This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

ചൊറി

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

07:23, 4 ഫെബ്രുവരി 2016-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Technoworld (സംവാദം | സംഭാവനകള്‍)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)

ചൊറി

Scabies

അതിവേഗം സംക്രമിക്കുന്ന ഒരു ചര്‍മരോഗം. സാര്‍കോപ്റ്റസ് [Sarcoptes (Acaras) Scabiei] ടരമയശലശപ എന്നിയിനം ചെള്ളിലെ പെണ്‍വര്‍ഗമാണ് രോഗഹേതു. ചൊറിച്ചിലാണ് പ്രത്യേക ലക്ഷണം.

പൂര്‍ണവളര്‍ച്ചയെത്തുന്ന പെണ്‍ചെള്ളിന് സു. 0.4 മി.മീ. നീളം ഉണ്ടാവും. അണ്ഡാകൃതിയുള്ള ഇവയെ നഗ്നനേത്രങ്ങള്‍കൊണ്ട് കാണാനാവും. പെണ്‍ ചെള്ള് ചര്‍മത്തിന്റെ ഉപരിതലം തുളച്ചു കയറി മാളമുണ്ടാക്കി മുപ്പതോളം മുട്ടകളിട്ടശേഷം നശിക്കുന്നു. മുട്ടവിരിഞ്ഞെത്തുന്ന ലാര്‍വകള്‍ തുടരെത്തുടരെ ചര്‍മം പൊഴിച്ചശേഷമാണ് പൂര്‍ണവളര്‍ച്ച പ്രാപിക്കുന്നത്. ലാര്‍വകളും ആണ്‍ ചെള്ളുകളും രോമകൂപങ്ങളിലാണ് വസിക്കുന്നത്. ഗര്‍ഭാധാനം കഴിഞ്ഞാല്‍ ആണ്‍ചെള്ള് നശിക്കുന്നു. പെണ്‍ചെള്ള് മാളങ്ങളിലേക്കു കടക്കുന്നു. ഒരു ജീവിതചക്രം പൂര്‍ത്തിയാക്കാന്‍ 10 ദിവസം എടുക്കും. ചെള്ള് ശരീരത്തു പ്രവേശിച്ചു കഴിഞ്ഞാല്‍ രണ്ട് ആഴ്ചയ്ക്കുള്ളില്‍ ചൊറിച്ചില്‍ ആരംഭിക്കുന്നു. രോഗിയുടെ ശരീരസ്പര്‍ശത്തിലൂടെയാണ് രോഗം പകരുന്നത്. പ്രധാനമായും കുട്ടികളെയും ചെറുപ്പക്കാരെയുമാണ് ചൊറി പെട്ടെന്നു ബാധിക്കുന്നത്.

വിരലിടകള്‍, മണിബന്ധം, കക്ഷം, ലിംഗപ്രദേശം എന്നീ ഭാഗങ്ങളിലാണ് ചൊറി ആദ്യം പ്രത്യക്ഷപ്പെടുന്നത്. ഇവിടങ്ങളില്‍ ചാരനിറവും പൊറ്റപിടിച്ചതുമായ ചെറിയ പൊക്കലുകളായി ചെള്ളുകളുടെ മാളങ്ങള്‍ കാണാന്‍ കഴിയും. തുടര്‍ന്ന് മറ്റ് അവയവങ്ങളിലും ഉദരത്തിലും ചുവന്ന നിറത്തില്‍ തിണര്‍പ്പുകള്‍ പ്രത്യക്ഷപ്പെടുന്നു. ചെള്ളിന്റെ ആക്രമണം നിരന്തരവും രൂക്ഷവുമായ ചൊറിച്ചിലിനിടയാക്കുന്നു. രാത്രിയിലാണ് ചൊറിച്ചില്‍ വര്‍ധിക്കുന്നത്. ശരീരം മാന്തിപ്പൊളിക്കുന്നതുമൂലം വ്രണവും പൊറ്റയും ധാരാളമുണ്ടാകുന്നു. സംവേദനക്ഷമത കുറഞ്ഞവരിലും (ഉദാ. കുഷ്ഠം) മന്ദബുദ്ധികളിലും (ഉദാ. മംഗോളിസം) ചൊറിച്ചില്‍ കാര്യമായി അനുഭവപ്പെടുകയില്ല.

ലിന്‍ഡോന്‍ ലോഷന്‍ (ഗാമാബെന്‍സീന്‍ ഹെക്സാക്ലോറൈഡ്) പോലുള്ള കീടനാശിനി രോഗിയുടെ കഴുത്തു മുതല്‍ താഴോട്ട് ശരീരമാസകലം പുരട്ടുകയാണ് ഒരു ചികിത്സാരീതി. ലോഷന്‍ ചെള്ളുകളെ നശിപ്പിച്ചാലും ചൊറിച്ചില്‍ രണ്ടാഴ്ച കൂടി നിലനില്ക്കും. ഈ സമയത്ത് കലാമിന്‍ ലോഷന്‍ പുരട്ടാവുന്നതാണ്. രോഗിയുമായി ശാരീരികബന്ധമുള്ളവരും ഇതര കുടുംബാംഗങ്ങളും ഒരേ സമയം ചികിത്സയ്ക്ക് വിധേയരാവണം. നോ. ചെള്ള്

ആയുര്‍വേദത്തില്‍. ചൊറിക്ക് പാമ എന്ന ശാസ്ത്രനാമമാണ് ആയുര്‍വേദ ഗ്രന്ഥങ്ങളില്‍ നല്‍കിയിട്ടുള്ളത്. ത്വഗ്രോഗങ്ങളെ എല്ലാം ചേര്‍ത്ത് കുഷ്ഠം എന്ന വിപുലമായ സംജ്ഞയും ഇതിനു നല്കിയിട്ടുണ്ട്. ത്വക്കിലുണ്ടാകുന്ന ചൊറിച്ചിലും കുരുക്കളും ചൊറിയുടെ ആരംഭമാകാം. ചൊറി പ്രായേണ ഉണ്ടാകുന്നത് ശുചിത്വക്കുറവുകൊണ്ടാണ്. വൃത്തിഹീനമായ ശരീരം, മലിനമായ ആഹാരം ഇവ രോഗകാരണങ്ങളില്‍പ്പെടുന്നു. ചില പ്രത്യേകതരം ആഹാരം കഴിക്കുക, കൂട്ടിച്ചേര്‍ത്തു കഴിക്കുക എന്നിവ കൊണ്ടും രോഗമുണ്ടാകാം. പ്രാരംഭത്തില്‍ ചൊറിഞ്ഞ് രക്തം പൊടിച്ച്, ആ രക്തം ദുഷിച്ച് പ്രത്യേകതരം ഗന്ധം ഉണ്ടാകുന്നു. അയില, മത്തി (ചാള) എന്നീ മത്സ്യങ്ങളുടെ തൊലിയിലുള്ള ചില പ്രത്യേകരാസവസ്തുക്കള്‍ ഈ രോഗം ഉണ്ടാക്കുകയും വര്‍ധിപ്പിക്കുകയും ചെയ്യും. ഈ തരത്തിലുള്ള മത്സ്യം കൂടുതലായി ഉപയോഗിക്കുന്ന തീരദേശവാസികളില്‍ താരതമ്യേന രോഗം കൂടുതലായി കണ്ടുവരുന്നുണ്ട്. രോഗം ബാധിച്ചവര്‍ ഇടയ്ക്കിടെ വയറിളക്കുന്നത് നല്ലതാണ്. കുളകാദി, ഗുളച്യാദി, പടോലകടുരോഹിണ്യാദി എന്നിങ്ങനെയുള്ള കഷായങ്ങളും നാല്പാമരാദികേരം, ഗോപാംഗനാകേരം, ചെമ്പരത്യാദികേരം, ദിനേശവല്യാദിതൈലം എന്നീ തൈലങ്ങളും താരതമ്യേന ഗുണമുള്ളവയാണ്. ഔഷധോപയോഗത്തോടൊപ്പം ബാഹ്യാഭ്യന്തരശുചിത്വത്തിനും പ്രാധാന്യം നല്കണം. രോഗം ബാധിച്ച ശരീരഭാഗങ്ങളും പലതവണ ഔഷധംകൊണ്ടു തയ്യാറാക്കിയ വെള്ളം കൊണ്ടു കഴുകണം. ശുദ്ധജലസ്നാനം-പ്രത്യേകിച്ചും ഒഴുക്കുള്ള ജലത്തിലെ സ്നാനം-കൈകണ്ട ഔഷധമാണ്. രോഗം ബാധിച്ചവരെ മാറ്റിപ്പാര്‍പ്പിച്ചു ചികിത്സിക്കണം. അവരുടെ വസ്ത്രം, പാത്രങ്ങള്‍ എന്നിവ പ്രത്യേകമായിത്തന്നെ വയ്ക്കണം. കുരുമുളകുവള്ളി ചതച്ചു കഴുകുന്നതും കദളിപ്പഴവും ഇന്തുപ്പും കൂടി കുഴച്ച് ചൊറിയുള്ള ഭാഗത്തു തേച്ചു പിടിപ്പിച്ച് കുറച്ചു സമയത്തിനുശേഷം കഴുകിക്കളയുന്നതും വിശിഷ്ട ചികിത്സയാണ്. സര്‍പ്പദോഷം കൊണ്ട് ഈ രോഗം ഉണ്ടാവാമെന്ന് ചിലര്‍ വിശ്വസിച്ചുവരുന്നു. ഉരഗവര്‍ഗത്തിന്റെ പുറത്തുള്ള രാസവസ്തുക്കളുടെ സമ്പര്‍ക്കമാണ് രോഗകാരണം.

(ഡോ. എന്‍.എസ്. നാരായണന്‍ നായര്‍)

"http://web-edition.sarvavijnanakosam.gov.in/index.php?title=%E0%B4%9A%E0%B5%8A%E0%B4%B1%E0%B4%BF" എന്ന താളില്‍നിന്നു ശേഖരിച്ചത്
താളിന്റെ അനുബന്ധങ്ങള്‍
സ്വകാര്യതാളുകള്‍