This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.
Reading Problems? see Enabling Malayalam
ജങ് ഈ (1033 - 1107)
സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്
ജങ് ഈ (1033 - 1107)
Chang I
ഒരു നവ-കണ്‍ഫ്യൂഷ്യന്‍ തത്ത്വചിന്തകന്. തന്റെ കാലഘട്ടത്തില്‍ ചൈനയിലെ ഏറ്റവും പ്രശസ്തനായ അധ്യാപകന് എന്ന ഖ്യാതി ഇദ്ദേഹത്തിനുണ്ട്; ചക്രവര്‍ത്തിയെ കണ്‍ഫ്യൂഷ്യന്‍ ക്ലാസ്സിക്കുകള്‍ പഠിപ്പിച്ചിരുന്നത് ഇദ്ദേഹമാണ്. ജങ് ഈ യും സഹോദരന് ജങ് ഹൗവും ചേര്‍ന്നാണ് തത്ത്വത്തില്‍ (Li) അധിഷ്ഠിതമായ നവ-കണ്‍ഫ്യൂഷ്യന്‍ പ്രസ്ഥാനത്തിന് അടിത്തറ പാകിയത്. ചൈനീസ് തത്ത്വശാസ്ത്ര രംഗത്ത് നിരവധി നൂറ്റാണ്ടുകള്‍ ഇതു നിറഞ്ഞുനിന്നിരുന്നു. 'മൂലതത്ത്വം' (Principle) ആണ് ഈ ചിന്താപദ്ധതിയുടെ മുഖ്യവിഷയം.
നവ-ദൗയിസ്റ്റുകളും ബുദ്ധിസ്റ്റുകളും ഈ ആശയം നേരത്തെ തന്നെ ഉള്‍ക്കൊണ്ടിരുന്നെങ്കിലും ജങ് ഈ യും സഹോദരന് ജങ് ഹൗവും ചേര്‍ന്നാണ് ഇതിന് ഒരു സൈദ്ധാന്തിക രൂപം നല്‍കിയത്. ഈ സിദ്ധാന്തപ്രകാരം 'മൂലതത്ത്വം' അഥവാ 'അടിസ്ഥാന കാരണം' എല്ലാ വസ്തുക്കളിലും കുടികൊള്ളുന്നു. മൂലതത്ത്വം എല്ലായിടത്തുമുണ്ട്; അതാണ് വസ്തുക്കള്‍ക്ക് പൂര്‍ണത നല്‍കുന്നതും എല്ലാത്തിനെയും നിയന്ത്രിക്കുന്നതും. അതിനെ നമ്മുടെ നഗ്നനേത്രങ്ങള്‍ കൊണ്ട് ദര്‍ശിക്കാവുന്നതാണ്. അതിനെ ചെറുതാക്കാനോ വലുതാക്കാനോ സാധ്യമല്ല. അതു പലതാണെങ്കിലും അടിസ്ഥാനപരമായി ഒന്നാണ്. മൂലകാരണം ഒന്നുതന്നെയാണെങ്കിലും അതു പലതായി പ്രത്യക്ഷപ്പെടുന്നു. മൂലതത്ത്വം തന്നെയാണ് പ്രപഞ്ചസത്യം; അതു പ്രപഞ്ചനിയമമാണ്; പ്രപഞ്ച ക്രമീകരണമാണ്; പ്രപഞ്ചസൃഷ്ടിയുടെ അടിസ്ഥാനകാരണമാണ്. മനുഷ്യനും മറ്റു വസ്തുക്കളും ഒറ്റ ശരീരമാണ്; എന്തുകൊണ്ടെന്നാല്‍ അവയെല്ലാം മൂലതത്ത്വത്തില് ഉള്‍ക്കൊള്ളുന്നു. മനുഷ്യമനസ്സിനോടും വസ്തുക്കളുടെ സ്വഭാവത്തോടും ഇതിനെ താരതമ്യം ചെയ്യാവുന്നതാണ്. മൂലകാരണം വസ്തുക്കള്‍ക്ക് ജന്മം നല്കുന്നു. അത് നന്മ നിറഞ്ഞതാണ്. അതിനാല്‍ അതു നന്മയുടെ ഉറവിടമാണ്. അതുകൊണ്ട് മൂലകാരണത്തെ അനുസരിക്കുകയാണ് നല്ല ജീവിതത്തിനുള്ള മാര്‍ഗം. ജങ് ഈ യുടെ ദര്‍ശനത്തിന്റെ അടിസ്ഥാനപ്രമാണങ്ങള്‍ ഇവയായിരുന്നു. നോ. ചൈനീസ് തത്ത്വശാസ്ത്രം