This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

ചീറുമ്പ (ശ്രീകുറുംബ)

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

ചീറുമ്പ (ശ്രീകുറുംബ)

വസൂരിരോഗത്തിനു കാരണമാകുമെന്നു വിശ്വസിക്കപ്പെടുന്ന ഗ്രാമീണ ദേവത, ശ്രീകുറുംബ എന്ന സംസ്കൃതീകൃത നാമധേയത്തിലും അറിയപ്പെടാറുണ്ട്. ചീര്‍മ എന്നാണ് മറ്റൊരു പേര്. ആരാധിക്കുന്നവര്‍ക്കു തണുപ്പു നല്‍കുന്നതിനാലാണ് ചീര്‍മ (ചീറുമ്പ) എന്ന പേര് വന്നതെന്നു കരുതപ്പെടുന്നു. കേരളത്തിലെ, വിശേഷിച്ചും ഉത്തരകേരളത്തിലെ, ഈ ഗ്രാമദേവതാ സങ്കല്പത്തിനു സമാനമാണ് ബംഗാളിലെയും മറ്റും 'ശീതള' സങ്കല്പം. കൊടുങ്ങല്ലൂരമ്മയാണ് കേരളത്തിലെ പ്രസിദ്ധിപെറ്റ ചീറുമ്പാഭഗവതി. ഉത്തരകേരളത്തില്‍ 'ചീര്‍മക്കാവു'കള്‍ എന്നറിയപ്പെടുന്ന ഗ്രാമീണ ദേവാലയങ്ങളിലാണ് ചീറുമ്പ ആരാധിക്കപ്പെടുന്നത്. സാധാരണയായി തച്ചന്മാര്‍, മുക്കുവര്‍, തീയര്‍, കരിമ്പാലര്‍ തുടങ്ങിയവരാണ് ചീര്‍മക്കാവുകളുടെ ഉടയോരായിട്ടുള്ളത്. പിലിക്കോട്, കോയോന്‍കര, ചെറുവത്തൂര്, പയ്യന്നൂര്‍, മാടായി എന്നിവിടങ്ങളില്‍ ആശാരിമാരുടെ ചീര്‍മക്കാവുകളുണ്ട്. ചീറുമ്പയെ തൃപ്തിപ്പെടുത്താതിരുന്നാല്‍ വസൂരി പിടിപെടുമെന്ന വിശ്വാസമുള്ളതിനാല്‍ ചീര്‍മക്കാവുകളില്‍ ആണ്ടുതോറും പാട്ടുത്സവം നടത്താറുണ്ട്. ഭരണിനാളിലാണ് പൊതുവേ ഉത്സവം നടത്തുക. പഞ്ചവര്‍ണപ്പൊടികൊണ്ട് കളം വരച്ച് ആരാധന നടത്തുന്ന പതിവുണ്ട്. കരിമ്പാലരുടെ സവിശേഷമായ ചീറുമ്പ അനുഷ്ഠാനമാണ് 'കന്നിക്കെട്ട്'.

താളിന്റെ അനുബന്ധങ്ങള്‍
സ്വകാര്യതാളുകള്‍