This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.
Reading Problems? see Enabling Malayalam
ചീ എന്‍ ലുങ് (1711 - 99)
സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്
ചീ എന്‍ ലുങ് (1711 - 99)
ചൈന ഭരിച്ചിരുന്ന മഞ്ചൂരാജവംശപരമ്പരയിലെ നാലാമത്തെ ചക്രവര്‍ത്തി. 1711 സെപ്. 25-ന് ജനിച്ച ചീ എന്‍ ലുങ് 1736-ല്‍ ചക്രവര്‍ത്തിയായി അവരോധിക്കപ്പെട്ടപ്പോള്‍ മഞ്ചൂറിയ, മങ്ഗോളിയ, കൊകോണര്‍, തിബത്ത് എന്നിവിടം വരെ വ്യാപിച്ചിരുന്ന വിപുലമായ ഒരു സാമ്രാജ്യത്തിന്റെ അധിപനായിരുന്നു. സിങ്കിയാങ്ങിനും തിബത്തിനും എതിരെയുള്ള യുദ്ധസന്നാഹങ്ങളുടെ നേതൃത്വം ഏറ്റെടുത്ത ഇദ്ദേഹം ഈ പ്രദേശങ്ങളെ തന്റെ അധികാരസീമയ്ക്കുള്ളില്‍ ഒതുക്കി. മഞ്ചു സൈനികശക്തി ഇദ്ദേഹത്തിന്റെ നേതൃത്വത്തില്‍ കാര്യക്ഷമതയുടെ പരകോടിയിലെത്തി എന്നതിനു നിദാനമായിരുന്നു ഈ പര്യടനവിജയം. ഭരണകാലത്തിന്റെ ആദ്യത്തെ നാലു ദശാബ്ദക്കാലത്തോളം ഇദ്ദേഹം 'ഉത്തമനായ ഭരണതന്ത്രജ്ഞന്‍' എന്ന ഖ്യാതി നേടി. ഇദ്ദേഹത്തിന്റെ ഭരണത്തിന്‍കീഴില്‍ ചൈന ബഹുമുഖമായ പുരോഗതി കൈവരിച്ചു. അനുകൂലമായ വിദേശവാണിജ്യബന്ധങ്ങള്‍ രാജ്യത്തിന്റെ സാമ്പത്തികനില ഭദ്രമാക്കി.
ചീ എന്‍ ലുങ്ങിന്റെ ഭരണകാലത്ത് ചൈനീസ് സംസ്കാരത്തിന്റെ അലയൊലികള്‍ യൂറോപ്പിലാകെ അനുഭവപ്പെട്ടു. ഒറ്റയായി നീട്ടിപ്പിന്നിയ ചൈനീസ് കേശാലങ്കാരവും പ്രകൃതിഭംഗി പ്രദര്‍ശിപ്പിക്കുന്ന ഉദ്യാനനിര്‍മാണ രീതികളും യൂറോപ്പില്‍ വന്‍ പ്രചാരം നേടി. പൊതുനിര്‍മാണങ്ങള്‍ വന്‍തോതിലായതോടൊപ്പം സാഹിത്യപരമായ പ്രവര്‍ത്തനങ്ങള്‍ക്കും ആക്കം കൂടി. മഞ്ചുരാജവംശ ചരിത്രം, ഭരണത്തിന്റെ വിവിധവശങ്ങള്‍ വ്യക്തമാക്കുന്ന വിജ്ഞാനകോശങ്ങള്‍ എന്നിവ ഇദ്ദേഹം പ്രത്യേക താത്പര്യമെടുത്ത് പ്രസിദ്ധീകരിച്ചു. എന്നാല്‍ നിര്‍ഭാഗ്യവശാല്‍, ഈ പ്രതാപവും പ്രൗഢിയും തലയ്ക്കുപിടിച്ച ചക്രവര്‍ത്തി താമസിയാതെ തന്റെ ഉപദേശകനായ ഹോ-ഷെന്നിന്റെ കുത്സിതവലയത്തില്‍പ്പെട്ട് അധികാരം ദുര്‍വിനിയോഗം ചെയ്തു. ഈ കൂട്ടുകെട്ട് അഴിമതിയുടെയും സദാചാരമൂല്യച്യുതിയുടെയും ദൂഷിതവലയത്തിലേക്കാണ് രാജ്യത്തെ കൊണ്ടെത്തിച്ചത്. മഞ്ചൂരാജവംശത്തിന്റെ ശക്തിക്ഷയമായിരുന്നു ഇതിന്റെ അനന്തരഫലം. ബഹുഭാഷാ പണ്ഡിതനായിരുന്ന ചീ എന്‍ ലുങ് 1799 ഫെ. 7-ന് അന്തരിച്ചു.