This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.
Reading Problems? see Enabling Malayalam
ചിത്തരഞ്ജന്‍, ജെ (1927 - 2008)
സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്
ചിത്തരഞ്ജന്‍, ജെ (1927 - 2008)
ഇന്ത്യന്‍കമ്യൂണിസ്റ്റുപാര്‍ട്ടി നേതാവും ട്രേഡ് യൂണിയന്‍ പ്രവര്‍ത്തകനും. 1927 ഒ. 27-ന് ജനാര്‍ദനന്‍ ആശാന്‍-മീനാക്ഷിഅമ്മ ദമ്പതിമാരുടെ മകനായി കൊല്ലത്ത് ജനിച്ചു. ബിരുദതലം വരെ വിദ്യാഭ്യാസം പൂര്‍ത്തിയാക്കി. വിദ്യാര്‍ഥിയായിരിക്കുമ്പോള്‍ത്തന്നെ രാഷ്ട്രീയ പ്രവര്‍ത്തനമാരംഭിച്ചു. 1938, 42, 47, 48 വര്‍ഷങ്ങളിലെ വിദ്യാര്‍ഥിസമരങ്ങളില്‍ പങ്കെടുത്തു. ആലുവ യൂണിയന്‍ ക്രിസ്ത്യന്‍കോളജിലെ സ്റ്റുഡന്‍സ് ഫെഡറേഷന്‍ സെക്രട്ടറിയും (1945-46) ആള്‍ ഇന്ത്യ സ്റ്റുഡന്‍സ് ഫെഡറേഷനുമായി ബന്ധപ്പെട്ടു പ്രവര്‍ത്തിച്ച തിരുവിതാംകൂര്‍ സ്റ്റുഡന്‍സ് യൂണിയന്റെ ജനറല്‍ സെക്രട്ടറിയും (1947-48) പ്രസിഡന്റും (1948-49) ആയിരുന്നു. 1944-ല്‍ കമ്യൂണിസ്റ്റ് പാര്‍ട്ടിയില്‍ ചേര്‍ന്നു. 1949 മുതല്‍ 51 വരെ ആള്‍ ഇന്ത്യാ സ്റ്റുഡന്‍സ് ഫെഡറേഷന്റെ ജോയിന്റ് സെക്രട്ടറിയായിരുന്നു. 1949 മുതല്‍ മൂന്ന് വര്‍ഷം ഒളിവിലായിരുന്നു. 1950 മുതല്‍ ട്രേഡ് യൂണിയനില്‍ പ്രവര്‍ത്തനമാരംഭിച്ചു. 1953 മുതല്‍ സി.പി.ഐ സംസ്ഥാന കമ്മിറ്റി അംഗമാണ്. 1968-69, 69-70, 70-71, 82 എന്നീ വര്‍ഷങ്ങളില്‍ എ.ഐ.റ്റി.യു.സി കേരളാ ഘടകം ജനറല്‍ സെക്രട്ടറിയും 1972-ല്‍ എ.ഐ.ടി.യു.സി.യുടെ വൈസ് പ്രസിഡന്റുമായി. 1977-ല്‍ ചാത്തന്നൂര്‍ മണ്ഡലത്തില്‍ നിന്നും നിയമസഭാംഗമായി. 1977 ഏ. മുതല്‍ 78 ന. വരെ ആരോഗ്യവകുപ്പുമന്ത്രിയായിരുന്നു. 1980-ല്‍ ചാത്തന്നൂര്‍ നിന്നും, 1987-ല്‍ പൂനലൂര്‍ നിന്നും നിയമസഭാംഗമായി. സി.പി.ഐ. നാഷണല്‍ കൗണ്‍സില്‍ അംഗമായിരുന്നു. ഇദ്ദേഹം 1956-ല്‍ വിവാഹിതനായി. ചിത്തരഞ്ജന്‍-അംബിക ദമ്പതികള്‍ക്ക് മൂന്നു കുട്ടികളുണ്ട്: രണ്ട് ആണ്‍കുട്ടികളും ഒരു പെണ്‍കുട്ടിയും.
2008 ജൂണ്‍ 30-ന് ഇദ്ദേഹം അന്തരിച്ചു.