This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

ജങ് ജി ഷ്യൂ (1092 - 1126)

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

ജങ് ജി ഷ്യൂ (1092 - 1126)

Chang-Chi-Hsieu

ചൈനയിലെ ഒരു ദൗയിസ്റ്റ് ആചാര്യന്‍. സുങ് (Sung) വംശ ഭരണകാലത്താണ് ഇദ്ദേഹം ജീവിച്ചിരുന്നത്. ഏകാന്തധ്യാനത്തിനും അഹിംസയ്ക്കും അതിപ്രാധാന്യം നല്കുന്ന ചൈനയിലെ ഒരു പുരാതന മതമാണ് ദൗയിസം (Taoism). ദൗയിസ്റ്റ് മതത്തിന്റെ ഒരു ശാഖ 'സ്വര്‍ഗീയാചാര്യന്മാരുടെ ശാഖ' (Celestial Masters Branch) എന്ന പേരില്‍ അറിയപ്പെടുന്നു. രണ്ടാം ശ.-ല്‍ ജങ് ലൂ നേതൃത്വം നല്കിയ ദൗയിസ്റ്റ് വിഭാഗത്തിന്റെ പതിമൂന്നാമത്തെ പരമാചാര്യനായിരുന്നു ജങ് ജി ഷ്യൂ.

ഒമ്പതാമത്തെ വയസ്സില്‍ പരമാചാര്യനായി അവരോധിക്കപ്പെട്ട ജങ് 11-ാമത്തെ വയസ്സില്‍ ചൈനീസ് ചക്രവര്‍ത്തി ഹ്വെ സുങ്ങി(Hui-tsung)ന്റെ കൊട്ടാരത്തില്‍ സന്ദര്‍ശനം നടത്തി. ചക്രവര്‍ത്തിയുടെ ചോദ്യങ്ങള്‍ക്ക് സമുചിതമായ മറുപടി നല്കാന്‍ കഴിഞ്ഞ ജങ് അനുമോദനാര്‍ഹനായി. മാന്ത്രികച്ചെപ്പ് (talisman) ഉപയോഗിച്ച് പല അദ്ഭുതങ്ങള്‍ കാണിക്കുന്നതിനും ജങ്ങിന് കഴിഞ്ഞിരുന്നു. ചക്രവര്‍ത്തി 1104-ല്‍ ജങ്ങിനെ തന്റെ രാജസദസ്സിലെ അംഗമാക്കി. ദൗയിസത്തെക്കുറിച്ച് തനിക്കുള്ള അപാരപാണ്ഡിത്യം ചക്രവര്‍ത്തിയെ ബോധ്യപ്പെടുത്താന്‍ ജങ്ങിനു കഴിഞ്ഞു. ഇതില്‍ സന്തുഷ്ടനായ ചക്രവര്‍ത്തി ജങ്ങിനു പല ബഹുമതികളും നല്കി.

ചക്രവര്‍ത്തിയുടെ കല്പന അനുസരിച്ച് ദൗയിസ്റ്റ് വഴിപാടുകള്‍ വഴിയും മാന്ത്രികച്ചെപ്പ് ഉപയോഗിച്ചും ദുഷ്ടശക്തികളെ അകറ്റി നിര്‍ത്തുന്നതിനും അനേകര്‍ക്കു രോഗശാന്തി നല്കുന്നതിനും ജങ്ങിനു കഴിഞ്ഞു. അടുത്തവര്‍ഷം ജങ് ജന്മനാട്ടിലേക്കു മടങ്ങി. 1112-ല്‍ ചക്രവര്‍ത്തി വീണ്ടും ജങ്ങിനെ കൊട്ടാരത്തിലെക്കു ക്ഷണിച്ചു; ജങ് ഒരു ശിഷ്യനെ അയയ്ക്കുകയും സുങ് വംശത്തിനു സാമ്രാജ്യത്തിന്റെ വടക്കുഭാഗം നഷ്ടപ്പെടുമെന്ന രഹസ്യതാക്കീത് നല്കുകയും ചെയ്തു. എന്നാല്‍ ചക്രവര്‍ത്തി ഇത് അത്ര കാര്യമായി പരിഗണിച്ചില്ല. ശത്രുസൈന്യം തലസ്ഥാന നഗരിയില്‍ പ്രവേശിച്ചപ്പോള്‍ ചക്രവര്‍ത്തിക്ക് തെറ്റു മനസ്സിലാകുകയും ജങ്ങിനെ കൊട്ടാരത്തില്‍ കൂട്ടിക്കൊണ്ടുവരാന്‍ ദൂതനെ അയയ്ക്കുകയും ചെയ്തു. ദൂതന്‍ എത്തുമ്പോള്‍ ജങ് തന്റെ മരണകാവ്യം രചിച്ചുകൊണ്ടിരിക്കുകയായിരുന്നു. അധികം താമസിയാതെ ജങ് അന്തരിച്ചു; അതേ ദിവസം തന്നെ സുങ് സാമ്രാജ്യത്തിന്റെ വടക്കന്‍ പ്രദേശത്തിന്റെ തലസ്ഥാന നഗരം ശത്രുക്കള്‍ കൈയടക്കുകയും ചെയ്തു.

താളിന്റെ അനുബന്ധങ്ങള്‍
സ്വകാര്യതാളുകള്‍