരണനിരക്ക്. വര്‍ധിച്ച ശിശുമരണനിരക്ക് താഴ്ന്ന ജീവിതഗുണനിലവാരത്തെയും സാമൂഹിക-സാമ്പത്തിക രംഗങ്ങളിലെ പിന്നോക്കാവസ്ഥയെയുമാണു സൂചിപ്പിക്കുന്നത്. എന്നാല്‍ താഴ്ന്ന ശിശുമരണനിരക്കു വ്യഞ്ജിപ്പിക്കുന്നത് ജീവിതഗുണനിലവാരത്തില്‍ ആര്‍ജിച്ച പുരോഗതിയെയും ഉയര്‍ന്ന സാമൂഹിക-സാമ്പത്തിക വികാസത്തെയുമാണ്. ശാസ്ത്രസാങ്കേതിക പുരോഗതിയുടെ ഫലമായി, പ്രത്യേകിച്ചും വൈദ്യശാസ്ത്രരംഗത്തുണ്ടായ വിസ്മയകരമായ പുരോഗതിയുടെ ഫലമായി വര്‍ത്തമാനകാലത്ത് മിക്ക രാജ്യങ്ങളിലും മരണനിരക്ക് ഗണ്യമായി കുറഞ്ഞിട്ടുണ്ട്. മുന്‍കാലങ്ങളില്‍ വന്‍തോതിലുള്ള മരണനിരക്കിന്റെ പ്രധാന കാരണങ്ങളിലൊന്ന് രോഗങ്ങളും പകര്‍ച്ചവ്യാധികളും മറ്റുമായിരുന്നു. എന്നാല്‍ രോഗങ്ങളും പകര്‍ച്ചവ്യാധികളും പ്രതിരോധിക്കുന്നതിലുണ്ടായ നേട്ടങ്ങള്‍ മരണനിരക്ക് വന്‍തോതില്‍ കുറയ്ക്കുന്നതിനിടയാക്കിയിട്ടുണ്ട്.

പ്രത്യുത്പാദനപഠനം (Study of fertility). ജനസംഖ്യാശാസ്ത്രത്തിലെ ഒരു സുപ്രധാനമേഖലയാണ് പ്രത്യുത്പാദനപഠനം. ഒരു ജനസംഖ്യയിലെ ജനങ്ങളുടെ ആവൃത്തിയാണ് പ്രത്യുത്പാദന പഠനത്തിന്റെ വിഷയം. സ്ത്രീകളുടെ സന്താനോത്പാദനശേഷിയുടെ ഫലമായിട്ടാണ് ജനസംഖ്യയില്‍ പ്രത്യുത്പാദനം നടക്കുന്നത്. എന്നാല്‍ സന്താനോത്പാദനശേഷി കൃത്യമായി അളക്കുക സാധ്യമല്ല. ജനസംഖ്യയിലെ ജനനക്കണക്കുകളുടെ അടിസ്ഥാനത്തില്‍ പ്രത്യുത്പാദനത്തെക്കുറിച്ച് സാമാന്യമായ ചില നിഗമനങ്ങളിലെത്താന്‍ സാധിക്കും. പ്രത്യുത്പാദന പഠനത്തിനാവശ്യമായ പ്രധാന സ്രോതസ്സുകള്‍ ജനനമരണ രജിസ്ട്രേഷന്‍, സെന്‍സസ് റിപ്പോര്‍ട്ടുകള്‍, സാമ്പിള്‍ സര്‍വേകള്‍ എന്നിവയാണ്.

ഒരു ജനസംഖ്യയുടെ പ്രായാധിഷ്ഠിതമായ വിതരണവും ഘടനയും പ്രത്യുത്പാദനനിലയിലെ മാറ്റങ്ങളുമായി ഗാഢമായി ബന്ധപ്പെട്ടിരിക്കുന്നു. ജനസംഖ്യയിലെ യുവജനങ്ങളുടെയും വൃദ്ധജനങ്ങളുടെയും അനുപാതം പ്രധാനമായും ജനനനിരക്കിനെ ആശ്രയിച്ചാണിരിക്കുന്നത്. ജനനനിരക്ക് കുറയുമ്പോള്‍ വൃദ്ധജനങ്ങളുടെ അനുപാതം വര്‍ധിക്കുന്നു. പ്രത്യുത്പാദനമെന്ന ജനസംഖ്യാ പ്രക്രിയയുടെ നിര്‍ണയനത്തില്‍ സന്താനോത്പാദനശേഷിക്കു പുറമെ, സാമൂഹികവും സാമ്പത്തികവും മനഃശാസ്ത്രപരവുമായ ഘടകങ്ങള്‍ സ്വാധീനം ചെലുത്തുന്നു. മിക്ക അവികസിത രാജ്യങ്ങളിലെയും കുടുംബാസൂത്രണപദ്ധതികളുടെ മുഖ്യലക്ഷ്യം തന്നെ ജനനനിരക്ക് കുറയ്ക്കുക എന്നതാണ്. സമൂഹത്തിന്റെ സദാചാരസങ്കല്പങ്ങളിലും മൂല്യസംഹിതകളിലും ആധുനികതയോടുള്ള സമീപനത്തിലും കാതലായ മാറ്റങ്ങള്‍ ഉണ്ടായാലേ കുടുംബാസൂത്രണ പദ്ധതികള്‍ വിജയിക്കുകയുള്ളു.

ഒരു ജനസംഖ്യയുടെ പ്രത്യുത്പാദനം മാപനം ചെയ്യുന്നതിന് വിവിധ സൂചകങ്ങള്‍ ഉപയോഗിച്ചുവരുന്നു. അസംസ്കൃത ജനനനിരക്ക് (Crude Birth Rate-CBR), പൊതു പ്രത്യുത്പാദന നിരക്ക് (General Fertility Rate-GFR), പ്രായാധിഷ്ഠിത പ്രത്യുത്പാദന നിരക്ക് (Age Specefic Fertility Rate-ASFR), മൊത്തം പ്രത്യുത്പാദന നിരക്ക് (Total Fertility Rate) എന്നിവയാണ് ഈ സൂചകങ്ങള്‍. ഒരു നിര്‍ദിഷ്ട വര്‍ഷത്തിലെ മൊത്തം ജനനങ്ങളും പ്രസ്തുതവര്‍ഷത്തിലെ അര്‍ധവാര്‍ഷിക ജനസംഖ്യയും തമ്മിലുള്ള അനുപാതമാണ് അസംസ്കൃത ജനനനിരക്ക് എന്നതുകൊണ്ടര്‍ഥമാക്കുന്നത്. വിവിധ പ്രായവിഭാഗങ്ങളില്‍പ്പെടുന്നവരുടെ പ്രത്യുത്പാദനനിരക്ക് പ്രത്യേകമായി കണക്കാക്കുന്ന രീതിക്കാണ് പ്രായാധിഷ്ഠിത പ്രത്യുത്പാദനനിരക്ക് എന്നു പറയുന്നത്. പ്രായാധിഷ്ഠിത പ്രത്യുത്പാദനനിരക്കുകളില്‍ നിന്നും ജനസംഖ്യയുടെ പ്രത്യുത്പാദന പ്രവണതകള്‍ മനസ്സിലാക്കാന്‍ സാധിക്കും. ഈ പ്രവണതകളെ ഒരു പൊതുസൂചകമായി ചിത്രീകരിക്കുമ്പോള്‍ മൊത്തം പ്രത്യുത്പാദന നിരക്ക് ലഭിക്കുന്നു. ആയിരം സ്ത്രീകള്‍ ഉള്‍പ്പെടുന്ന ഒരു സഹജനി(cohort)ക്ക് ഒരു ആയുഷ്കാലത്ത് ഉണ്ടാകാന്‍ സാധ്യതയുള്ള കുട്ടികളുടെ എണ്ണമാണ് മൊത്തം പ്രത്യുത്പാദനനിരക്ക് എന്ന സംജ്ഞ വിവക്ഷിക്കുന്നത്. പൊതു പ്രത്യുത്പാദനനിരക്ക് എന്നതുകൊണ്ടര്‍ഥമാക്കുന്നത് ഒരു നിര്‍ദിഷ്ട വര്‍ഷത്തിലെ ജനനങ്ങളും പ്രത്യുത്പാദനശേഷിയുള്ള (15-നും 49-നും ഇടയ്ക്കു പ്രായമുള്ള) സ്ത്രീകളുടെ എണ്ണവും തമ്മിലുള്ള അനുപാതമാണ്.

ജനസംഖ്യാ സംക്രമണം (Demographic transition). ഒരു പരമ്പരാഗത കാര്‍ഷിക സമൂഹത്തില്‍ നിന്നും ആധുനിക വ്യാവസായിക സമൂഹത്തിലേക്കുള്ള വിപ്ലവകരമായ പരിവര്‍ത്തനഘട്ടത്തില്‍, ജനസംഖ്യയുടെ പ്രത്യുത്പാദന സ്വഭാവത്തിലുണ്ടാകുന്ന സവിശേഷമായ മാറ്റങ്ങളെയാണ് ജനസംഖ്യാസംക്രമണം എന്നു പറയുന്നത്. പരമ്പരാഗത സമൂഹങ്ങളുടെ പ്രത്യേകത ജനനമരണനിരക്കുകള്‍ ഒരുപോലെ ഉയര്‍ന്നതായിരിക്കും എന്നതാണ്. ആധുനിക സമൂഹത്തിലേക്കുള്ള പരിവര്‍ത്തനഘട്ടത്തില്‍ വൈദ്യശാസ്ത്രപുരോഗതിയുടെയും മറ്റും ഫലമായി മരണനിരക്കുകള്‍ ഗണ്യമായി കുറയുന്നു. ജനനമരണപ്രക്രിയകള്‍ ഒരു നിശ്ചിത തുലനാവസ്ഥയില്‍ നിലനിര്‍ത്തുകയെന്നത് ഏതൊരു സമൂഹത്തിന്റെയും പ്രത്യേകതയാണ്. മരണനിരക്കിലെ കുറവിന് ആനുപാതികമായി ജനനനിരക്ക് കുറയ്ക്കേണ്ടത് ആവശ്യമാണ്. ഇത്തരം ജനസംഖ്യാനിയന്ത്രണത്തിനുള്ള സ്വാഭാവിക സംവിധാനങ്ങള്‍ എല്ലാ സമൂഹങ്ങളും ആവിഷ്കരിച്ചിട്ടുണ്ട്. ഉയര്‍ന്ന ജനനമരണനിരക്കുകളില്‍ നിന്നും താഴ്ന്ന ജനനമരണനിരക്കുകളിലേക്കുള്ള മാറ്റത്തെയാണ് ജനസംഖ്യാ സംക്രമണം എന്നു പറയുന്നത്. സംക്രമണഘട്ടത്തില്‍ മരണനിരക്ക് ജനനനിരക്കിനെക്കാള്‍ കുറവാണ്. അതിനാല്‍ മിതമായോ ത്വരിതഗതിയിലോ ജനസംഖ്യ വര്‍ധിക്കുന്നു. സംക്രമണാനന്തരഘട്ടത്തില്‍ ജനനമരണ നിരക്കുകള്‍ വളരെ താഴുന്നു. അതിനാല്‍ ജനസംഖ്യാവര്‍ധനവ് ഏതാണ്ട് പൂജ്യമായിരിക്കും. സംക്രമണപൂര്‍വഘട്ടത്തില്‍ ജനനനിരക്കും മരണനിരക്കും ഒരുപോലെ ഉയര്‍ന്നതാണ്. അതുകൊണ്ട് വര്‍ധനനിരക്ക് ഏതാണ്ട് പൂജ്യമാണ്. ജനസംഖ്യ ഏതാണ്ട് നിശ്ചലമായി നില്ക്കുന്നു എന്നു പറയാം. വികസിത രാഷ്ട്രങ്ങളില്‍ ആധുനിക വികാസങ്ങള്‍ ഉണ്ടാകുന്നതിനുമുമ്പുതന്നെ ജനനമരണനിരക്കുകള്‍ കുറയാനാരംഭിച്ചിരിക്കുന്നു. അതുപോലെ തന്നെ ജനനനിരക്ക് കുറയാനാരംഭിക്കുന്നതിനു മുമ്പുതന്നെ മരണനിരക്ക് കുറഞ്ഞുതുടങ്ങിയിരുന്നു. ക്രമേണയാണ് ഈ രണ്ടു നിരക്കുകള്‍ തമ്മില്‍ തുല്യത ഉണ്ടാകുന്നത്. ഈ നിരക്കുകള്‍ തമ്മിലുള്ള അന്തരം കാരണം സംക്രമണത്തിന്റെ ആദ്യഘട്ടത്തില്‍ ത്വരിതഗതിയിലാണ് ജനസംഖ്യ വര്‍ധിക്കുന്നത്.

ക്രമാതീതമായ ജനസംഖ്യാവര്‍ധനവ് സാമൂഹിക സാമ്പത്തിക പുരോഗതിയെ പിന്നോട്ടു വലിക്കുന്ന ശക്തിയാണെന്നതില്‍ സംശയമില്ല. സമൂഹത്തില്‍ ലഭ്യമായ വിഭവശേഷിക്ക് ആനുപാതികമായിരിക്കണം ജനസംഖ്യ. എന്നാല്‍ ജനസംഖ്യ അമിതമായി പെരുകിയാല്‍, വിഭവങ്ങളുടെ അമിതമായ ഉപയോഗത്തിനും ക്രമേണ വിഭവദൗര്‍ബല്യത്തിനും ഇടയാകും. ജനങ്ങളുടെ എണ്ണം വര്‍ധിക്കുന്നതിനനുസരിച്ച് പ്രകൃതിയിലെ വിഭവങ്ങള്‍ വര്‍ധിക്കുന്നില്ല. ജനസംഖ്യ ക്രമാതീതമായി വര്‍ധിക്കുന്ന ഒരു സമൂഹത്തില്‍ പ്രകൃതിവിഭവങ്ങളുടെ ചൂഷണവും വര്‍ധിക്കും. ഇത് പാരിസ്ഥിതികമായ സന്തുലിതാവസ്ഥയെ തകിടം മറിക്കുന്നതിനിടയാക്കുകയും ചെയ്യും. ചുരുക്കത്തില്‍, പരിസ്ഥിതി നാശത്തിനിടയാക്കുന്ന ഘടകങ്ങളിലൊന്നാണ് അമിതമായ ജനസംഖ്യാവര്‍ധനവ്. അതിനാല്‍ ലഭ്യമായ വിഭവങ്ങള്‍ക്കനുസൃതമായ രീതിയില്‍, പരമാവധി സാമൂഹിക സാമ്പത്തിക പുരോഗതിയുണ്ടാക്കാന്‍ കഴിയുംവിധം ജനസംഖ്യാവളര്‍ച്ച നിയന്ത്രിക്കേണ്ടത് അനിവാര്യമാണ്. ശക്തമായ ഒരു ജനസംഖ്യാനയത്തിലൂടെ മാത്രമേ ഈ ലക്ഷ്യം സാക്ഷാത്കരിക്കാനാവുകയുള്ളു. പാരിസ്ഥിതികമായി നിലനില്‍ക്കുന്ന വികസന (sustainable development)ത്തിന് അനുയോജ്യമായിരിക്കണം ആധുനിക സമൂഹങ്ങളുടെ ജനസംഖ്യാനയം.

"http://web-edition.sarvavijnanakosam.gov.in/index.php?title=%E0%B4%9C%E0%B4%A8%E0%B4%B8%E0%B4%82%E0%B4%96%E0%B5%8D%E0%B4%AF" എന്ന താളില്‍നിന്നു ശേഖരിച്ചത്
താളിന്റെ അനുബന്ധങ്ങള്‍
സ്വകാര്യതാളുകള്‍