This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.
Reading Problems? see Enabling Malayalam
ചാവോസ്, കാര്‍ലോസ് (1899 - 1978)
സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്
ചാവോസ്, കാര്‍ലോസ് (1899 - 1978)
മെക്സിക്കന്‍ സംഗീതരചയിതാവും ഗാനരചയിതാവും. 1899 ജൂണ്‍ 13-ന് മെക്സിക്കോ സിറ്റിയില്‍ ജനിച്ചു. ഒരു സ്വകാര്യാധ്യാപകനില്‍നിന്നും പിയാനോ, 'ഹാര്‍മണി' എന്നിവയില്‍ പരിചയം നേടി. 1922-23 വര്‍ഷങ്ങളില്‍ യൂറോപ്പില്‍ ചുറ്റിസഞ്ചരിക്കുന്നതിനിടയില്‍ ഷോന്‍ബെര്‍ഗ്, സ്ട്രാവിന്‍സ്കി എന്നിവരുമായി പരിചയപ്പെടാനിടയായി. സംഗീതത്തിലെ ആധുനിക പ്രവണതകളെക്കുറിച്ച് അവരില്‍നിന്നും മനസ്സിലാക്കി. പിന്നീട് മാനുവല്‍ പോണ്‍സി, പെഡ്രോലൂയിസ് ഓഗസോണ്‍, യുവാന്‍ ബി. ഫ്യൂയെന്റി എന്നിവരില്‍നിന്നും സംഗീതത്തില്‍ അവഗാഹം നേടി. 18 വയസ്സ് ഉള്ളപ്പോള്‍ത്തന്നെ ഇദ്ദേഹം ഗാനങ്ങള്‍ രചിക്കുവാന്‍ തുടങ്ങിയിരുന്നു.
1923-ല്‍ മെക്സിക്കോയില്‍ തിരിച്ചെത്തി. തദ്ദേശീയവും നൈസര്‍ഗികവുമായ മെക്സിക്കന്‍ സംഗീതകലയുടെയും മെക്സിക്കന്‍ ഇന്ത്യന്‍ സംഗീതത്തിന്റെയും സ്രോതസ്സുകള്‍ കൂട്ടിയിണക്കി ഒരു പുതിയ സംഗീതരീതിക്ക് ഇദ്ദേഹം രൂപംനല്കി. മെക്സിക്കോയിലെ സംഗീതവിദ്യാഭ്യാസക്രമം ചിട്ടപ്പെടുത്തുകയും ശക്തിപ്പെടുത്തുകയും ചെയ്ത ചാവോസ് 1928-ല്‍ മെക്സിക്കോയിലെ ആദ്യത്തെ സിംഫണി ഓര്‍ക്കസ്ട്ര സംഘടിപ്പിച്ചു. 1928 മുതല്‍ 1934 വരെ നാഷണല്‍ കണ്‍സര്‍വേറ്ററിയുടെ ഡയറക്ടറായി സേവനമനുഷ്ഠിച്ചു. 1933 മുതല്‍ 1939 വരെ ഫൈന്‍ ആര്‍ട്സ് വകുപ്പിന്റെ തലവനായിരുന്നു. സംഗീത രചയിതാവ്, ഗാനരചയിതാവ് എന്നിവ കൂടാതെ, കാര്യക്ഷമതയുള്ള സംഘാടകന്‍, വിദ്യാഭ്യാസവിചക്ഷണന്‍ എന്നീ നിലകളിലും ചാവോസ് ശ്രദ്ധേയനായിരുന്നു. മെക്സിക്കന്‍ സംഗീതസംസ്കാരത്തെ വികസിപ്പിക്കുകയും ആധുനികവത്കരിക്കുകയും ചെയ്തതില്‍ ഇദ്ദേഹത്തിന്റെ സംഭാവന നിസ്തുലമാണ്.
അമേരിക്കന്‍ ഐക്യനാടുകളിലുടനീളം സംഗീത വിദ്യാഭ്യാസ പ്രചാരണാര്‍ഥം ഇദ്ദേഹം സഞ്ചരിക്കുകയുണ്ടായി. നാഷണല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഒഫ് ഫൈന്‍ ആര്‍ട്സ് (1947) എന്ന സംരംഭത്തിന്റെ സ്ഥാപകനും ഡയറക്ടറുമായിരുന്നു ചാവോസ്. കൂടാതെ, 'ഓര്‍ക്കിസ്ട്ര സിംഫോണിക നാഷണല്‍' എന്ന പ്രസ്ഥാനം ആരംഭിച്ചത് ഇദ്ദേഹത്തിന്റെ പ്രവര്‍ത്തനഫലമായിട്ടായിരുന്നു.
സിംഫോണിയ ഡി ആന്റിഗോണാ (1933), സിംഫോണിയ ഇന്ത്യ (1936) എന്നിവ ഇദ്ദേഹത്തിന്റെ സിംഫണികളില്‍ പ്രസിദ്ധങ്ങളാണ്. വിഖ്യാതമായ ഏഴു സിംഫണികള്‍ വേറെയുമുണ്ട്.
സംഗീതത്തിലും സംഗീതോപകരണങ്ങളിലും ചാവോസിനുണ്ടായിരുന്ന ആഴമേറിയ പരിചയവും പാണ്ഡിത്യവും വെളിവാക്കുന്നതാണ് ഇദ്ദേഹത്തിന്റെ റ്റുവേഡ്സ് എ ന്യൂ മ്യൂസിക് (1937), മ്യൂസിക്കല്‍ തോട്ട് (1960) എന്നീ ഗ്രന്ഥങ്ങള്‍. 1978 ആഗ. 2-ന് കാര്‍ലോസ് ചാവോസ് മെക്സിക്കോ സിറ്റിയില്‍ അന്തരിച്ചു.