This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

ചെറിയാന്‍, കെ.എം. (1942 - )

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

07:06, 6 ഫെബ്രുവരി 2016-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Technoworld (സംവാദം | സംഭാവനകള്‍)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)

ചെറിയാന്‍, കെ.എം. (1942 - )

കെ.എം. ചെറിയാന്‍

ഭാരതീയനായ ഹൃദയശസ്ത്രക്രിയാവിദഗ്ധന്‍. ഇന്ത്യയില്‍ ആദ്യമായി ഹൃദയ ബൈപാസ് ശസ്ത്രക്രിയ ശിശു ഹൃദയശസ്ത്രക്രിയ, ഹൃദയ-ശ്വാസകോശ മാറ്റിവയ്ക്കല്‍ ശസ്ത്രക്രിയ എന്നിവ നടത്തിയത് ഇദ്ദേഹമാണ്. 1942 മാ. 8-ന് ചെങ്ങന്നൂരില്‍ ജനിച്ചു. 1964 ഡി.-ല്‍ വൈദ്യശാസ്ത്ര ബിരുദവും 1968 ഡി.-ല്‍ ശസ്ത്രക്രിയയില്‍ ബിരുദാനന്തര ബിരുദവും നേടിയശേഷം 1969-ല്‍ വെല്ലൂര്‍ ക്രിസ്ത്യന്‍ മെഡിക്കല്‍ കോളജില്‍ ശസ്ത്രക്രിയാവിഭാഗത്തില്‍ ലക്ചററായി ഔദ്യോഗിക ജീവിതം ആരംഭിച്ചു. 1970 മുതല്‍ 75 മാ. വരെ ആസ്റ്റ്രേലിയയിലെ വിവിധ ആശുപത്രികളില്‍ കാര്‍ഡിയോ തൊറാസിക് ശസ്ത്രക്രിയാ വിഭാഗത്തില്‍ സീനിയര്‍ രജിസ്ട്രാറായി സേവനമനുഷ്ഠിച്ചു. റോയല്‍ ആസ്ത്രലേഷ്യന്‍ കോളജ് ഒഫ് സര്‍ജന്‍സില്‍ നിന്ന് കാര്‍ഡിയോ തൊറാസിക് സര്‍ജറിയില്‍ എഫ്.ആര്‍.എ.സി.എസ്. ബിരുദം നേടി (1973). യു.എസ്സിലെ അലബാമാ യൂണിവേഴ്സിറ്റിയില്‍ പീഡിയാട്രിക് കാര്‍ഡിയാക് സര്‍ജറിയില്‍ ഇന്റര്‍നാഷണല്‍ സ്പെഷ്യല്‍ ഫെലോ ആയിരുന്നു (1978-79). 1975 ഏ. 27 മുതല്‍ 1987 ജൂണ്‍ വരെ പെരമ്പൂര്‍ ദക്ഷിണ റെയില്‍വേ ഹെഡ്ക്വാര്‍ട്ടര്‍ ആശുപത്രിയില്‍ മെഡിക്കല്‍ സൂപ്രണ്ടും കാര്‍ഡിയോ വാസ്കുലര്‍ സര്‍ജറി വകുപ്പിന്റെ മേധാവിയുമായി സേവനമനുഷ്ഠിച്ചു. 1984 ജൂല. മുതല്‍ 85 ജൂണ്‍ വരെ യു.എസ്സില്‍ ഓറിഗണ്‍ യൂണിവേഴ്സിറ്റിയില്‍ വിസിറ്റിങ് പ്രൊഫസറായിരുന്നു. 1987 ജൂണ്‍ മുതല്‍ ഇദ്ദേഹം മദ്രാസ് മെഡിക്കല്‍ മിഷന്റെ ഭാഗമായ ഇന്‍സ്റ്റിറ്റ്യൂട്ട് ഒഫ് കാര്‍ഡിയോ വാസ്കുലാര്‍ ഡിസീസസിന്റെ ഡയറക്ടറും ഉപാധ്യക്ഷനുമാണ്. തമിഴ്നാട്ടിലെ ഡോക്ടര്‍ എം.ജി.ആര്‍. മെഡിക്കല്‍ യൂണിവേഴ്സിറ്റിയിലെ കാര്‍ഡിയോ തൊറാസിക് ആന്‍ഡ് വാസ്കുലര്‍ സര്‍ജറി വിഭാഗത്തില്‍ എമറിറ്റസ് പ്രൊഫസറുമാണ് ഡോ. ചെറിയാന്‍. ഇന്‍സ്റ്റിറ്റ്യൂട്ട് ഒഫ് പോണ്ടിച്ചേരി മെഡിക്കല്‍ സയന്‍സസ്, കെ.എം. ചെറിയാന്‍ ഹാര്‍ട്ട് ഫൗണ്ടേഷന്‍, ചെന്നൈ ആസ്ഥാനമായുള്ള ഫ്രോണ്‍ടിയര്‍ ലൈഫ് ലൈന്‍ ഹോസ്പിറ്റല്‍ എന്നിവയുടെ സ്ഥാപക ചെയര്‍മാനാണ് ഇദ്ദേഹം. കെ.എം. ചെറിയാന്‍ ഫൗണ്ടേഷനുമായി ബന്ധപ്പെട്ട് ഒരു ഹൃദ്രോഗ ചികിത്സാകേന്ദ്രം (St.Gregorios cardio vascular centre) കേരളത്തില്‍ പരുമലയില്‍ സ്ഥാപിതമായിട്ടുണ്ട്.

1975 ജൂണില്‍ ഹൃദ്ധമനി നിരോപം (Coronary artery graft) വിജയകരമായി നടത്തി ഇദ്ദേഹം ഹൃദയശസ്ത്രക്രിയയ്ക്കു തുടക്കം കുറിച്ചു. സ്തനധമനി, ഹൃദയം, ശ്വാസകോശം തുടങ്ങിയ ശരീരഭാഗങ്ങള്‍ മാറ്റിവയ്ക്കല്‍; ബെറ്റിസ്റ്റാ ശസ്ത്രക്രിയ തുടങ്ങിയ നിരവധി സങ്കീര്‍ണങ്ങളായ ശസ്ത്രക്രിയകള്‍ ഇദ്ദേഹം നടത്തിയിട്ടുണ്ട്. ഹൃദയശസ്ത്രക്രിയകളുടെ വിവിധ വശങ്ങളെക്കുറിച്ച് ഇന്ത്യയ്ക്കകത്തും പുറത്തുമുള്ള വിവിധ പ്രസിദ്ധീകരണങ്ങളില്‍ 250-ലധികം പ്രബന്ധങ്ങള്‍ ഇദ്ദേഹം രചിച്ചിട്ടുണ്ട്. ഇന്ത്യന്‍ അസോസിയേഷന്‍ ഒഫ് തൊറാസിക് ആന്‍ഡ് കാര്‍ഡിയോ വാസ്കുലര്‍ സര്‍ജന്‍സിന്റെ സെക്രട്ടറി (1992), പ്രസിഡന്റ് (1993-94), ഇന്റര്‍നാഷണല്‍ സൊസൈറ്റി ഫോര്‍ ഹാര്‍ട്ട് ആന്‍ഡ് ലങ് ട്രാന്‍സ്പ്ലാന്റേഷന്‍, ഇന്റര്‍നാഷണല്‍ സൊസൈറ്റി ഒഫ് കാര്‍ഡിയോ തൊറാസിക് സര്‍ജന്‍സ്, യൂറോപ്യന്‍ സൊസൈറ്റി ഒഫ് കാര്‍ഡിയോ തൊറാസിക് സര്‍ജന്‍സ്, ന്യൂയോര്‍ക് അക്കാദമി ഒഫ് സയന്‍സ് എന്നീ സമിതികളിലെ അംഗവും അമേരിക്കന്‍ കോളജ് ഒഫ് ചെസ്റ്റ് ഫിസിഷ്യന്‍സ്, റോയല്‍ സൊസൈറ്റി ഒഫ് മെഡിസിന്‍ (ലണ്ടന്‍) എന്നിവയുടെ ഫെലോയും ആയ ചെറിയാന്‍ രാഷ്ട്രപതിയുടെ ഓണററി സര്‍ജനും (1990-93) ആയിരുന്നു. പ്രശസ്ത സേവനത്തിന് റെയില്‍വേ മന്ത്രാലയം, മദ്രാസ് റോട്ടറി ക്ലബ്ബ്, ലയണ്‍സ് ക്ലബ്ബ് ഒഫ് മദ്രാസ് എന്നിവയുടെ അവാര്‍ഡുകളും 1987-ല്‍ ആദ്യത്തെ ഇന്‍ഡോ-ആസ്റ്റ്രേലിയന്‍ അവാര്‍ഡും ഇദ്ദേഹത്തിനു ലഭിച്ചിട്ടുണ്ട്. ഇന്ത്യാ ഗവണ്‍മെന്റ് 1991-ല്‍ പദ്മശ്രീ ബഹുമതി നല്കി ഡോ. ചെറിയാനെ ആദരിക്കുകയുണ്ടായി.

താളിന്റെ അനുബന്ധങ്ങള്‍
സ്വകാര്യതാളുകള്‍