This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

ചെത്തി

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

ചെത്തി

റൂബിയേസി (Rubiacae) സസ്യകുടുംബത്തില്‍പ്പെടുന്ന ഔഷധി. ശാസ്ത്രനാമം: ഇക്സോറ കോക്സീനിയ (Ixora coccinea). സംസ്കൃതത്തില്‍ രക്തള ബിന്ദുക, പാരന്തി എന്നീ പേരുകളില്‍ ഈ സസ്യം അറിയപ്പെടുന്നു. സമുദ്രതീരപ്രദേശത്തും ഉഷ്ണമേഖലാപ്രദേശങ്ങളിലും കണ്ടുവരുന്ന ചെത്തി ശ്രീലങ്കയിലും ഭാരതത്തിലും ധാരാളമായി വളരുന്നുണ്ട്.

ഏകദേശം ഒരു മീറ്ററോളം ഉയരത്തില്‍ വളരുന്ന കുറ്റിച്ചെടിയാണിത്. കട്ടിയുള്ള കാണ്ഡത്തില്‍ ഇലകള്‍ സമ്മുഖമായി വിന്യസിച്ചിരിക്കുന്നു. ഇലകള്‍ക്ക് 5-10 സെന്റിമീറ്ററോളം നീളവും 3-7 സെ.മീ. വീതിയും ഉണ്ടായിരിക്കും. ഇലഞെടുപ്പ് വളരെച്ചെറുതാണ്. ഇലകളുടെ ചുവടുഭാഗത്തിന് അര്‍ധവൃത്താകൃതിയാണ്. ഇളം പച്ചനിറമുള്ള ഇലകളില്‍ 8-12 സിരകള്‍ വളരെ വ്യക്തമായി കാണാം. പത്രവൃത്താന്തര അനുപര്‍ണങ്ങളുണ്ടായിരിക്കും. ശാഖാഗ്രങ്ങളില്‍ കോറിംബ് പുഷ്പമഞ്ജരിയായിട്ടാണ് പുഷ്പങ്ങളുണ്ടാകുന്നത്. പുഷ്പങ്ങളുടെ നിറത്തെ ആധാരമാക്കി ചുവപ്പ്, മഞ്ഞ, ഇളം നീല ലോഹിതവര്‍ണം എന്നിങ്ങനെ ചെത്തിയെ മൂന്നായി തരംതിരിക്കുന്നു. പുഷ്പത്തിന്റെ ഞെടുപ്പുകള്‍ വളരെ ചെറുതായിരിക്കും. സഹപത്രങ്ങളും സഹപത്രകങ്ങളും (bracts and bracteoles) വളരെ ചെറുതാണ്. പുഷ്പങ്ങള്‍ ദ്വിലിംഗിയും സമമിതവും ഉപരിജനിയുമാണ്. ചിരസ്ഥായയായ നാലു സംയുക്ത ബാഹ്യദളങ്ങളുണ്ട്. കനം കുറഞ്ഞ ദളനാളിക്ക് 3-4 സെ.മീ. നീളം കാണും. നേര്‍ത്ത് മൃദുവായ നാലു ദളങ്ങളുണ്ട്. നാല് ദളലഗ്നകേസരങ്ങളുണ്ടായിരിക്കും. ഇതിനു ദ്വികോഷ്ഠക പരാഗകോശമാണ് ഉള്ളത്. രണ്ട് അറകളുള്ള അധഃസ്ഥിത അണ്ഡാശയമായിരിക്കും. ഓരോ അറയിലും ഓരോ ബീജാണ്ഡം വീതം കാണപ്പെടുന്നു. വര്‍ത്തികാഗ്രം രണ്ടായി പിളര്‍ന്നിരിക്കും. ഉരുണ്ട ആകൃതിയിലുള്ള ബെറിയാണ് ഫലം. പാകമാകുമ്പോള്‍ കടും ചുവപ്പു നിറമാകുന്ന ഫലങ്ങള്‍ ഭക്ഷ്യയോഗ്യമാണ്.

ചെത്തി സമൂലവും, വേരും പുഷ്പവും ഔഷധയോഗ്യമാണ്. സുഗന്ധതൈലം, ടാനിന്‍, കൊഴുപ്പും പുളിരസവുമുള്ള രാസപദാര്‍ഥങ്ങള്‍, ഓര്‍ഗാനിക് അമ്ളം, രഞ്ജക വസ്തുക്കള്‍ തുടങ്ങിയവ ഈ സസ്യത്തില്‍ അടങ്ങിയിരിക്കുന്നു. ചെത്തി ഉദരരോഗങ്ങള്‍ക്ക് കൈക്കൊണ്ട ഔഷധമാണ്. ചില പ്രത്യേക അണുക്കളെ നശിപ്പിക്കാനുള്ള കഴിവ് ഇതിനുണ്ട്. വ്രണങ്ങളും മുറിവുകളും എളുപ്പത്തില്‍ ഉണങ്ങുന്നതിനും പഴുക്കാതെ സൂക്ഷിക്കുന്നതിനുമുള്ള (antiseptic) ഗുണങ്ങള്‍ ഈ സസ്യത്തിനുണ്ട്. അതിസാരം, ആമാതിസാരം, ഗൊണേറിയ എന്നീ രോഗങ്ങള്‍ക്ക് ഔഷധങ്ങളുണ്ടാക്കാനും ഉപയോഗിക്കുന്നു.

ചെത്തിയുടെ വേര് തേങ്ങ ചേര്‍ത്ത് അരച്ച് പരു(കരു)വില്‍ പുരട്ടിയാല്‍ വേദനയും വിങ്ങലും ചൊറിച്ചിലും മാറി എളുപ്പത്തില്‍ പൊട്ടിപ്പോകുന്നു. ചൊറി, ചിരങ്ങ്, കരപ്പന്‍ എന്നീ അസുഖങ്ങള്‍ക്ക് ചെത്തിപ്പൂ അരച്ചു വെളിച്ചെണ്ണ കാച്ചി പുരട്ടിയാല്‍ ശമനം കിട്ടും. ചെത്തിപ്പൂമൊട്ട് ജീരകവും കൂട്ടി ചതച്ച് വെള്ളത്തിലിട്ടു വച്ചിരുന്ന് ആ വെള്ളം അരിച്ചെടുത്തു കണ്ണില്‍ ഒഴിച്ചാല്‍ കണ്ണിന്റെ നീരും വേദനയും ശമിക്കും. അമ്പലങ്ങളില്‍ പൂജയ്ക്കും പ്രസാദത്തിനും മാലകളുണ്ടാക്കാനും ഉപയോഗിക്കുന്നു. അലങ്കാര സസ്യമായി പൂന്തോട്ടങ്ങളില്‍ നട്ടുവളര്‍ത്തുന്ന ഈ സസ്യവും പുഷ്പങ്ങളും അലങ്കാരങ്ങള്‍ക്ക് ഉപയോഗിക്കുന്നു.

"http://web-edition.sarvavijnanakosam.gov.in/index.php?title=%E0%B4%9A%E0%B5%86%E0%B4%A4%E0%B5%8D%E0%B4%A4%E0%B4%BF" എന്ന താളില്‍നിന്നു ശേഖരിച്ചത്
താളിന്റെ അനുബന്ധങ്ങള്‍
സ്വകാര്യതാളുകള്‍