This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

ചോരസ്രാവ്

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

17:25, 19 ഫെബ്രുവരി 2016-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Technoworld (സംവാദം | സംഭാവനകള്‍)

ചോരസ്രാവ്

നീളം കൂടിയ ഒരിനം സ്രാവ്. പ്ലാജിയോസ്റ്റോമേറ്റ (Plagiostomata) വര്‍ഗത്തിന്റെ ഉപവര്‍ഗമായ സെലാച്ചോയ്ഡൈ(Selachoidei)യിലെ കര്‍കാരിനിഡെ കുടുംബത്തില്‍പ്പെടുന്നു. ശാസ്ത്രനാമം: ട്രയെനോഡോണ്‍ ഒബ്ട്യൂസസ് (Triaenodon obtuses). ഉഷ്ണമേഖലാ പ്രദേശങ്ങളില്‍ കണ്ടുവരുന്ന ഇത്തരം സ്രാവുകള്‍ ഇന്ത്യയിലെയും പാകിസ്താനിലെയും കടലുകളില്‍ സര്‍വസാധാരണമാണ്. ആക്രമണത്തിനിരയായി മുറിവേല്ക്കപ്പെട്ടാല്‍ക്കൂടിയും ഇവ മനുഷ്യനെ തിരിച്ചാക്രമിക്കാന്‍ മടിക്കാറില്ല. ഇക്കാരണത്താലാവാം ഇവ ചോരസ്രാവുകള്‍ എന്ന് അറിയപ്പെടുന്നത്. ബ്ളണ്ട് ഹെഡ് ഷാര്‍ക്ക് (Blunt head shark) എന്നും ഇവ അറിയപ്പെടുന്നു.

ചോരസ്രാവ്

ശരീരത്തിനു വാലിനെക്കാള്‍ നീളക്കൂടുതലുള്ള സ്രാവുകളാണിവ. ചാരനിറത്തില്‍ തൂവെള്ള കലര്‍ന്ന നിറമാണിവയ്ക്ക്; പ്രത്യേകിച്ചും വാലിന്റെ മേല്‍ഭാഗത്തിന്. മോന്ത ചെറുതും വൃത്താകാരത്തിലുള്ളതുമാണ്. വായ്ക്കു മുന്നിലായി മോന്തയുടെ അഗ്രത്തു ശ്വസനരന്ധ്രങ്ങള്‍ കാണപ്പെടുന്നു. വായില്‍ ചുണ്ടിന്റെ അഗ്രഭാഗത്ത് തടിപ്പുകളുണ്ട്. പല്ലുകള്‍  screenshot  എന്ന കണക്കിനു രണ്ടു വരികളായി കാണാം. ദൃഢമായതും മുനയുള്ളതുമാണ് മധ്യവരിപ്പല്ലുകള്‍. ഇരുപാര്‍ശ്വങ്ങളിലുമായി ചെറിയ ശീതാഗ്രമായ പാര്‍ശ്വവരിപ്പല്ലുകളും ഉണ്ട്. നാലുചുറ്റും മുനയോടും മധ്യത്തില്‍ ചെറുകുഴിയോടും സ്ഥിതിചെയ്യുന്ന പല്ലിന്റെ വിന്യാസം മേല്‍കീഴ്ത്താടികളില്‍ ഒരുപോലെയാണ്. ഭുജപത്രവും (pectoral fin) പൃഷ്ടപത്രവും (dorsal) പുച്ഛപത്രവും (caudal fin) കാണപ്പെടുന്നു. പുച്ഛപത്രത്തിനു ശരീരത്തിന്റെ മൊത്തം നീളത്തിന്റെ നാലിലൊന്നു നീളമുണ്ട്. വാലിലേതു കൂടാതെ ഇത്തരം സ്രാവുകള്‍ക്കു 128 കശേരുക്കളുണ്ട്.

ചോരസ്രാവുകള്‍ പ്രസവത്തിലൂടെയാണ് കുഞ്ഞുങ്ങള്‍ക്കു ജന്മം നല്കുന്നത്. ഒരു പ്രസവത്തില്‍ ഒന്നുമുതല്‍ അഞ്ചുവരെ കുഞ്ഞുങ്ങളുണ്ടാകും. ജനനസമയത്ത് സു. 45 സെ.മീ. നീളം കാണും. ആണ്‍സ്രാവുകള്‍ സു. 85 സെന്റിമീറ്ററും പെണ്‍സ്രാവുകള്‍ സു. 100 സെന്റിമീറ്ററും നീളം വയ്ക്കുമ്പോള്‍ പ്രായപൂര്‍ത്തിയിലെത്തുന്നു. സു. 165 സെ.മീ. നീളമുള്ള ചോരസ്രാവുകളെയും കണ്ടെത്തിയിട്ടുണ്ട്.

കടലിനടിയിലെ പവിഴപ്പുറ്റുകളിലും ചെറുതുരങ്കങ്ങളിലും അലസഗമനം നടത്തുന്ന ഇത്തരം സ്രാവുകള്‍ ചെറുമീനുകള്‍, ഞണ്ടുകള്‍, കൊഞ്ചുകള്‍, നീരാളികള്‍ എന്നിവയെ ഭക്ഷിക്കുന്നു.

(ഡോ. എ.സി. ഫെര്‍ണാന്റസ്)

താളിന്റെ അനുബന്ധങ്ങള്‍
സ്വകാര്യതാളുകള്‍