This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

ചിദംബരം(ചലച്ചിത്രം)

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

ചിദംബരം (ചലച്ചിത്രം)

ദേശീയ-സംസ്ഥാന അവാര്‍ഡുനേടിയ മലയാളചലച്ചിത്രം. ജി. അരവിന്ദനാണ് സംവിധായകന്‍. പ്രശസ്ത സംവിധായകന്‍ ഷാജി എന്‍. കരുണിന്റെതാണ് ക്യാമറ. സി.വി. ശ്രീരാമന്റെ വാസ്തുഹാര എന്ന കഥാസമാഹാരത്തിലുള്ള 'ചിദംബരം' എന്ന കഥയാണ് ചിത്രത്തിന് അവലംബം. 1985-ലാണ് ഇത് നിര്‍മിച്ചത്.

സാഹിത്യകൃതിയെ അവലംബിച്ചുകൊണ്ട് നിര്‍മിക്കുമ്പോഴും ചലച്ചിത്രം ഒരു മൌലികസൃഷ്ടിതന്നെയായിരിക്കും എന്ന വസ്തുത വ്യക്തമായും ഉദാഹരിക്കുന്ന ചിത്രമാണിത്. കഥാകൃത്ത് നായികാനായകന്മാര്‍ക്കു നല്കിയ അഖിലാണ്ഡമ്മാള്‍, വാച്ചാപുരി എന്നീ പേരുകള്‍ ശിവകാമി, മുനിയാണ്ടി എന്നിങ്ങനെ മാറ്റിയിടത്തു മുതല്‍ ഈ യാഥാര്‍ഥ്യം തെളിഞ്ഞുകാണാം. ശങ്കരന്റെ ആത്മാന്വേഷണപരമായ തീര്‍ഥയാത്രയിലൂടെയാണ് അരവിന്ദന്‍ കഥാഖ്യാനം നടത്തുന്നത്. ആദ്യപകുതി ശിവകാമിയുടെയും മുനിയാണ്ടിയുടെയും നിറപ്പകിട്ടാര്‍ന്ന ജീവിതചിത്രണമാണ്. 'അങ്ങനെയാണ് ഞാനീ യാത്ര തുടങ്ങിയത്'. എന്ന ശങ്കരന്റെ ആത്മഗതത്തിലൂടെ ആദ്യപകുതിയെ ശങ്കരന്റെ സ്മൃതിചിത്രമാക്കുകയും രണ്ടാംപകുതി ചിദംബരംവരെ എത്തിച്ചേരുന്ന അദ്ദേഹത്തിന്റെ യാത്രയെ ആവിഷ്കരിക്കുകയും ചെയ്യുന്നു.

'കാഞ്ചനസീത' മുതല്‍ 'പോക്കുവെയില്‍' വരെയുള്ള അരവിന്ദന്റെ ചിത്രങ്ങളില്‍നിന്ന് പല തലങ്ങളിലും വ്യത്യസ്തമായ ഒന്നാണ് ചിദംബരം. സാമാന്യജനങ്ങള്‍ക്കുകൂടി സ്വീകാര്യമായ ചലച്ചിത്ര ശൈലിയാണ് ഇതില്‍ സ്വീകരിച്ചിട്ടുള്ളത്. മുഖ്യ കഥാപാത്രങ്ങളെ അവതരിപ്പിച്ചത് ഭരത്ഗോപി (ശങ്കരന്‍), സ്മിതാ പാട്ടീല്‍ (ശിവകാമി), ശ്രീനിവാസന്‍ (മുനിയാണ്ടി) എന്നിവരാണ്. ഏറ്റവും നല്ല ചലച്ചിത്രത്തിനുള്ള ദേശീയ അവാര്‍ഡും നല്ല ചിത്രം, നല്ല സംവിധായകന്‍ (അരവിന്ദന്‍), മികച്ചനടന്‍ (ഗോപി), മികച്ച ശബ്ദലേഖനം (ദേവദാസ്), മികച്ച സംഗീതം (ദേവരാജന്‍) എന്നീ സംസ്ഥാന അവാര്‍ഡുകളും ചിദംബരം നേടുകയുണ്ടായി.

താളിന്റെ അനുബന്ധങ്ങള്‍
സ്വകാര്യതാളുകള്‍