This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.
Reading Problems? see Enabling Malayalam
ചിലകമൂര്‍ത്തി ലക്ഷ്മീനരസിംഹ പന്തലു (1867 - 1946)
സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്
ചിലകമൂര്‍ത്തി ലക്ഷ്മീനരസിംഹ പന്തലു (1867 - 1946)
തെലുഗുസാഹിത്യകാരന്‍. കിഴക്കന്‍ ഗോദാവരി ജില്ലയിലെ ഖണ്ഡാവല്ലിയില്‍ 1867-ല്‍ ജനിച്ചു. പിതാവ് വെങ്കണ്ണ. മാതാവ് വെങ്കടരത്നമ്മ. കാഴ്ചക്കുറവുണ്ടായിരുന്നതുകൊണ്ട് ഇദ്ദേഹത്തിന് കലാശാലാ വിദ്യാഭ്യാസം ചെയ്യാനായില്ല.
നാടകകൃത്ത്, നോവലിസ്റ്റ്, പത്രപ്രവര്‍ത്തകന്‍, വിവര്‍ത്തകന്‍, സാംസ്കാരിക പ്രവര്‍ത്തകന്‍ എന്നീ നിലകളില്‍ ചിലകമൂര്‍ത്തി ശ്രദ്ധേയമായ സേവനം നടത്തിയിട്ടുണ്ട്. കീചകവധം ആണ് ആദ്യത്തെ നാടകം. ഗദ്യനാടകങ്ങളാണ് ഇദ്ദേഹം രചിച്ചിട്ടുള്ളത്. എങ്കിലും അവയിലെല്ലാം നിരവധി പദ്യങ്ങള്‍ യഥോചിതം ഇണക്കിച്ചേര്‍ത്തിട്ടുണ്ട്. മുഖ്യനാടകങ്ങള്‍ ദ്രൗപദീപരിണയം, ശ്രീരാമജന്മം, ഗയോപാഖ്യാനം, പാരിജാതാപഹരണം, നളചരിതം, സീതാകല്യാണം എന്നിവയാണ്. രാമചന്ദ്രവിജയം, ഹേമലത, അഹല്യാഭായി, കര്‍പ്പൂരമഞ്ജരി, സൗന്ദര്യതിലക, കൃഷ്ണവേണി, ഗണപതി, മണിമഞ്ജരി എന്നിവ പ്രധാന നോവലുകളില്‍ ചിലതുമാത്രം.
ബ്രിട്ടീഷ് ഭരണത്തിന്റെ അനീതികള്‍ക്കെതിരെ രൂക്ഷമായ വിമര്‍ശനങ്ങളുയര്‍ത്തിയ പത്രപ്രവര്‍ത്തകനാണ് ചിലകമൂര്‍ത്തി. മനോരമദേശമാതാ, സരസ്വതി എന്നീ മാസികകള്‍ എഡിറ്റു ചെയ്ത് പ്രകാശിപ്പിച്ചിരുന്നു.
1922-ല്‍ ഋഗ്വേദം തെലുഗുവിലേക്കു വിവര്‍ത്തനം ചെയ്യാന്‍ ആരംഭിച്ചു. സാമ്പത്തിക ബുദ്ധിമുട്ടുകള്‍ കാരണം ഒരു മണ്ഡലം മാത്രമേ പൂര്‍ത്തിയാക്കാനായുള്ളൂ. ഭാസന്റെ 13 നാടകങ്ങള്‍ തര്‍ജുമ ചെയ്തതാണ് ചിലകമൂര്‍ത്തിയുടെ മറ്റൊരു സവിശേഷ സംഭാവന. പാര്‍വതീപരിണയം തുടങ്ങിയ മറ്റും ചില സംസ്കൃത നാടകങ്ങളും ഭാഷാന്തരം ചെയ്തിട്ടുണ്ട്.
സ്വാതന്ത്ര്യസമര സേനാനികളും സാമൂഹ്യനവോത്ഥാനത്തിന്റെ ശില്പികളും നടത്താറുള്ള കര്‍മപരിപാടികളിലും ചിലകമൂര്‍ത്തി സജീവ പങ്കാളിയായിരുന്നു. പ്രഭാഷകന്‍ എന്ന നിലയിലും ഇദ്ദേഹം വളരെ പ്രശസ്തനായിരുന്നു ചിലകമൂര്‍ത്തി. അപാരമായ ഓര്‍മശക്തിയുടെ ഉടമയായിരുന്നു. ഒരിക്കല്‍ വായിച്ചുകേട്ട പദ്യം എത്ര ദൈര്‍ഘ്യമുള്ളതായാലും തെറ്റാതെ ആവര്‍ത്തിക്കാന്‍ ഇദ്ദേഹത്തിനു കഴിവുണ്ടായിരുന്നു. ഈ ഓര്‍മശക്തിയാണ് കാഴ്ചയിലെ പരിമിതി പരിഹരിക്കുന്നതിനു സഹായകമായത്.
1943-ല്‍ ആന്ധ്ര യൂണിവേഴ്സിറ്റി 'കലാപ്രപൂര്‍ണ' എന്ന ബിരുദം നല്കി ചിലകമൂര്‍ത്തിയെ ആദരിച്ചു. 1944-ല്‍ അസോസിയേഷന്‍ ഒഫ് ആന്ധ്രാ പ്രോഗ്രസ്സീവ് റൈറ്റേഴ്സ് ഇദ്ദേഹത്തിന്റെ ആത്മകഥ പ്രകാശനം ചെയ്യുകയുണ്ടായി. 1946-ല്‍ അന്തരിച്ചു.