This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

ചുറ്റുവിളക്ക്

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

ചുറ്റുവിളക്ക്

ക്ഷേത്രങ്ങളുടെ നാലുവശത്തുമുള്ള വിളക്ക്. ചുറ്റിക്കൊണ്ടിരിക്കുന്ന വിളക്ക്, ചെറിയ വിളക്ക്, കാവില്‍ നടത്തുന്ന ഒരു അടിയന്തിരം, ക്ഷേത്രത്തിലെ ഒരു വഴിപാട് എന്നീ അര്‍ഥങ്ങളും ഇതിന് നല്കിക്കാണുന്നുണ്ട്.

നാലമ്പലത്തിന് ചുറ്റുമായാണ് വിളക്കുകള്‍ സ്ഥാപിച്ചിട്ടുള്ളത്. അവ നാലമ്പലമതില്‍ക്കെട്ടിന്റെ പുറത്തെ ഭിത്തിയോടുചേര്‍ന്ന് നിരനിരയായി സ്ഥിതിചെയ്യുന്നു. കല്ലില്‍ കൊത്തിയെടുത്ത വിളക്കുകളോ ഇരുമ്പുവിളക്കുകളോ ആയിരിക്കും ഇവയിലുണ്ടാവുക. ഇരുമ്പുവിളക്കുകള്‍ ചുവരിനോട് ചേര്‍ത്ത് പിടിപ്പിച്ചിട്ടുള്ള മരയഴികളില്‍ ഉറപ്പിച്ചിരിക്കും. കല്‍വിളക്കുകളാണെങ്കില്‍ നേരിട്ട് ചുവരില്‍ പിടിപ്പിച്ചിരിക്കും. മുകളിലത്തെ നിരകളിലെ വിളക്കുകള്‍ കത്തിക്കുന്നതിനായി ഒരു കോലിന്റെ അറ്റത്ത് എണ്ണ നനച്ച തുണി ചുറ്റി കത്തിച്ച് ഉപയോഗിക്കുന്നു. വിളക്കുമാടത്തിലെ വിളക്കുകളെല്ലാം എണ്ണയും തിരിയുമിട്ട് കത്തിക്കുകയാണ് ചുറ്റുവിളക്ക് വഴിപാടുകൊണ്ട് ഉദ്ദേശിക്കപ്പെടുന്നത്. ഇതിനോടൊപ്പം നിറമാലയും പതിവുണ്ട്. ഈ വിളക്കുകള്‍ മന്ത്രമൂര്‍ത്തികളെന്നാണ് വിശ്വാസം. വെളിച്ചപ്പാടുള്ള ക്ഷേത്രങ്ങളില്‍ ചുറ്റുവിളക്ക് സമയത്ത് തുള്ളിവന്ന് വഴിപാടുകാരനെയും മറ്റു ഭക്തജനങ്ങളെയും 'അരി എറിയുക'യും വഴിപാടുകാരനോട് കല്പിക്കുകയും ചെയ്യാറുണ്ട്. വസൂരി മുതലായ പകര്‍ച്ചവ്യാധികള്‍ ഉണ്ടാകുമ്പോള്‍ അതില്‍നിന്നുള്ള മോചനത്തിനായി ചുറ്റുവിളക്കുവഴിപാട് നടത്തുന്ന പതിവ് കേരളത്തില്‍ പലേടത്തും ഉണ്ടായിരുന്നു. പിറന്നാളാഘോഷത്തിന്റെ ഭാഗമായി ശാസ്താക്ഷേത്രങ്ങളില്‍ ചുറ്റുവിളക്ക് കത്തിക്കുകയും തേങ്ങ എറിഞ്ഞുപൊട്ടിക്കുകയും ചെയ്യുന്ന ഏര്‍പ്പാട് ഉണ്ട്.

ചുറ്റുവിളക്കുള്ള നിരവധി ക്ഷേത്രങ്ങള്‍ കേരളത്തില്‍ ഉണ്ട്. കോഴിക്കോടിനും തലശ്ശേരിക്കും ഇടയ്ക്ക് വടകരയിലുള്ള ലോകനാര്‍ക്കാവിലെ ചുറ്റുവിളക്ക് ഏറെ പ്രസിദ്ധമാണ്. നല്ല മരംകൊണ്ട് അഴിയും കാലുമായി നിര്‍മിക്കപ്പെട്ട അമ്പലത്തിന്റെ പുറംഭിത്തിയില്‍ കാലുകളുടെ മേല്‍ ചുറ്റും ഏഴുവരികളായി തറച്ചിട്ടുള്ള മൂവായിരത്തോളം കാക്കവിളക്കുകള്‍ ഉണ്ട്. മണ്ഡലകാലത്ത് ഈ ചുറ്റുവിളക്കുകളെല്ലാം കത്തിക്കുമ്പോള്‍ ഉണ്ടാകുന്ന തേജഃപ്രസരം ഭക്തജനങ്ങളുടെ ഹൃദയാന്തരാളത്തില്‍ ആനന്ദചൈതന്യം സൃഷ്ടിക്കാന്‍ പര്യാപ്തമാണ്.

താളിന്റെ അനുബന്ധങ്ങള്‍
സ്വകാര്യതാളുകള്‍