This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

ചോളമണ്ഡലം

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

ചോളമണ്ഡലം

ചിത്രകാരന്മാരുടെയും ശില്പികളുടെയും ഒരു കോളനി. ചെന്നൈ നഗരത്തില്‍നിന്നും 37 കി.മീ. അകലെ പഴയ പല്ലവ സാമ്രാജ്യത്തിന്റെ നാവിക തലസ്ഥാനമായിരുന്ന മഹാബലിപുരത്തേക്കു പോകുന്ന വഴിയില്‍, അടയാറില്‍ നിന്നും ഏതാനും കിലോമീറ്റര്‍ അകലെയായി സ്ഥിതി ചെയ്യുന്ന ഈ കലാഗ്രാമം 1966 ഏ. 13-നാണ് സ്ഥാപിതമായത്. ചോളമണ്ഡലം ഇന്ന് ലോകത്തിന്റെ ശ്രദ്ധ പിടിച്ചെടുക്കാന്‍ കഴിഞ്ഞ ഒരു കലാകേന്ദ്രമായി മാറിയിട്ടുണ്ട്. ഈ ആര്‍ട്ടിസ്റ്റ്സ് കോളനി വിഭാവനം ചെയ്യുകയും അതു ഫലപ്രദമായി നടപ്പാക്കുകയും ചെയ്തത് പ്രസിദ്ധ ചിത്രകാരനും മദ്രാസ് ഫൈന്‍ ആര്‍ട്സ് കോളജിന്റെ മുന്‍ പ്രിന്‍സിപ്പലുമായിരുന്ന കെ.സി.എസ്. പണിക്കരാണ്.

ആദ്യമായി 40 പേര്‍ ഇവിടെ സ്ഥലം വാങ്ങി. ഏകദേശം എട്ട് ഏക്കര്‍ സ്ഥലത്ത് 18 കലാകാരന്മാര്‍ സ്വന്തം വീടുകള്‍ വച്ചു താമസമാക്കി. പുല്ലുമേഞ്ഞ കൂരകള്‍ മുതല്‍ കോണ്‍ക്രീറ്റ് വീടുകള്‍ വരെ ഇവിടെ ഉണ്ട്. ചോളമണ്ഡലം ശില്പികളുടെ ഏതാനും രചനകള്‍ തുറന്ന സ്ഥലത്ത് പ്രദര്‍ശിപ്പിച്ചിട്ടുണ്ട്. പാര്‍പ്പിടങ്ങള്‍ കൂടാതെ ചിത്രകാരന്മാരുടെ രചനകള്‍ പ്രദര്‍ശിപ്പിക്കാനൊരു സ്ഥിരം ആര്‍ട്ട് ഗാലറിയും നല്ലൊരു ഗ്രന്ഥശാലയും ലോഹപണിപ്പുരയും സ്റ്റുഡിയോ സൗകര്യങ്ങളും ചെളി കൊണ്ടുണ്ടാക്കുന്ന ശില്പങ്ങള്‍ ചുട്ടെടുക്കാനുള്ള ചൂളയും ഒരു ഓപ്പണ്‍ എയര്‍ തിയെറ്ററും ഇവിടെ ഉണ്ട്. ജര്‍മനിയുടെ സാമ്പത്തിക സഹായത്തോടെ അടുത്ത കാലത്ത് ഗസ്റ്റ് ഹൌസും നിര്‍മിച്ചിട്ടുണ്ട്. ഒരു ഗ്രാഫിക് പ്രസ്സും നിലവില്‍ വന്നു. ആദ്യകാലത്തെ അന്തേവാസികളില്‍ കെ.സി.എസ്. പണിക്കരുടെ ശിഷ്യന്മാരും മറ്റു ചിലരുമുണ്ടായിരുന്നു. ജെ. സുല്‍ത്താന്‍ അലി (1920-), പി.വി. ജാനകി റാം (1930-), ജയപാലപ്പണിക്കര്‍, ആര്‍ട്ടിസ്റ്റ് വിശ്വനാഥന്‍, കെ.വി. ഹരിദാസ്, കാനായി കുഞ്ഞിരാമന്‍, സേനാധിപതി, കെ.സി.എസ്സിന്റെ പുത്രന്‍ ശില്പി നന്ദഗോപാല്‍, സി. ഡഗ്ലസ്, എസ്.ജി. വാസുദേവ്, കെ.ആര്‍. ഹരി, എം.വി. ദേവന്‍, കാര്‍ട്ടൂണിസ്റ്റ് നമ്പൂതിരി, എം. റെഡ്ഡപ്പ നായിഡു, അക്കിത്തം നാരായണന്‍ എന്നിവര്‍ പല ഘട്ടങ്ങളിലായി ഇവിടെ താമസിച്ചിരുന്നു. മുഖ്യമായി കേരളം, ആന്ധ്ര, തമിഴ്നാട്, കര്‍ണാടക എന്നീ സംസ്ഥാനങ്ങളിലെ കലാകാരന്മാരാണ് ഇവിടേക്ക് ആകര്‍ഷിക്കപ്പെട്ടത്.

കലാകാരന്മാര്‍ ഒരുമിച്ച് ഒരിടത്ത് താമസിച്ച്, അവര്‍ നേരിടുന്ന പ്രശ്നങ്ങള്‍ കൂട്ടായി ചര്‍ച്ച ചെയ്ത് പ്രായോഗിക പരിഹാര മാര്‍ഗങ്ങള്‍ കണ്ടുപിടിക്കുക എന്ന ലക്ഷ്യത്തോടെയാണ് ചോളമണ്ഡലം സ്ഥാപിക്കപ്പെട്ടത്. ഈ കലാഗ്രാമത്തിലെ കലാകാരന്മാര്‍ ഏതെങ്കിലും ഒരു അധീശശക്തിക്കു വിധേയരാകുന്നില്ല. സ്വതന്ത്രമായി കലാസൃഷ്ടി ചെയ്യാനും തുടര്‍ പഠനവും പരീക്ഷണങ്ങളും നടത്താനുള്ള സാഹചര്യം സൃഷ്ടിക്കുന്നതിനുമാണ് മുഖ്യമായി ലക്ഷ്യമിടുന്നത്. കരകൌശല വസ്തുക്കള്‍ നിര്‍മിച്ചു വിപണിയിലെത്തിച്ച് ഉപജീവനത്തിനാവശ്യമായ തുകയുടെ നല്ലൊരു ഭാഗം ഇവര്‍ കണ്ടെത്തുന്നു. ബാതിക് പ്രിന്റുകള്‍, ടെറാക്കോട്ട സൃഷ്ടികള്‍, ലോഹനിര്‍മിതവസ്തുക്കള്‍ എന്നിവയുടെ നിര്‍മാണത്തില്‍ ഇവിടത്തെ കലാകാരന്മാര്‍ ശ്രദ്ധ വയ്ക്കുന്നു. മികച്ച, അക്കാദമിക് വിദ്യാഭ്യാസം നേടിയ കലാകാരന്മാരാണ് ഇവിടെ കരകൌശലപ്പണികള്‍ ചെയ്യുന്നതും നേതൃത്വം വഹിക്കുന്നതും. അതിനാല്‍ കരകൌശല സാധനങ്ങള്‍ക്ക് ഉയര്‍ന്ന നിലവാരമുണ്ട്.

ഡല്‍ഹിയിലെ നാഷണല്‍ ഗാലറി ഒഫ് മോഡേണ്‍ ആര്‍ട്സില്‍ ഇവരുടെ രചനകള്‍ക്ക് സ്ഥിരം പ്രദര്‍ശനാനുമതിയും ലഭിച്ചിട്ടുണ്ട്. വെനീസ് ബൈന്യല്‍, പാരിസ് ബൈന്യല്‍, ടോക്ക്യോ ഇന്റര്‍നാഷണല്‍ തുടങ്ങിയ പ്രദര്‍ശനങ്ങളില്‍ ഇവര്‍ പങ്കെടുത്തിട്ടുണ്ട്. കൂട്ടായ്മ ഇവരുടെ വൈയക്തിക പ്രതിഭയുടെയും ഭാവനയുടെയും ചക്രവാളങ്ങള്‍ വികസ്വരമാകാന്‍ സഹായിച്ചിട്ടുണ്ട്. ബൗദ്ധികവും കലാദാര്‍ശനികവുമായ പ്രശ്നങ്ങള്‍ ഒരുമിച്ചിരുന്നു ചര്‍ച്ച ചെയ്യുവാനും ആശയവിനിമയം ചെയ്യുവാനും പരസ്പരം സ്വാധീനിക്കുവാനും അവസരം ലഭിച്ച ചോളമണ്ഡലം കലാകാരന്മാര്‍ക്ക് സര്‍ഗ രചനാരംഗത്ത് വിജയകരമായ നേട്ടങ്ങള്‍ കൈവരിക്കാന്‍ കഴിഞ്ഞിരിക്കുന്നു. ഈ കോളനി ഒരു മാതൃകാസ്ഥാപനമായി മാറിക്കഴിഞ്ഞിട്ടുണ്ട്. ജനസമൂഹത്തില്‍നിന്നും അകന്ന് ദന്തഗോപുരത്തില്‍ കഴിയുന്നവരല്ല ഇവര്‍. നിത്യജീവിതത്തിന്റെ വിവിധ മുഖങ്ങള്‍ അടുത്തറിയാന്‍ തമിഴ് നാട്ടിലെ ജനങ്ങളും കോളനിയിലെത്തുന്ന തദ്ദേശീയരും വിദേശീയരുമായ മനുഷ്യര്‍, കലാകുതുകികള്‍, മറ്റു കലാകാരന്മാര്‍ എന്നിവരുമായുള്ള സമ്പര്‍ക്കം മുതലായവ ഇവരെ ആവേശഭരിതരാക്കുന്നു. പല വിശിഷ്ട വ്യക്തികളും കലാകാരന്മാരുടെ ആതിഥ്യം സ്വീകരിച്ച് ചോളമണ്ഡലത്തില്‍ ദിവസങ്ങളോളം താമസിക്കാറുണ്ട്.

ന്യൂ ഡല്‍ഹിയിലെ ഗാര്‍ഹി വില്ലേജും ഇത്തരത്തിലുള്ള മറ്റൊരു സംരംഭമാണ്. ന്യൂയോര്‍ക്കില്‍ ഗ്രീനിച്ച് വില്ലേജില്‍ കലാകാരന്മാര്‍ താമസിച്ച് ചിത്രരചനയും മറ്റും നടത്തുന്നുണ്ടെങ്കിലും ചോളമണ്ഡലത്തിലെ മാതൃകാപരമായ കൂട്ടായ്മ അവിടെ കാണുന്നില്ല.

താളിന്റെ അനുബന്ധങ്ങള്‍
സ്വകാര്യതാളുകള്‍