This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

ചാലിഹ, കുലാധര്‍ (1886 - 1963)

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

ചാലിഹ, കുലാധര്‍ (1886 - 1963)

ഇന്ത്യന്‍ സ്വാതന്ത്ര്യ സമരനേതാവ്. അസമിലെ സിബ്സാഗറില്‍ 1886-ല്‍ റായ്ബഹദൂര്‍ ചാലിഹയുടെ പുത്രനായി ജനിച്ചു. സിബ്സാഗര്‍ സര്‍ക്കാര്‍ സ്കൂളിലെ വിദ്യാഭ്യാസത്തിനു ശേഷം കൊല്‍ക്കത്ത സര്‍വകലാശാലയില്‍നിന്ന് ബി.എ.യും നിയമബിരുദവും നേടി. 1921-ല്‍ നിസ്സഹകരണ പ്രസ്ഥാനത്തില്‍ പങ്കെടുത്ത് ജയില്‍വാസം അനുഭവിച്ചു. തുടര്‍ന്ന് അഭിഭാഷകവൃത്തി ഉപേക്ഷിച്ച് മുഴുവന്‍ സമയരാഷ്ട്രീയ പ്രവര്‍ത്തകനായി. അസം പ്രദേശ് കോണ്‍ഗ്രസ് കമ്മിറ്റിയുടെ ആദ്യത്തെ അധ്യക്ഷനായ ഇദ്ദേഹം 1923-ല്‍ നിയമസഭയിലേക്ക് തെരഞ്ഞെടുക്കപ്പെട്ടു. വീണ്ടും തെരഞ്ഞെടുക്കപ്പെട്ട ഇദ്ദേഹം 1929-ല്‍ ആള്‍ ഇന്ത്യ കോണ്‍ഗ്രസ്സ് കമ്മിറ്റിയുടെ നിര്‍ദേശപ്രകാരം രാജിവച്ചു. 1925-ല്‍ മയക്കുമരുന്നു വിരുദ്ധ കമ്മിറ്റിയുടെ ചെയര്‍മാനായി. ഇതിനോടനുബന്ധിച്ച് യൂറോപ്യന്‍ പര്യടനം നടത്തിയ ഇദ്ദേഹം ലീഗ് ഒഫ് നേഷന്‍സില്‍ ഇന്ത്യയിലെ മയക്കുമരുന്നിനെതിരായി നടപടിയെടുക്കണമെന്ന് മെമ്മോറാണ്ടം നല്കി. 1936-ല്‍ കേന്ദ്രനിയമസഭയിലേക്ക് എതിരില്ലാതെ തെരഞ്ഞെടുക്കപ്പെട്ട ഇദ്ദേഹം 1946-ല്‍ ഭരണഘടനാ നിര്‍മാണ സമിതിയിലും അംഗമായി. ജാതിവ്യവസ്ഥയ്ക്കും അയിത്തത്തിനുമെതിരെ പ്രവര്‍ത്തിച്ച ഇദ്ദേഹം സ്ത്രീസമത്വത്തിനും ശിശുവിദ്യാഭ്യാസത്തിനും വേണ്ടി വാദിച്ചു. ചാലിഹ 1963-ല്‍ നിര്യാതനായി.

താളിന്റെ അനുബന്ധങ്ങള്‍
സ്വകാര്യതാളുകള്‍