This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.
Reading Problems? see Enabling Malayalam
ജങ് ജ്യൂയെ (എ.ഡി. 2-ാം ശ.)
സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്
ജങ് ജ്യൂയെ (എ.ഡി. 2-ാം ശ.)
Chang Chueh
ചൈനയിലെ മഞ്ഞശിരോവസ്ത്രധാരി വിഭാഗ(Yellow Turban Sect)ത്തിന്റെ ഉപജ്ഞാതാവ്. ഇദ്ദേഹം എന്നു ജനിച്ചു എന്നു വ്യക്തമല്ല. 184-ല്‍ ഭരണാധികാരികള്‍ രണ്ടു സഹോദരന്മാരോടൊപ്പം ഇദ്ദേഹത്തെ പിടികൂടി വധിച്ചു. ആഭിചാരക്കാരനും രോഗശാന്തിദായകനും ബുക്ക് ഒഫ് ഗ്രേറ്റ് പീസ് എന്ന ഗ്രന്ഥത്തിന്റെ കര്‍ത്താവുമായ യൂ ഛി(Yu Chi)യുടെ പിന്‍ഗാമി എന്ന നിലയിലാണ് ഇദ്ദേഹം പ്രവര്‍ത്തനം ആരംഭിച്ചത്. ഹാന്‍ വംശത്തിന്റെ 'നീലസ്വര്ഗം' (Blue Heaven) എന്ന സങ്കല്പത്തെ മാറ്റി 'മഞ്ഞ സ്വര്‍ഗം' (Yellow Heaven) സ്ഥാപിക്കാന്‍ ദൈവികമായ വെളിപാട് തനിക്കുണ്ടായതായി ജങ് ജ്യൂയെ അവകാശപ്പെട്ടിരുന്നു. ഈ വിശ്വാസ പ്രചരണത്തിനായി 175-ല്‍ എട്ട് സുവിശേഷക്കാരെ മധ്യചൈനയിലും പടിഞ്ഞാറന്‍ ചൈനയിലുമായി ഇദ്ദേഹം അയച്ചിരുന്നു. തന്റെ ഗുരുവിനെപ്പോലെ ജങ് ജ്യൂയെയും സമൂഹ കുമ്പസാരം, പ്രാര്‍ഥന, ലൈംഗിക ക്രിയകള്‍ എന്നിവ വഴി അനുയായികള്‍ക്ക് രോഗശാന്തി നല്‍കിയിരുന്നു. പാപകര്മങ്ങളാണ് രോഗകാരണം എന്ന വിശ്വാസം ഈ വിഭാഗക്കാര്‍ പുലര്‍ത്തിയിരുന്നു.
'മഞ്ഞ സ്വര്‍ഗം' ഉണ്ടാകും എന്ന പ്രതീക്ഷയിലാണ് ജങ് ജ്യൂയെയുടെ അനുയായികള്‍ തലയില്‍ മഞ്ഞത്തുണി ചുറ്റിയിരുന്നത്. ഹുവാങ് ലോ(Huang-lao)യെ ആരാധിച്ചിരുന്ന ഇവര്‍ സമത്വസുന്ദരവും സമാധാനം നിറഞ്ഞതുമായ 'സ്വര്ണയുഗം' ഉണ്ടാകും എന്നു വിശ്വസിച്ചിരുന്നു. സാമൂഹികവ്യവസ്ഥിതിയെപ്പറ്റിയുള്ള കണ്‍ഫ്യൂഷ്യന്‍ ചിന്തകള്‍ക്ക് എതിരായിരുന്നു ഇവരുടെ വിശ്വാസങ്ങള്‍. പ്രാദേശികതലത്തില്‍ ഓരോ ഗവര്‍ണര്‍മാരായിരുന്നു മഞ്ഞ ശിരോവസ്ത്രധാരികളെ നിയന്ത്രിച്ചിരുന്നത്. ജങ് ജ്യൂയെയും സഹോദരന്മാരായ ല്അങ് ജ്യൂയെ (Liang Chueh), പൗ ജ്യൂയെ (Pao Chueh) എന്നിവരെയും യഥാക്രമം സ്വര്‍ഗം, ഭൂമി, മനുഷ്യന് എന്നിവയുടെ അധിപന്മാരായി അവരോധിച്ചിരുന്നു.
ഏതാണ്ട് 10 വര്‍ഷക്കാലം ജങ് ജ്യൂയെ തന്റെ പ്രവര്‍ത്തനങ്ങള്‍ വിജയകരമായി നിര്‍വഹിച്ചിരുന്നു. ചൈനയുടെ പല പ്രവിശ്യകളിലും പതിനായിരക്കണക്കിന് അനുയായികള്‍ ഇദ്ദേഹത്തിന് ഉണ്ടായി. 184-ല്‍ മഞ്ഞശിരോവസ്ത്രധാരികള് വിപ്ലവത്തിലേക്കു തിരിഞ്ഞതിനെത്തുടര്‍ന്ന് ജങ് ജ്യൂയെ വധിക്കപ്പെട്ടു. ഇദ്ദേഹത്തിന്റെ മരണശേഷവും ഗവണ്മെന്റിനു ഭീഷണിയായി ഈ വിഭാഗം നിലനിന്നിരുന്നു. ഹാന്‍വംശത്തിന്റെ തകര്‍ച്ചയ്ക്ക് ഇവരും പങ്കാളികളായിരുന്നു.