This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.
Reading Problems? see Enabling Malayalam
ചുന്‍ ദൂ-ഷ്യു (1879 - 1942)
സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്
ചുന്‍ ദൂ-ഷ്യു (1879 - 1942)
ചൈനീസ് കമ്യൂണിസ്റ്റ് പാര്‍ട്ടിയുടെ ആദ്യകാല നേതാവും പണ്ഡിതനും. ഇദ്ദേഹം 1879 ഒ. 8-ന് ജനിച്ചു. ജപ്പാനില്‍ വിദ്യാഭ്യാസം പൂര്‍ത്തിയാക്കി. ചൈനയില്‍ 1911-ല്‍ നടന്ന രാഷ്ട്രീയ വിപ്ളവത്തിന്റെ നേതൃനിരയില്‍ ചുന്‍ ദൂ-ഷ്യു ഉണ്ടായിരുന്നു. 1915-ഓടെ ഇദ്ദേഹം ഷാങ്ഹായ്യില്‍ ന്യൂയൂത്ത് എന്ന പ്രസിദ്ധീകരണത്തിന്റെ ചുമതല വഹിച്ചു. ശാസ്ത്രത്തെയും ജനാധിപത്യത്തെയുംപറ്റിയുള്ള രചനകളിലൂടെയും ചൈനീസ് സംസ്കാരത്തെക്കുറിച്ചുള്ള വിശകലനത്തിലൂടെയും ഇദ്ദേഹം പ്രശസ്തനായി. 1917 മുതല്‍ ചുന്‍ ദൂ-ഷ്യു ബീജിങ് (പീക്കിങ്) സര്‍വകലാശാലയില്‍ അധ്യാപകനായി. 1919-ല്‍ 'മേയ് നാല് പ്രസ്ഥാന'ത്തില്‍ (May Fourth Movement) ഏര്‍പ്പെട്ടതോടെ ഇദ്ദേഹത്തിന് അധ്യാപകവൃത്തിയില്‍നിന്നും വിരമിക്കേണ്ടിവന്നു. ഇക്കാലത്ത് ഇദ്ദേഹം മാര്‍ക്സിസ്റ്റ് പ്രവര്‍ത്തകനായി മാറി. ചൈനയില്‍ കമ്യൂണിസ്റ്റുപാര്‍ട്ടി രൂപവത്കരിക്കുന്നതിന് (1921) നേതൃത്വം നല്കിയവരില്‍ ഇദ്ദേഹവും ഉണ്ടായിരുന്നു. പാര്‍ട്ടിനേതാവായി മാറിയ ചുന്‍-ദൂ-ഷ്യുവിനെ 1927-ല്‍ നേതൃത്വത്തില്‍നിന്നും ഒഴിവാക്കി. 1930-ഓടെ ഇദ്ദേഹം പാര്‍ട്ടിയില്‍നിന്നും പുറത്തായി. 1932 മുതല്‍ 37 വരെ ചൈനീസ് ഗവണ്‍മെന്റ് ഇദ്ദേഹത്തെ തടവില്‍ പാര്‍പ്പിച്ചു. തുടര്‍ന്ന് ഇദ്ദേഹം രാഷ്ട്രീയം ഉപേക്ഷിച്ച് മറ്റു പഠനങ്ങളില്‍ ഏര്‍പ്പെട്ടു. 1942 മേയ് 27-ന് ചുന്‍ ദൂ-ഷ്യു മരണമടഞ്ഞു.