This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

ചൗഹാന്‍, സുഭദ്രാകുമാരി (1904 - 47)

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

ചൗഹാന്‍, സുഭദ്രാകുമാരി (1904 - 47)

സ്വാതന്ത്ര്യസമരസേനാനിയും ഹിന്ദി സാഹിത്യകാരിയും. 1904-ല്‍ പ്രയാഗിനടുത്ത് ജനിച്ചു. അലഹബാദിലായിരുന്നു വിദ്യാഭ്യാസം. 15-ാമത്തെ വയസ്സില്‍ പ്രസിദ്ധ സ്വാതന്ത്ര്യസമരസേനാനി താക്കൂര്‍ ലക്ഷ്മണ്‍ സിങ് ചൗഹാനെ വിവാഹം കഴിച്ചു. വിവാഹത്തിനു ശേഷവും പഠനം തുടര്‍ന്നു. മഹാത്മാഗാന്ധിയുടെ നേതൃത്വത്തില്‍ നിസ്സഹകരണ പ്രസ്ഥാനം കരുത്താര്‍ജിച്ചപ്പോള്‍ ഇവര്‍ സജീവ പങ്കാളിയായി. 1923-ലും 42-ലും ഇന്ത്യന്‍ സ്വാതന്ത്ര്യസമരപോരാട്ടത്തിന്റെ ഭാഗമായി ജയില്‍ ശിക്ഷ അനുഭവിച്ചു. കുറേക്കാലം നിയമസഭാസാമാജികയായും സേവനമനുഷ്ഠിച്ചിട്ടുണ്ട്.

കുട്ടിക്കാലം മുതലേ കാവ്യരചനാതാത്പര്യം ഉണ്ടായിരുന്നു. പിതാവ് രാംനാരായണ്‍ സിംഹ് നിരവധി ഭക്തികാവ്യങ്ങള്‍ രചിച്ചിട്ടുള്ളയാളായിരുന്നതിനാല്‍ കവിതാലോകത്തേക്കു പ്രവേശിക്കുന്നതിനു വേണ്ടത്ര അവസരവും പ്രോത്സാഹനവും ലഭിച്ചിരുന്നു. അന്നത്തെ ഏറ്റവും പ്രസിദ്ധ സാഹിത്യ മാസികകളായ സരസ്വതിയിലും മാധുരിയിലുമായി ചെറുപ്പത്തിലേ തന്നെ കവിതകളെഴുതി ശ്രദ്ധേയയാകാന്‍ സുഭദ്രാകുമാരിക്കു കഴിഞ്ഞിരുന്നു. ദൈനംദിന ജീവിതത്തിലെ ചെറുതും വലുതുമായ സംഭവങ്ങള്‍ ഉള്‍ക്കാഴ്ചയോടെ അവതരിപ്പിച്ചിട്ടുള്ളവയാണ് ഇവരുടെ കവിതകളിലധികവും. അവയുടെയെല്ലാം അടിത്തട്ടില്‍ ദേശാഭിമാനത്തിന്റെ തെളിനീര്‍പ്രവാഹം ഉണ്ടായിരുന്നു. അനുപമമായ ശൈലിയിലായിരുന്നു അവയുടെ ആവിഷ്കരണമെന്നതും ശ്രദ്ധേയമാണ്. ഝാന്‍സി കീ റാണി ആണ് ഏറ്റവും പ്രസിദ്ധമായ കാവ്യം. സ്വാതന്ത്ര്യസമരത്തിന്റെ തീക്ഷ്ണദിനങ്ങളില്‍ ഈ കവിത പകര്‍ന്ന ആവേശം നിര്‍ണായകമായിരുന്നു. വീരോം കാ കൈസാ ഹോ വസന്ത് എന്ന കാവ്യവും യുവതലമുറയെ ആവേശഭരിതരാക്കിയിട്ടുണ്ട്. മുകുള്‍, ബിഖരേ മോത്തി എന്നിവയാണ് ഇവരുടെ മറ്റു കാവ്യ സമാഹാരങ്ങള്‍.

ഇടത്തരക്കാരുടെ സങ്കീര്‍ണമായ ജീവിതത്തിന്റെ സൂക്ഷ്മ ചിത്രണം കൊണ്ട് ചേതോഹരമായ നിരവധി ചെറുകഥകള്‍ സുഭദ്രാകുമാരി രചിച്ചിട്ടുണ്ട്. അവ ഉന്മാദിനി എന്ന പേരില്‍ സമാഹരിച്ചിട്ടുണ്ട്. ഇവരെഴുതിയ ബാലസാഹിത്യകൃതികളുടെ സമാഹാരമാണ് സഭാ കേ ഖേല്‍. 1947-ല്‍ ഒരു വാഹനാപകടത്തില്‍ സുഭദ്രാകുമാരി ചൗഹാന്‍ അന്തരിച്ചു.

താളിന്റെ അനുബന്ധങ്ങള്‍
സ്വകാര്യതാളുകള്‍