This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

ചെറുകിട ആയുധങ്ങള്‍

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

ചെറുകിട ആയുധങ്ങള്‍

20 മി. മീറ്ററില്‍ കുറഞ്ഞ കലിബെറി(calibre)ലുള്ള വെടിയുണ്ട ഉപയോഗിക്കുന്ന ആയുധങ്ങള്‍. റൈഫിള്‍, സബ് മെഷിന്‍ ഗണ്‍ (SMG), ലൈറ്റ് മെഷിന്‍ ഗണ്‍ (LMG), പിസ്റ്റള്‍ എന്നിവ ഈ വിഭാഗത്തില്‍പ്പെടുന്നു. ഇവയില്‍ മിക്കവയും വ്യക്തിക്കു കൈയില്‍ കൊണ്ടുനടന്ന് ഉപയോഗിക്കാവുന്നതാണ്.

വെടിമരുന്നിന്റെ കണ്ടുപിടിത്തത്തിനുശേഷമാണ് ചെറുകിട ആയുധങ്ങള്‍ പ്രചരിച്ചു തുടങ്ങിയത്. മാച്ച് (match) അല്ലെങ്കില്‍ സ്ലോ മാച്ച് (slow match) എന്ന വെടിമരുന്നുതിരിയുടെ കണ്ടുപിടിത്തമാണ് ചെറുകിട ആയുധങ്ങളുടെ ആവിര്‍ഭാവത്തിന് ഇടനല്കിയത്. പൊട്ടാഷ്യം നൈട്രേറ്റ് ലായനിയില്‍ മുക്കി ഉണക്കിയെടുത്ത തിരിയാണ് 'മാച്ച്'. കത്തിച്ചാല്‍ ഇത് വളരെ പതിയ പുകഞ്ഞുകൊണ്ടിരിക്കും.

1460-80 കാലയളവിലാണ് ചെറുകിട ആയുധങ്ങളില്‍ 'മാച്ച്' ഉപയോഗിച്ചു തുടങ്ങിയത്. ജര്‍മന്‍കാരാണ് ഇതിന്റെ നിര്‍മാണത്തില്‍ മുന്‍കൈ എടുത്തത്. ചെറിയ പീരങ്കികളില്‍ 'ട' ആകൃതിയിലുള്ള കാഞ്ചി (trigger) തിരുക്കുറ്റിയില്‍ ഉറപ്പിച്ചിരുന്നു. ഈ കാഞ്ചിയുടെ ഒരറ്റത്തുള്ള ഡോഗുകളില്‍ (dogs) 'വെടിമരുന്നുതിരി' അഥവാ 'മാച്ച്' കത്തിച്ചു പിടിക്കും. കാഞ്ചിയുടെ മറ്റേ ഭാഗം ഉയര്‍ത്തുമ്പോള്‍ 'വെടിമരുന്നുതിരി' താഴ്ന്നു വന്ന് പീരങ്കിക്കുള്ളില്‍ ഒരു തളികയില്‍ വച്ചിരിക്കുന്ന വെടിമരുന്നിനെ കത്തിക്കുന്നു. ഈ സംവിധാനം പരിഷ്കരിച്ചു നിര്‍മിച്ചതാണ് 'മാച്ച്ലോക്ക്'. കാഞ്ചി, മാച്ചിനെ കേന്ദ്രീകരിച്ചുള്ള സംവിധാനം, അവയെ തമ്മില്‍ ബന്ധിപ്പിക്കുന്ന സിയര്‍ (sear), 'മാച്ച്' താഴ്ന്നു വരുമ്പോള്‍ തളികയുടെ അടുപ്പു തുറക്കുന്ന രീതിയിലുള്ള സംവിധാനം എന്നിവ ചേര്‍ന്നതാണ് മാച്ച് ലോക്ക്.

എപ്പോഴും ഒരു 'മാച്ച്' പുകഞ്ഞുകൊണ്ടിരിക്കണമെന്നത് മാച്ച് സംവിധാനത്തിന്റെ പ്രധാന പോരായ്മയാണ്. സു. 15-ാം ശ.-ത്തില്‍ ഇതിനു പരിഹാരമായി ജര്‍മനിയിലെ തോക്കു നിര്‍മാതാക്കള്‍ വീല്‍ ലോക്ക് (Wheel lock) കണ്ടുപിടിച്ചു. ഇതില്‍ ഒരു സ് പ്രിങ്ങിന്റെ സഹായത്തോടെ തിരിയുന്ന ചക്രമുണ്ട്. ചക്രത്തിനോട് ഉരസുന്ന രീതിയില്‍ ഇരുമ്പു പൈറൈറ്റു (iron pyrite) തുണ്ടു ഘടിപ്പിക്കുന്നു. തോക്കിലെ കാഞ്ചി വലിച്ചാല്‍ ചക്രം തിരിഞ്ഞ് ഇരുമ്പ് പൈറൈറ്റു തുണ്ടുമായി ഉരസുന്നു. ഈ ഘര്‍ഷണംമൂലമുണ്ടാകുന്ന തീപ്പൊരി ഫ്ളാഷ് പാനിലേക്കു പതിക്കുന്ന രീതിയിലാണ് ചക്രത്തിന്റെ ഘടന. കാഞ്ചി വലിച്ച് ആവശ്യമുള്ളപ്പോള്‍ വെടിവയ്ക്കാം എന്ന സൗകര്യം ഇതുമൂലം ലഭിച്ചു തുടങ്ങി. എന്നാല്‍ നിര്‍മാണപ്രക്രിയ ചെലവേറിയതും വളരെ സൂക്ഷ്മവുമായതിനാല്‍ വീല്‍ ലോക്ക് സംവിധാനമുള്ള തോക്കുകള്‍ അന്നു കുതിരപ്പടയാളികള്‍ക്കു മാത്രമേ നല്കിയിരുന്നുള്ളൂ.

അടുത്തതായി കണ്ടുപിടിക്കപ്പെട്ടത് തീക്കല്ല് ഉപയോഗിച്ചു കൊണ്ടുള്ള ഫ്ലിന്റ് ലോക്ക് സംവിധാനമാണ്. 17-ാം ശതകത്തിന്റെ മധ്യകാലത്തോടുകൂടി ഫ്രാന്‍സില്‍ വികസിപ്പിച്ചെടുത്തതാണിത്. ഉരുക്കു തകിടിനോട് തീക്കല്ല് ഉരച്ചാണ് തീയുണ്ടാക്കിയിരുന്നത്. കോക്കി(cock)ലാണ് തീക്കല്ല് ഘടിപ്പിച്ചിരുന്നത്. കോക്ക് ഘടിപ്പിച്ചിരുന്നത് അതിന്റെ തിരിക്കുറ്റി കേന്ദ്രമാക്കി കറങ്ങാന്‍ പാകത്തിലാണ്. ഇങ്ങനെ കറങ്ങുമ്പോള്‍ ഒരു ഉരുക്കുതകിടുമായി (ഫ്രിസ്സന്‍) തീക്കല്ല് ഉരസുന്നു. ഇതുമൂലമുണ്ടാകുന്ന തീപ്പൊരികള്‍ ഫ്ളാഷ് പാനിലിരിക്കുന്ന വെടിമരുന്നി (priming powder)ലേക്ക് പതിക്കുന്നു. ഇവ കൂടാതെ കോക്കിനെയും ഫ്രിസ്സനെയും മറ്റും ഉറപ്പിച്ചു നിര്‍ത്താനായി മറ്റ് സ് പ്രിങ്ങുകളും ഫ്ലിന്റ് ലോക്ക് സംവിധാനത്തിലുപയോഗിച്ചിരുന്നു. വീല്‍ ലോക്ക് സംവിധാനത്തെ അപേക്ഷിച്ച് ഫ്ലിന്റ് ലോക്ക് സംവിധാനം ചെലവു കുറഞ്ഞതും അന്നത്തെ സൗകര്യം വച്ചു നോക്കുമ്പോള്‍ നന്നാക്കുവാന്‍ എളുപ്പവുമായിരുന്നു. മാത്രമല്ല, അതില്‍ സൂക്ഷ്മതയോടെ കൈകാര്യം ചെയ്യേണ്ട ഭാഗങ്ങളും കുറവായിരുന്നു.

ഫ്ലിന്റ് ലോക്കിനും വീല്‍ ലോക്കിനും മറ്റൊരു പ്രധാന ഗുണമേന്മയും ഉണ്ടായിരുന്നു. എപ്പോള്‍ വേണമെങ്കിലും വെടിവയ്ക്കാന്‍ സൗകര്യപ്രദമായ രീതിയിലായിരുന്നു അവയുടെ സംവിധാനം. മാച്ച് ലോക്കിനെപ്പോലെ ഇവയില്‍ വെടിമരുന്നു തിരികത്തിച്ചു വയ്ക്കേണ്ടിയിരുന്നില്ല. ഫ്ലിന്റ് കല്ല് തേഞ്ഞ് തീരുന്നതുവരെ ഫ്ലിന്റ് ലോക്കുള്ള തോക്കില്‍ വെടിമരുന്ന് എളുപ്പത്തില്‍ നിറയ്ക്കാന്‍ കഴിഞ്ഞിരുന്നു. കല്ലു തേഞ്ഞുപോയാല്‍ ഒന്നുകില്‍ മാറ്റിയിടുകയോ അല്പംകൂടി പുറത്തോട്ടു തള്ളിനില്ക്കുന്ന രീതിയില്‍ ഇളക്കി ഘടിപ്പിക്കുകയോ വേണ്ടിയിരുന്നു. ഈ സൗകര്യം ഫ്ലിന്റ് ലോക്കിന്റെ പ്രചാരത്തിനു വഴി വച്ചു.

17-ാം ശ.-ത്തില്‍ ഫ്ലിന്റ് ലോക്ക് മസ്കിറ്റ് പ്രചാരത്തില്‍വന്നതോടെ ചെറുകിട ആയുധനിര്‍മാണത്തിന്റെ ആരംഭം കുറിച്ചതായി കരുതാം. ഭാരം കുറഞ്ഞതും മാരകശേഷിയേറിയതുമായ ആയുധങ്ങള്‍ ഒരാള്‍ക്കു സ്വയം കൊണ്ടു നടക്കാവുന്ന തരത്തില്‍ നിര്‍മിക്കുക എന്നതായിരുന്നു അന്നത്തെ ആവശ്യം. വ്യവസായ വിപ്ലവത്തിന്റെ ആരംഭത്തോടെ ഫ്ലിന്റ് ലോക്ക് സംവിധാനമുള്ള വെടിക്കോപ്പുകള്‍ വ്യാപകമായ തോതില്‍ നിര്‍മിതമായി. യൂറോപ്പ്, അമേരിക്ക എന്നിവിടങ്ങളിലെ കരസേന ഇത്തരം ആയുധങ്ങള്‍ ഉപയോഗിച്ചു തുടങ്ങിയതും അക്കാലത്താണ്.

ചെറുകിട ആയുധനിര്‍മാണത്തിനായുള്ള ദേശീയനയത്തിന് രൂപം നല്കാന്‍ ആദ്യമായി മുന്‍കൈ എടുത്തതു ബ്രിട്ടീഷുകാരായിരുന്നു. 18-ാം ശ.-ത്തിന്റെ ആരംഭത്തോടെ ലണ്ടന്‍ ടവര്‍ ആസ്ഥാനമാക്കി ആയുധക്കോപ്പു നിര്‍മാണോദ്യോഗസ്ഥര്‍ പ്രവര്‍ത്തിച്ചു തുടങ്ങി. അന്ന് യുദ്ധോപകരണങ്ങളുടെ വിവിധഭാഗങ്ങള്‍ വ്യത്യസ്ത നിര്‍മാതാക്കളാണ് ഉണ്ടാക്കിയിരുന്നത്. പിന്നീട് ഒരു ഫാക്ടറിയില്‍ ഇവയെല്ലാം ഒരുമിച്ചു ചേര്‍ത്ത് ആയുധത്തിനു രൂപം നല്കുകയായിരുന്നു പതിവ്. ഇങ്ങനെ 1722-ഓടെ വ്യാപകമായി പ്രചാരത്തില്‍ വന്ന ആദ്യ മസ്കിറ്റാണ് സൈനികര്‍ ഉപയോഗിച്ചിരുന്ന ലോങ് ലാന്‍ഡ് (Long Land). 1168 മി.മീ. നീളമുള്ള ബാരലോടുകൂടിയ ലോങ് ലാന്‍ഡിന്റെ കലിബെര്‍ 19 മി.മീ. ആയിരുന്നു. ഇത് യു.എസ്സില്‍ പ്രചരിച്ചത് ഫസ്റ്റ് മോഡല്‍ ബ്രൗണ്‍ ബെസ്സ് മസ്കിറ്റ് എന്ന പേരിലായിരുന്നു. അമേരിക്കയിലെ സപ്തവത്സര യുദ്ധത്തിലെ അനുഭവങ്ങളുടെ വെളിച്ചത്തില്‍ 1768-ല്‍ നിര്‍മിക്കപ്പെട്ട മസ്കിറ്റാണ് ഷോര്‍ട്ട് ലാന്‍ഡ് (Short Land). ഇതിനു ഭാരവും നീളവും കുറവായിരുന്നു. സെക്കന്‍ഡ് മോഡല്‍ ബ്രൗണ്‍ ബെസ്സ് എന്നറിയപ്പെട്ട ഈ മസ്കിറ്റ് അമേരിക്കന്‍ വിപ്ലവസമരവേളയില്‍ ഉപയോഗിക്കപ്പെട്ട ഒരു പ്രധാന ആയുധമാണ്. തുടര്‍ന്ന് 1797-ല്‍ 99.06 സെ.മീ. നീളത്തിലുള്ള ബാരലോടുകൂടിയ 'ഇന്ത്യ പാറ്റേണ്‍' പുറത്തിറങ്ങി. ഇവയാണ് നെപ്പോളിയനുമായുള്ള യുദ്ധകാലത്ത് (1804-15) ഉപയോഗിക്കപ്പെട്ട പ്രധാന മസ്കിറ്റുകള്‍. ചെറുകിട ആയുധങ്ങള്‍ക്കായുള്ള ഒരു പൊതു നയം ഫ്രാന്‍സില്‍ ഉടലെടുത്തത് 1717-ലാണ്. അന്നത്തെ മസ്കിറ്റിന്റെ ബാരലിന്റെ നീളം 119.58 സെ.മീറ്ററും കലിബെര്‍ 1.75 മി.മീറ്ററും ആയിരുന്നു. തുടര്‍ന്ന് മോഡല്‍ 1763, 1777 എന്നിവ പ്രചാരത്തിലായി. ഇവയില്‍ മോഡല്‍ 1777-ന്റെ വരവോടെ തോക്കുകളുടെ ഭാഗങ്ങള്‍ പരസ്പരം മാറി ഉപയോഗിക്കാം എന്ന സ്ഥിതി സംജാതമായി. മോഡല്‍ 1842-ന് യു.എസ്സില്‍ അംഗീകാരം ലഭിച്ചതോടെ ഒരേതരം ഘടകഭാഗങ്ങള്‍ കൂട്ടി യോജിപ്പിച്ചു വലിയ തോതില്‍ ആയുധം നിര്‍മിക്കുന്ന പ്രവണതയും പ്രചാരത്തിലായി. ഇതിനു മുന്‍കൈ എടുത്തത് യു.എസ്. തന്നെയായിരുന്നു. ഈ രീതി 'അമേരിക്കന്‍ സിസ്റ്റം' എന്നാണ് അറിയപ്പെടുന്നത്. താമസിയാതെ ആഘാതജ്വലന (percussion ignition) സംവിധാനവും റൈഫിള്‍ഡ് ബാരലുകളും പ്രത്യക്ഷപ്പെട്ടു. ക്രമേണ ഇവയെല്ലാം കൂടി ആധുനിക ചെറുകിട ആയുധങ്ങളുടെ വന്‍തോതിലുള്ള നിര്‍മാണത്തിനു വഴിയൊരുക്കി.

ആഘാതജ്വലന സമ്പ്രദായത്തിന്റെ പ്രത്യേകത അതിലുപയോഗിക്കുന്ന പൊട്ടാഷ്യം ക്ലോറേറ്റ്, മെര്‍ക്കുറി ഫുള്‍മിനേറ്റ് മിശ്രിതത്തിന്റെ പൊട്ടിത്തെറിക്കാനുള്ള ശേഷിയാണ്. ഈ മിശ്രിതം പൊട്ടിത്തെറിക്കാന്‍ സ്ട്രൈക്കര്‍ (strikerS) കൊണ്ടുള്ള ഒരു പ്രഹരം മതിയായിരുന്നു. ഇതിന്റെ പ്രായോഗിക രൂപം ആദ്യമായി ഉണ്ടാക്കിയെടുത്തത് സ്കോട്ടിഷ് വൈദികനായ അലക്സാണ്ടര്‍ ജോണ്‍ ഫോര്‍സിത്താണ്. 1807 ഏപ്രിലില്‍ ഈ കണ്ടുപിടിത്തത്തിന് അദ്ദേഹം പേറ്റന്റ് കരസ്ഥമാക്കി. തുടര്‍ന്ന് ഫിലഡെല്‍ഫിയക്കാരനായ ജ്വോഷ്വ ഷാ കണ്ടുപിടിച്ചതായി കരുതപ്പെടുന്ന പെര്‍ക്കഷന്‍ ക്യാപ്പുകള്‍ 1830 മുതല്‍ ഉപയോഗിക്കാന്‍ തുടങ്ങി. 1838-ല്‍ പ്രഷ്യക്കാരനായ ജൊഹന്‍ നിക്കൊലസ് ഫൊണ്‍ഡ്രെയിസി 'നീഡില്‍ ഫയേഡ് ഗണ്‍' എന്ന പുതിയ ഒരിനം തോക്ക് പുറത്തിറക്കി. ബ്രീച്ച് ലോഡിങ് ആയുധങ്ങളുടെ ചരിത്രത്തിലെ വഴിത്തിരിവായിരുന്നു പ്രസ്തുത കണ്ടുപിടിത്തം. ഇതിലാണ് ബോള്‍ട്ട് ആക്ഷന്‍ (bolt action) സംവിധാനം ആദ്യമായി പരീക്ഷിച്ചു നോക്കിയത്. ബോള്‍ട്ട് എന്ന ഉരുക്കു സിലിണ്ടറിനുള്ളില്‍ സ്ഥിതിചെയ്യുന്ന സൂചിയുടെ ആകൃതിയുള്ള ഫയറിങ് പിന്‍ ഉപയോഗിച്ചാണ് വെടിവയ്പ് നടത്തിയിരുന്നത്. കാഞ്ചി വലിക്കുന്ന ഉടനെ ഈ പിന്‍ വിക്ഷേപിക്കപ്പെടുന്നു. കാട്രിജ് തുളച്ചു കയറുന്ന പിന്‍ ആണ് ഉണ്ടയെ പായിക്കുന്നത്. അതോടൊപ്പം തന്നെ ബോള്‍ട്ട്, റിസീവറിലൂടെ മുന്നോട്ടുനീങ്ങി ചേംബറിലുള്ള കാട്രിജിന്റെ അടിഭാഗത്ത് കൊരുത്തുപിടിക്കുന്നു. പിന്നീട് ഈ ബോള്‍ട്ട് പുറകോട്ടു വലിച്ചു മാറ്റി അറയില്‍ നിന്നുള്ള ബന്ധം വേര്‍പെടുത്തി വീണ്ടും വെടിയുണ്ട നിറച്ച് വെടി വയ്ക്കുന്നു. ഇതാണ് ബോള്‍ട്ട് ആക്ഷന്‍. ചെറുകിട ആയുധ നിര്‍മാണ രംഗത്തു വിപ്ലവം സൃഷ്ടിച്ച ഈ കണ്ടുപിടിത്തത്തെത്തുടര്‍ന്ന് യൂറോപ്പിലുടനീളം ബോള്‍ട്ട് ആക്ഷന്‍ സംവിധാനത്തോടുകൂടിയ ആയുധങ്ങള്‍ക്കു വമ്പിച്ച പ്രചാരം ലഭിച്ചു.

1880-ന്റെ ആരംഭത്തോടെ നൈട്രോസെല്ലുലോസ് മൂലഘടകമായുള്ള നോദകങ്ങള്‍ (propellants) കണ്ടുപിടിച്ചു. പുകയില്ലാവെടിമരുന്ന് എന്നറിയപ്പെട്ടിരുന്ന ഇത് അതിനു മുമ്പുപയോഗിച്ചിരുന്ന കറുത്ത വെടിമരുന്നിനെ അപേക്ഷിച്ചു വളരെ വേഗം കത്തുന്നതായിരുന്നു. ഇത് 7.5-8 മി.മീ. കലിബെറുള്ള ചെറുകിട ആയുധങ്ങളുടെ നിര്‍മാണത്തിന് വഴിവച്ചു. കൂടാതെ 915 മീ. അകലെവരെ സൂക്ഷ്മമായി വെടിവയ്ക്കാം എന്ന സൗകര്യവും വന്നു ചേര്‍ന്നു. മസ്ല്‍ പ്രവേഗം 609-1153 മീ./സെ. വരെ വരുമായിരുന്നു.

താമസിയാതെ മാഗസിന്‍ ആവര്‍ത്തികള്‍ (magazine repeaters) ഉപയോഗിച്ച് ഒരിക്കല്‍ കാട്രിജുകള്‍ നിറച്ചാല്‍ ഏതാനും ആവര്‍ത്തി വെടിവയ്ക്കാം എന്ന സ്ഥിതി വന്നുചേര്‍ന്നു. ഇതില്‍ ഏറ്റവും പ്രസിദ്ധമായത് നിറച്ചുവച്ചശേഷം ഓരോന്നായി ഉപയോഗിക്കുന്ന മാഗസിന്‍ പെട്ടികള്‍ ആണ്. 1885-ല്‍ ആസ്റ്റ്രിയയിലെ ഫെര്‍ഡിനന്‍ഡ് മന്ന്ലിച്ചെര്‍ ആണ് ആദ്യമായി ഇതു പുറത്തിറക്കിയത്. മാഗസിന്‍ പെട്ടികള്‍ ബോള്‍ട്ട് ആക്ഷന് അനുയോജ്യമായതിനാല്‍ അവയ്ക്ക് വളരെ വേഗം പ്രചാരം ലഭിച്ചു. തന്മൂലം എല്ലാ യൂറോപ്യന്‍ രാജ്യങ്ങളിലും ഇത്തരം ആയുധങ്ങള്‍ ഉപയോഗിച്ചു തുടങ്ങി.

അന്നത്തെ ബോള്‍ട്ട്-ആക്ഷന്‍ മിലിറ്ററി റൈഫിളുകളിലെ പ്രബലന്‍ ജര്‍മനിയില്‍ ഉപയോഗിച്ചിരുന്ന 7.92 മി.മീ. മോഡല്‍ 1898 മൌസെര്‍ ആയിരുന്നു. വളരെ മെച്ചപ്പെട്ട പ്രവര്‍ത്തനരീതി കാഴ്ച വച്ച അവ ലോകമെമ്പാടും വിറ്റഴിക്കപ്പെട്ടു. മാത്രമല്ല, പല രാജ്യങ്ങളും അവയെ അനുകരിച്ച് ആയുധങ്ങള്‍ രൂപപ്പെടുത്താനും തുടങ്ങി.

i. സ്വചാലിത ആയുധങ്ങള്‍ (Automatic weapons). സെല്‍ഫ് ലോഡിങ് റൈഫില്‍, സബ് മെഷിന്‍ ഗണ്‍, അസാള്‍ട്ട് റൈഫിള്‍ എന്നിവയാണ് ഇവയില്‍ പ്രധാനം.

1. സെല്‍ഫ് ലോഡിങ് റൈഫിള്‍. ആദ്യകാലങ്ങളില്‍ ഓരോ പ്രാവശ്യം വെടിവച്ചു കഴിയുമ്പോഴും വീണ്ടും വെടിയുണ്ട നിറയ്ക്കണമായിരുന്നു. ബോക്സ് മാഗസിനുകളുടെ വരവോടെ ഒരു പ്രാവശ്യം 5-8 ഉണ്ടകള്‍ വരെ ഉപയോഗിക്കാമെന്നായി. ബോക്സിലെ ഉണ്ടകള്‍ തീര്‍ന്നാല്‍ വേറെ വയ്ക്കണമായിരുന്നു. എന്നാലും ഈ സംവിധാനം മൂലം ഒരു മിനിറ്റില്‍ ശരാശരി 15-30 വെടിയുണ്ടകള്‍ വരെ ഒരു പടയാളിക്ക് ഉപയോഗിക്കാന്‍ കഴിഞ്ഞിരുന്നു. റീലോഡിങ് നടത്തിയിരുന്നതു പടയാളി തന്നെയായിരുന്നു. ഇതും യാന്ത്രികമായി മാറ്റാനുള്ള ശ്രമങ്ങള്‍ പിന്നീട് നടന്നു. ഈ പരീക്ഷണത്തില്‍ വിജയം കൈവരിച്ചത് യു.എസ്. ആണ്. ജോണ്‍ സി. ഗരന്‍ഡ് രൂപകല്പന ചെയ്തതും 1936-ല്‍ യു.എസ്. സൈന്യം അംഗീകരിച്ചതുമായ ഒരു സെമി ആട്ടോമാറ്റിക് റൈഫിളാണ് യു.എസ്. റൈഫിള്‍. കലിബെര്‍ 0.30 MI എന്നറിയപ്പെടുന്നത്. ബാരലിന്റെ അടിഭാഗത്തു മസ്ലിനടുത്തുള്ള ചെറിയ സുഷിരത്തില്‍ (ഗ്യാസ് പോര്‍ട്ട്) കൂടി പുറത്തേക്കു പ്രവഹിക്കുന്ന നോദക വാതകങ്ങളുടെ ഒരു ഭാഗം ഒരു സിലിണ്ടറിലേക്കു കടത്തിവിടുന്നു. വാതകത്തിന്റെ മര്‍ദം കാരണം അതിലെ പിസ്റ്റണ്‍ പുറകോട്ടു തള്ളപ്പെടും. പിസ്റ്റണ്‍ തോക്കിലെ ബോള്‍ട്ടിനോടു ബന്ധിച്ചിരിക്കുന്നതിനാല്‍ ബോള്‍ട്ടും പുറകോട്ടു നീങ്ങുന്നു. ഇങ്ങനെ സംഭവിക്കുമ്പോള്‍ തോക്കില്‍നിന്നും ഉണ്ടയൊഴിഞ്ഞ കാട്രിജ് (empty cartridge) പുറത്തേക്കു വലിച്ചെറിയപ്പെടുകയും തോക്കിലെ ഹാമര്‍ വീഴുകയും ചെയ്യുന്നു. ഇതിനുശേഷം ഒരു സ്പ്രിങ്, ബോള്‍ട്ടിനെ മുന്നോട്ടു വലിക്കുന്നു. ഇങ്ങനെ മുന്നോട്ടു നീങ്ങുന്ന സമയത്ത് റിസീവറിനുള്ളിലെ മാഗസിനില്‍ ഏറ്റവും മുകളില്‍ ഇരിക്കുന്ന കാട്രിജിനെ ബോള്‍ട്ട് അവിടെ നിന്നും അടര്‍ത്തിയെടുത്ത് വെടിവയ്ക്കാന്‍ സൗകര്യപ്രദമായ രീതിയില്‍ അറയില്‍ വയ്ക്കുന്നു. ഇങ്ങനെ വാതകമര്‍ദംമൂലം റീലോഡിങ് നടക്കുന്നു. ഈ സെമി ആട്ടോമാറ്റിക് റൈഫിള്‍ മാത്രമാണ് സൈനികാവശ്യങ്ങള്‍ക്കായി അംഗീകാരം ലഭിച്ച ഏക റൈഫിള്‍.

2.സബ് മെഷിന്‍ ഗണ്‍ (SMG). ഒന്നാം ലോകയുദ്ധാരംഭത്തോടെ മുന്നണി പ്രദേശം മൈനുകളും കിടങ്ങുകളും കമ്പിവേലികളും കൊണ്ട് ആവൃതമായി. ഇത്തരം പ്രദേശങ്ങളില്‍ റൈഫിളുകള്‍ക്ക് വലിയ പങ്കു വഹിക്കാന്‍ കഴിഞ്ഞിരുന്നില്ല. അവിടെ പീരങ്കികള്‍ക്കും വലിയ തോക്കുകള്‍ക്കുമായിരുന്നു സ്ഥാനം. ഇതോടെ കൂടുതല്‍ മാരക ശേഷിയുള്ളതും സമീപ ലക്ഷ്യങ്ങളിലേക്കു വെടിവയ്ക്കാവുന്നതുമായ ആയുധക്കോപ്പുകളുടെ ആവശ്യകത അനുഭവപ്പെട്ടു. ഇതിനുവേണ്ടി നിര്‍മിക്കപ്പെട്ടതാണ് മെഷിന്‍ കാര്‍ബൈന്‍ (machine carbine) അഥവാ SMG, സെമിആട്ടോമാറ്റിക് പിസ്റ്റളിനെ അടിസ്ഥാനമാക്കി നിര്‍മിച്ചിരുന്ന SMG-യില്‍ പിസ്റ്റള്‍-കലിബെര്‍ വെടിക്കോപ്പുകളാണ് ഉപയോഗിച്ചിരുന്നത്. ഇവയിലെ വെടിയുണ്ടകളുടെ മസ്ല്‍ പ്രവേഗം സെക്കന്‍ഡില്‍ 304 മീറ്ററോളം വരുമായിരുന്നു. SMG മറ്റ് റൈഫിളുകളെ അപേക്ഷിച്ച് ഉപയോഗിക്കാന്‍ സൗകര്യപ്രദവും ഹാന്‍ഡ് ഗണ്ണുകളെക്കാള്‍ കൃത്യമായ പ്രഹരശേഷി ഏറിയതുമായിരുന്നു. ഹുഗൊ ഷ്മൈസെര്‍ നിര്‍മിച്ച 'മസ്ച്ചിനെന്‍ പിസ്റ്റള്‍ 1918 ബെര്‍ഗ്മാന്‍' എന്ന SMG-യില്‍ ബ്ലോബാക്ക് സംവിധാനമാണു പ്രയോജനപ്പെടുത്തിയിരുന്നത്. വെടിവയ്ക്കുമ്പോഴുണ്ടാകുന്ന വാതക മര്‍ദത്താല്‍ പിറകോട്ടു തള്ളി വരുന്ന കാട്രിജ് കേസ് ബോള്‍ട്ടിനെ ഒരു സ്പ്രിങ്ങിന് എതിരായി തള്ളി നിര്‍ത്തുകയും സ്വയം വിക്ഷേപിക്കപ്പെടാനുള്ള സംവിധാനത്തെ പ്രവര്‍ത്തിപ്പിക്കുകയും ചെയ്യുന്നു. കേസ് പുറത്തു പോയാലുടന്‍ സ്പ്രിങ്, ബോള്‍ട്ടിനെ മുന്നോട്ടു തള്ളി പഴയ സ്ഥാനത്തെത്തിക്കുന്നു. ഇതിനിടയില്‍ ഒരു പുതിയ കാട്രിജ് യാന്ത്രികമായി അറയില്‍ സജ്ജീകൃതമാകുന്നു. ഈ സമയത്ത് കാഞ്ചി അമര്‍ത്തിവച്ചുകൊണ്ടിരുന്നാല്‍ പുതിയ കാട്രിജിലെ വെടിയുണ്ടയും തനിയെ പൊട്ടിത്തെറിക്കുന്നു. ഈ വെടിയില്‍ നിന്നുണ്ടാകുന്ന വാതകം വീണ്ടും പഴയ ചാക്രിക പ്രക്രിയ ആവര്‍ത്തിക്കുന്നു. SMG-കളിലെ ബോള്‍ട്ടിന് ഒന്നുകില്‍ വളരെ ഭാരക്കൂടുതലുണ്ടാകും അല്ലെങ്കില്‍ അതിന്റെ പിറകിലേക്കുള്ള തള്ളലിനെ പല രീതികളിലും ക്രമീകരിക്കുകയോ നിയന്ത്രിക്കുകയോ ചെയ്യാനും കഴിയും. ആവശ്യത്തില്‍ കൂടുതല്‍ വേഗതയില്‍ തോക്ക് പ്രവര്‍ത്തിക്കാതിരിക്കാനുള്ള സംവിധാനമാണിത്. MP18-ലെ ഘനമേറിയ ബോള്‍ട്ടും സ്പ്രിങ്ങും അതിന്റെ വെടിവയ്പു തോത് മിനിറ്റില്‍ സു. 400 ഉണ്ട എന്ന നിരക്കില്‍ ക്രമീകരിക്കുന്നു.

ഇതിനുശേഷം പല SMG-കളും നിര്‍മിക്കപ്പെട്ടു. സോവിയറ്റ് യൂണിയനില്‍ നിന്നുള്ള PPD, യു.എസ്സിലെ M1928, ജര്‍മനിയിലെ MP38, MP40, സോവിയറ്റ് യൂണിയനിലെ തന്നെ PPSh (1941), PPS (1943), ടെലിസ്കോപ്പിങ് ബോള്‍ട്ടുള്ള ഡ്വശ (ഇസ്രായേല്‍) എന്നിവയാണവ. ഇതില്‍ Uzi ലോകമെമ്പാടും അംഗീകരിക്കപ്പെട്ട ഒരായുധമാണ്. പൊലിസ് സേനാംഗങ്ങള്‍ ഒരു ഭീകര വിരുദ്ധ ആയുധമായിട്ടാണിത് ഉപയോഗിക്കുന്നത്. SMG-യുടെ പ്രഹരണശേഷി 182 മീറ്റര്‍ അകലെ വരെ ലഭിക്കുന്നു.

3. അസാള്‍ട്ട് റൈഫിള്‍. കൈത്തോക്കിനെക്കാള്‍ പ്രഹരശേഷിയുള്ളതും നേര്‍ക്കുനേരെയുള്ള യുദ്ധാവശ്യങ്ങള്‍ക്കായി നിര്‍മിക്കപ്പെട്ടതുമായ ഒരായുധമാണ് അസാള്‍ട്ട് റൈഫിള്‍. ഇതിലെ കാട്രിജ് റൈഫിളിലുള്ളതിനെ അപേക്ഷിച്ചു ഭാരം കുറഞ്ഞതും ചെറുതുമായിരുന്നു. അതിനാല്‍ റൈഫിളിന്റെ അത്ര മാരകമല്ല ഈ ആയുധം. ഇതിലേറ്റവും പ്രസിദ്ധം എകെ-47 എന്നറിയപ്പെടുന്നവയാണ്. ഒരു സെമിആട്ടോമാറ്റിക്കായിട്ടോ അല്ലെങ്കില്‍ ആട്ടോമാറ്റിക്കായിട്ടോ പ്രവര്‍ത്തിപ്പിക്കാവുന്നവയാണിവ. ലോകമെമ്പാടും വിവിധ തരത്തിലുള്ള എകെ47 തോക്കുകള്‍ നിര്‍മിക്കപ്പെടുന്നു.

ii. ലൈറ്റ് മെഷിന്‍ ഗണ്‍ (LMG). ഇവയിലധികവും വാതകം മൂലം പ്രവര്‍ത്തിക്കുന്നവയാണ്. 7 കി. ഗ്രാമോളം മാത്രം ഭാരമുള്ളതുകൊണ്ട് കൊണ്ടുനടക്കാന്‍ സൗകര്യപ്രദമാണ്. പലതും എയര്‍-കൂള്‍ഡ് ഇനമാണ്. റൈഫിള്‍ ഉപയോഗിക്കുന്നതുപോലെ ഇവയുപയോഗിച്ചും വെടിവയ്ക്കാം. രണ്ടാം ലോകയുദ്ധകാലത്ത് LMG വ്യാപകമായ തോതില്‍ ഉപയോഗിച്ചിരുന്നു. ബ്രിട്ടീഷുകാരുടെ ബ്രെന്‍, യു.എസ്സിന്റെ BAR എന്നിവ ഉദാഹരണങ്ങളാണ്. ഒരു മിനിറ്റില്‍ 1000 ഉണ്ട എന്ന തോതില്‍ വെടി വയ്ക്കാന്‍ LMG ഉപയോഗിക്കാം. അത്തരത്തിലുള്ള LMG-കളില്‍ തുടര്‍ച്ചയായ വെടിവയ്പുമൂലം ബാരല്‍ ചൂടാകുന്നത് തടയാനായി, ചൂടായ ബാരല്‍ തന്നെ നിമിഷങ്ങള്‍ക്കകം മാറ്റി പകരം മറ്റൊന്നു വയ്ക്കാന്‍ പാകത്തിലാണ് അവ നിര്‍മിച്ചിരുന്നത്.

രണ്ടാം ലോകയുദ്ധശേഷം LMG, സ്വചാലിത റൈഫിള്‍, മീഡിയം മെഷിന്‍ ഗണ്‍ എന്നിവയ്ക്കു പകരമായി ജനറല്‍ പര്‍പ്പസ് മെഷിന്‍ ഗണ്‍ (GPMG), സ്ക്വാഡ് ആട്ടോമാറ്റിക് വെപ്പണ്‍ (SAW) എന്നിവ പ്രചാരത്തില്‍ വന്നു. NATO-യുടെ 7.62 മി.മീ. കാട്രിജുകളാണ് ഭൂരിഭാഗം GPMG-കളില്‍ ഉപയോഗിച്ചിരുന്നതെങ്കില്‍, 5.56 മി.മീ. NATO ഇനമോ 5.45 മി.മീ. കലഷ്നികൊഫ് ഇനമോ ആയിരുന്നു SAW-കളില്‍ ഉപയോഗിച്ചിരുന്നത്.

iii. പിസ്റ്റള്‍. 16-ാം ശ. മുതല്ക്കേ ഉപയോഗിച്ചിരുന്ന ഒരു സ്വരക്ഷാ ആയുധമാണിത്.

1.റിവോള്‍വറുകള്‍. 1840-കളുടെ മധ്യത്തോടെ ഇവ പ്രത്യക്ഷപ്പെട്ടു. അതിനുമുമ്പു വീല്‍ ലോക്ക്/ഫ്ലിന്റ് ലോക്ക്/പെര്‍ക്കഷന്‍ ഇഗ്നിഷന്‍ സിസ്റ്റം ഇവയിലേതെങ്കിലും ഒന്ന് ഉപയോഗിച്ചിരുന്ന സിംഗിള്‍-ഷോട്ട്/മസ്ല്‍-ലോഡേഴ്സ് ആണ് റിവോള്‍വറുകള്‍ എന്നറിയപ്പെട്ടിരുന്നത്.

ആദ്യത്തെ പെര്‍ക്കഷന്‍ റിവോള്‍വറിനുള്ള പേറ്റന്റ് നേടിയത് (1835) സാമുവല്‍ കോള്‍ട്ട് ആണ്. അഞ്ചോ ആറോ അറകളുള്ള കറങ്ങുന്ന ഒരു സിലിണ്ടറിനുള്ളിലാണ് വെടിമരുന്നും ഉണ്ടയും സൂക്ഷിച്ചിരിക്കുന്നത്. അറയുടെ ഉള്ളില്‍ പുറകിലുള്ള ഒരു പൊള്ളയായ നിപ്പിളില്‍ പെര്‍ക്കഷന്‍ ക്യാപ് ഉറപ്പിച്ചിരിക്കുന്നു. 'ഹാമര്‍' കൊണ്ടുള്ള പ്രഹരം സൃഷ്ടിക്കുന്ന തീപ്പൊരിയാണു പ്രവൃത്തി ഹേതു. പില്ക്കാലത്ത് ഈയിനം റിവോള്‍വറുകളെ ക്യാപ്-ആന്‍ഡ്-ബാള്‍ റിവോള്‍വറുകള്‍ എന്നു വിളിച്ചുവന്നു. ഇവയില്‍ പ്രസിദ്ധമായവ കോള്‍ട്ട്, സ്മിത്ത് ആന്‍ഡ് വെസ്സണ്‍സ് കമ്പനിയുടെ കാട്രിജ് റിവോള്‍വര്‍ എന്നിവയാണ്. 19-ാം ശ.-ത്തിന്റെ അവസാനത്തോടെ ആട്ടോലോഡിങ് പിസ്റ്റളുകള്‍ (സെല്‍ഫ് ലോഡേഴ്സ്) നിര്‍മിച്ചു തുടങ്ങി.

2. സെല്‍ഫ് ലോഡേഴ്സ്. പ്രത്യാഗതി തത്ത്വത്തിലധിഷ്ഠിതമാണ് ഇവയുടെ പ്രവര്‍ത്തനം. തോക്കില്‍നിന്നും വെടിയുണ്ട് പുറത്തേക്കു പോയിക്കഴിഞ്ഞാല്‍ തോക്കിന്റെ ബാരലും ബ്രീച്ച് ബ്ളോക്കും കൂടി ഒന്നായി പുറകോട്ടു നീങ്ങുന്നു. ഇതിനിടയില്‍ ഇവ തമ്മിലുള്ള ബന്ധം വേര്‍പെട്ട് ബ്രീച്ച് ബ്ളോക്ക് മാത്രമായി തെന്നിമാറുന്നു. ഉപയോഗിച്ചുകഴിഞ്ഞ വെടിയുണ്ടയുടെ ഉറ പുറത്തേക്കു കളയുക, അറയില്‍ പുതിയ കാട്രിജ് വയ്ക്കുക, ബ്രിച്ച് ബ്ളോക്കും ബാരലുമായി വീണ്ടും കൊരുക്കുക എന്നീ കാര്യങ്ങള്‍ തുടര്‍ന്ന് പടിപടിയായും യാന്ത്രികമായും നടക്കുന്നു. M1911 കോള്‍ട്ട്, ഇറ്റാലിയന്‍ ബ്രെറ്റ (M9) എന്നിവയാണിവയില്‍ പ്രധാനപ്പെട്ട ഇനങ്ങള്‍.

3. മറ്റിനങ്ങള്‍. ചെറുകിട ആയുധങ്ങളില്‍ പെട്ടതാണ് ഗ്രെനേഡ് വിക്ഷേപിണികള്‍, ടാങ്ക് വേധന ആയുധങ്ങള്‍ എന്നിവ. ഗ്രെനേഡുകളുടെ പ്രഹരശേഷി വര്‍ധിപ്പിക്കുന്ന ഗ്രെനേഡ് വിക്ഷേപിണികള്‍ പടയാളികള്‍ എക്കാലവും സ്വാഗതം ചെയ്തിരുന്നു. 1960-കളില്‍ സ്പ്രിങ് ഫീല്‍ഡ് ആ(ര്‍)മറി രൂപകല്പന ചെയ്തു നിര്‍മിച്ച 40 മി.മീ. 79 ഗ്രെനേഡ് ലോഞ്ചര്‍ വിയറ്റ്നാം യുദ്ധത്തില്‍ വ്യാപകമായി ഉപയോഗിച്ചിരുന്നു. 2.7 കി.ഗ്രാം മാത്രം ഭാരമുള്ള ഈ വിക്ഷേപിണിക്ക് 400 മീ. അകലെ വരെയുള്ള യന്ത്രത്തോക്കു സജ്ജീകരണങ്ങളും സേനാകേന്ദ്രീകരണങ്ങളും നശിപ്പിക്കാനാകും.

കവചിത വാഹനങ്ങളെ ഭേദിക്കാന്‍ വേണ്ടിയാണ് ഒന്നാം ലോകയുദ്ധകാലത്ത് ടാങ്ക് വേധന ആയുധങ്ങള്‍ നിര്‍മിക്കപ്പെട്ടത്. രണ്ടാം ലോകയുദ്ധത്തില്‍ മികച്ച പ്രകടനം കാഴ്ച വച്ചതാണ് അമേരിക്കയുടെ റോക്കറ്റ് വിക്ഷേപിണിയായ ബസൂക്ക, ജര്‍മനിയുടെ പന്‍സെര്‍ഫൗസ്റ്റ്, റഷ്യയുടെ RPG-2, RPG-7, സ്വീഡന്റെ മിനിമാന്‍ എന്നിവയും ശ്രദ്ധേയമാണ്.

ഫ്ളിന്റ് ലോക്ക് സംവിധാനം ഉപയോഗിച്ചാണ് മൃഗങ്ങളെയും പക്ഷികളെയും വേട്ടയാടാന്‍ ഉപയോഗിക്കുന്ന ഷോട്ട്ഗണ്‍ നിര്‍മിക്കുന്നത്. ജോസഫ് മന്റണ്‍, ഫ്രഡ് കിംബിള്‍, ജോണ്‍ ബ്രൗണിങ് എന്നിവരുടെ സംഭാവനകള്‍ ഷോട്ട്ഗണ്‍ നിര്‍മാണരംഗത്തെ സമ്പന്നമാക്കി. 'ചോക്ക്ബോര്‍', 'ആട്ടോ ലോഡിങ്' എന്നീ സംവിധാനങ്ങള്‍ പ്രാവര്‍ത്തികമായതോടെ ഷോട്ട്ഗണ്‍ സാങ്കേതികം ഏതാണ്ട് പൂര്‍ണമായി എന്നു പറയാം.

വിനോദാര്‍ഥം നടത്തുന്ന വെടിവയ്പു മത്സരങ്ങള്‍ക്കുപയോഗിക്കുന്ന (ട്രാപ് ഷൂട്ടിങ്, സ്കീറ്റ് ഷൂട്ടിങ് എന്നിവയ്ക്കു ഷോട്ട്ഗണ്‍ ആണ് ഉപയോഗിക്കുന്നത്) തോക്കുകളുടെ നിര്‍മാണ സാങ്കേതികവും ആയുധതോക്കുകളുടെതില്‍ നിന്നു ഭിന്നമല്ല. പ്രധാന ഷൂട്ടിങ് മത്സരങ്ങള്‍ റാപിഡ് ഫയര്‍ പിസ്റ്റള്‍, ഫ്രീ പിസ്റ്റള്‍, എയര്‍ പിസ്റ്റള്‍, 10 മീ. റണ്ണിങ് ടാര്‍ജറ്റ്, എയര്‍ റൈഫിള്‍, ടആ ഫ്രീ റൈഫിള്‍ 3 പൊസിഷന്‍, ടആ ഫ്രീ റൈഫിള്‍ പ്രോണ്‍, ട്രാപ്, ഡബിള്‍ ട്രാപ്, സ്കീറ്റ് തുടങ്ങിയവയാണ്.

വെടിമരുന്നിന്റെ കണ്ടുപിടിത്തത്തിനുശേഷം വെടിക്കോപ്പുകളുടെ സാങ്കേതികത്തില്‍ ഗണ്യമായ പുരോഗതിയുണ്ടായി. 16-ാം ശ.-ന്റെ ഉത്തരാര്‍ധത്തിലാണ് കാട്രിജ് ഉപയോഗത്തിലായത്. പുകയില്ലാ വെടിമരുന്നിന്റെ കണ്ടുപിടിത്തം വെടിയുണ്ട(bullet)യുടെ നിര്‍മാണത്തില്‍ നിര്‍ണായകമായ പുരോഗതിയുണ്ടാക്കി. കവചം തുളച്ചു കയറുന്നവ, ട്രേസര്‍, സ്ഫോടന, വിവിധോദ്ദേശ്യ (ഉദാ. കവച ഭേദന സ്ഫോടന ട്രേസര്‍) ബുള്ളറ്റുകള്‍, ഗ്രെനേഡ്, കാട്രിജുകള്‍ തുടങ്ങി അത്യന്താധുനിക സാങ്കേതികമുള്ള നിരവധി വെടിക്കോപ്പുകള്‍ ഇന്നുണ്ട്. നോ. ആയുധങ്ങള്‍; ഗ്രെനേഡുകള്‍; പിസ്റ്റള്‍; റൈഫിള്‍; വെടിമരുന്ന്; ഷൂട്ടിങ് മത്സരങ്ങള്‍; ഷോട്ട്ഗണ്‍

താളിന്റെ അനുബന്ധങ്ങള്‍
സ്വകാര്യതാളുകള്‍