This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

ചിന്നയ്യ, താള്ളപാക്കം (15-ാം ശതകം)

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

ചിന്നയ്യ, താള്ളപാക്കം (15-ാം ശതകം)

15-ാം ശതകത്തില്‍ ജീവിച്ചിരുന്ന തെലുഗു സംഗീത സാഹിത്യ വിശാരദന്‍. 1408 മുതല്‍ 1503 വരെ ജീവിച്ചിരുന്ന അന്നമാചാര്യ എന്ന സംഗീത-സാഹിത്യവിശാരദന്റെ പുത്രനായ പെദ്ദതിരുമല അയ്യങ്കാരും സംഗീതരചയിതാവായിരുന്നു. ഇദ്ദേഹത്തിന്റെ പുത്രനായ ചിന്നയ്യയും പിതാവിന്റെ കാലടികള്‍ പിന്തുടര്‍ന്ന് അനേകം കൃതികള്‍ തെലുഗു ഭാഷയില്‍ രചിച്ചു. ഇവര്‍ മൂന്നുപേരുടെയും കൃതികള്‍ പൊതുവായി താള്ളപാക്കംകൃതികള്‍ എന്നറിയപ്പെടുന്നു. ഈ കൃതികള്‍ 20,000-ത്തോളം ഉണ്ട്. ഇവ ചെമ്പുതകിടില്‍ ആലേഖനം ചെയ്ത് തിരുപ്പതിയിലെ വെങ്കടേശ്വരാ ഓറിയന്റല്‍ റിസര്‍ച്ച് ഇന്‍സ്റ്റിറ്റ്യൂട്ടില്‍ സൂക്ഷിച്ചിട്ടുണ്ട്. ആധുനിക ഭജന പദ്ധതിയുടെ 'മൂലപുരുഷന്‍' എന്നറിയപ്പെടുന്ന ഇദ്ദേഹം കീര്‍ത്തനങ്ങള്‍ കൂടാതെ ഉത്സവപദ്ധതിക്കനുയോജ്യമായി തോടയം, ഹെച്ചരിക, ധൂപ ദീപനൈവേദ്യം, വസന്തോത്സവം, ടോലോത്സവം എന്നീ സമയങ്ങളില്‍ പാടുന്നതിന് പ്രത്യേകം കീര്‍ത്തനങ്ങളും രചിച്ചു. താള്ളപാക്കം ചിന്നയ്യ രചിച്ച 'തോടയമംഗളം' ആദ്യകാലത്ത് ത്യാഗരാജസ്വാമികള്‍ പാടിയിരുന്നു. ശങ്കരാഭരണ രാഗത്തിലും അടതാളത്തിലും താള്ളപാക്കം ചിന്നയ്യ രചിച്ച 'ശ്രീ ഹരിപാദതീര്‍ഥമേ' പ്രസിദ്ധമായ കീര്‍ത്തനമാണ്.

(പ്രൊഫ. എം.കെ. മോഹനചന്ദ്രന്‍)

താളിന്റെ അനുബന്ധങ്ങള്‍
സ്വകാര്യതാളുകള്‍