This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.
Reading Problems? see Enabling Malayalam
ചെല്ലപ്പന്‍ നായര്‍, എന്‍.പി. (1903 - 72)
സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്
ചെല്ലപ്പന്‍ നായര്‍, എന്‍.പി. (1903 - 72)
മലയാളസാഹിത്യകാരന്‍. നാടകകൃത്ത്, നടന്‍, ചെറുകഥാകൃത്ത്, ഹാസ്യകാരന്‍ എന്നീ നിലകളില്‍ പ്രസിദ്ധന്‍. 1903 ഒ. 4-ന് മാവേലിക്കരയില്‍ പരമേശ്വരന്‍ പിള്ളയുടെയും കല്യാണിയമ്മയുടെയും മകനായി ജനിച്ചു. ബി.എ; ബി.എല്‍. ബിരുദങ്ങളെടുത്തശേഷം തിരുവിതാംകൂര്‍ സര്‍ക്കാര്‍ സര്‍വീസില്‍ ഉദ്യോഗസ്ഥനായി. കേരളാവാട്ടര്‍ ട്രാന്‍സ്പോര്‍ട്ട് കോര്‍പ്പറേഷന്‍ ജനറല്‍ മാനേജര്‍ ആയാണ് റിട്ടയര്‍ ചെയ്തത്. കുറേക്കാലം ദേശബന്ധു ആഴ്ചപ്പതിപ്പിന്റെ പത്രാധിപര്‍ എന്ന നിലയിലും പ്രവര്‍ത്തിച്ചിട്ടുണ്ട്.
സി.വി. രാമന്‍പിള്ളയുടെയും ഇ.വി. കൃഷ്ണപിള്ളയുടെയും പിന്‍ഗാമിയായി മലയാളത്തിലെ പ്രഹസന ശാഖയെ സമ്പന്നമാക്കിയ എഴുത്തുകാരനാണ് ഇദ്ദേഹം. ജനപ്രീതി നേടിയ പ്രഹസനങ്ങളുടെയും മറ്റു നാടകങ്ങളുടെയും നല്ല ഘടകങ്ങള്‍ സംയോജിപ്പിച്ചുകൊണ്ട് ഒരു പുതിയ പ്രഹസനശൈലി ഇദ്ദേഹം ആവിഷ്കരിക്കുകയുണ്ടായി. ഇരുപത്തിയഞ്ചിലധികം പ്രഹസനങ്ങള്‍ ചെല്ലപ്പന്‍ നായര്‍ രചിച്ചിട്ടുണ്ട്. പ്രേമവൈചിത്യ്രം അഥവാ ശശിധരന്‍ ബി.എ., മിന്നല്‍പ്രണയം, വികടയോഗി, പ്രണയജാംബവാന്‍, ആറ്റംബോംബ്, ലഫ്റ്റനന്റ് നാണി, ക്ഷീരബല സഹചരാദികഷായത്തില്‍, ഇടിയും മിന്നലും എന്നിവയാണ് പ്രധാനപ്പെട്ടവ. പുരാണ കഥാവലംബിതമായ നാടകമാണു കര്‍ണന്‍.
ഇരുപത് ചെറുകഥാസമാഹാരങ്ങള്‍ ചെല്ലപ്പന്‍ നായരുടെതായുണ്ട്. മലക്കുകളും ഇബിലീസുകളും, കാക്കകളും കാക്കത്തമ്പുരാട്ടികളും, ഏറെനേരും ഏറെനുണയും തുടങ്ങിയവ വിഖ്യാതങ്ങളാണ്. ഇദ്ദേഹത്തിന്റെ തെരഞ്ഞെടുത്ത കഥകള്‍ ഗ്രന്ഥരൂപത്തില്‍ പ്രകാശിപ്പിച്ചിട്ടുണ്ട്. കൊഴിഞ്ഞുവീണ കാട്ടുപൂക്കള്‍, സുഭദ്രാ ബി.എ. എന്നീ നോവലുകളും ചെല്ലപ്പന്‍ നായര്‍ രചിച്ചിട്ടുണ്ട്. അകളങ്കമായ ഹാസ്യബോധം കൊണ്ട് അനുഗൃഹീതമാണ് ഇദ്ദേഹത്തിന്റെ സാഹിത്യരചനകള്‍. സരസലേഖനങ്ങളുടെ സമാഹാരമാണ് കഥകള്‍ കാര്യങ്ങള്‍ കഥയില്ലായ്മകള്‍. ജീജാഭായി അഥവാ ശിവാജിയുടെ മാതാവ് എന്ന ജീവചരിത്രവും ഇദ്ദേഹം രചിച്ചിട്ടുണ്ട്.
ഇ.വി. കൃഷ്ണപിള്ളയുടെ ബി.എ. മായാവിയിലെ നായകവേഷം അഭിനയിച്ചുകൊണ്ട് നടന്‍ എന്ന നിലയില്‍ ശ്രദ്ധേയനായി.
ചരിത്രഗവേഷകന്‍, പ്രഭാഷകന്‍ എന്നീ നിലകളിലും ഇദ്ദേഹം പ്രസിദ്ധനായിരുന്നു. 1961-ല്‍ ഇബ്ലീസിന്റെ നാട്ടില്‍ എന്ന കൃതിക്ക് കേരളസാഹിത്യ അക്കാദമി അവാര്‍ഡ് കിട്ടി. 1972 സെപ്. 3-നു ചെല്ലപ്പന്‍ നായര്‍ അന്തരിച്ചു. മുന്‍ സംസ്ഥാന ചീഫ് സെക്രട്ടറിയും സാഹിത്യകാരനുമായ സി.പി. നായര്‍ ഐ.എ.എസ്. ഇദ്ദേഹത്തിന്റെ മകനാണ്.