This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

ചാവേര്‍, ചാവേര്‍പ്പട, ചാവേറ്റുവിരുത്തി

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

ചാവേര്‍, ചാവേര്‍പ്പട, ചാവേറ്റുവിരുത്തി

കേരളത്തില്‍ എ.ഡി. 11 മുതല്‍ 18 വരെ ശ.ങ്ങളില്‍ രാജാവിനെ യുദ്ധത്തില്‍ സഹായിക്കുവാന്‍വേണ്ടി പ്രത്യേകം സജ്ജമാക്കിയിരുന്ന പടയാളി വിഭാഗം. രാജാവിനോ നാടുവാഴിക്കോവേണ്ടി ആത്മഹത്യാദളങ്ങളായി പ്രവര്‍ത്തിച്ചിരുന്നവരെ പൊതുവേ 'ചാവേര്‍പ്പട' എന്നു വിളിച്ചിരുന്നു. ചാവേര്‍പ്പടയാളികളുടെ കുടുംബാംഗങ്ങള്‍ക്ക് രാജാവു നല്കിയിരുന്ന ഭൂമിയാണ് ചാവേറ്റു വിരുത്തി. എ.ഡി. 11-ാം ശ.-ത്തോടുകൂടിയാണ് കേരളത്തില്‍ ചാവേര്‍പ്പട ആദ്യമായി രൂപംകൊണ്ടത്. 11-ാം ശ.-ത്തിലെ ചേര-ചോള യുദ്ധത്തോടെ കേരളത്തിലുടനീളം സ്ഥാപിക്കപ്പെട്ട കളരികളോടുചേര്‍ന്നാണ് ചാവേര്‍പ്പട സംഘടിപ്പിക്കപ്പെട്ടതെന്ന് ചരിത്രരേഖകള്‍ സൂചന നല്കുന്നു. ചോള സാമ്രാജ്യത്തിനെതിരായ യുദ്ധത്തില്‍ രാമവര്‍മ കുലശേഖരന്‍ (1090-1102) ചേരസൈന്യത്തിലെ ഒരു വലിയ വിഭാഗത്തെ ആത്മഹത്യാദളങ്ങളാക്കി മാറ്റിയിരുന്നു. ചോളരാജാവായിരുന്ന കുലോത്തുംഗചോളന്റെ (1070-1120) ചോളപുരം രേഖയില്‍ (1100) ചേര സൈന്യത്തിന്റെ ഭാഗമായ ചാവേര്‍പ്പടയുടെ കടന്നാക്രമണങ്ങളെപ്പറ്റി പരാമര്‍ശിച്ചിട്ടുണ്ട്. സായുധ സൈന്യത്തിലെ ഏറ്റവും മികച്ച പൌരുഷശാലികളാണ് ചാവേര്‍പ്പടയാളികളായത്. 13-ാം ശ.-ത്തിന്റെ ഉത്തരാര്‍ധത്തില്‍ മാമാങ്കത്തിന്റെ അധ്യക്ഷപദവി നഷ്ടപ്പെട്ട വള്ളുവക്കോനാതിരി അധികാരം വീണ്ടെടുക്കാന്‍ എല്ലാ മാമാങ്കത്തിനും ചാവേര്‍പ്പടയാളികളെ അയച്ചിരുന്നു. ഒരു ജസ്യൂട്ട് പുരോഹിതന്‍ എഴുതിയ കത്തില്‍ (1597) മുപ്പതു ചാവേര്‍പ്പടയാളികളുടെ ദുരന്തത്തെക്കുറിച്ച് രേഖപ്പെടുത്തിയിട്ടുണ്ട്. 18-ാം ശ.-ത്തില്‍ മാര്‍ത്താണ്ഡവര്‍മയുടെ കാലംവരെ ചാവേര്‍പ്പട നിലനിന്നിരുന്നുവെന്നു പറയപ്പെടുന്നു.

താളിന്റെ അനുബന്ധങ്ങള്‍
സ്വകാര്യതാളുകള്‍