This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.
Reading Problems? see Enabling Malayalam
ചാറ്റര്‍ജി, സുനീതികുമാര്‍ (1890 - 1977)
സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്
ചാറ്റര്‍ജി, സുനീതികുമാര്‍ (1890 - 1977)
പ്രസിദ്ധനായ ഭാരതീയ ഭാഷാശാസ്ത്രജ്ഞന്‍. പശ്ചിമബംഗാളിലെ ഹൗറയില്‍ 1890 ന. 26-ന് ജനിച്ചു. കൊല്‍ക്കത്താ പ്രസിഡന്‍സി കോളജില്‍ നിന്ന് എം.എ. (ഇംഗ്ലീഷ്)യും ലണ്ടന്‍ സര്‍വകലാശാലയില്‍ നിന്ന് ബംഗാളിഭാഷയുടെ ഉദ്ഭവവികാസങ്ങളെക്കുറിച്ച് നടത്തിയ ഗവേഷണത്തിന് ഡി.ലിറ്റ്. ബിരുദവും നേടി. പാരിസിലെ സോര്‍ബോണ്‍ സര്‍വകലാശാലയിലും ഇദ്ദേഹം ഉപരിപഠനം നടത്തുകയുണ്ടായി.
കല്‍ക്കത്താ സര്‍വകലാശാലയില്‍, 'ഇന്ത്യന്‍ ലിങ്ഗ്വിസ്റ്റിക്സ് ആന്‍ഡ് ഫൊണറ്റിക്സ്' പ്രൊഫസര്‍ (1922-52), അവിടെത്തന്നെ എമരിറ്റസ് പ്രൊഫസര്‍, പെന്‍സില്‍വേനിയാ സര്‍വകലാശാലയില്‍ വിസിറ്റിങ് പ്രൊഫസര്‍, സംസ്കൃത കമ്മിഷന് ചെയര്മാന് (1956-57), ഔദ്യോഗിക ഭാഷാ കമ്മിഷന് അംഗം, പശ്ചിമബംഗാള്‍ ലജിസ്ളേറ്റീവ് കൗണ്‍സില്‍ അംഗം (1952-65), ലണ്ടന്‍ ആസ്ഥാനമായുള്ള ഇന്റര്‍നാഷണല്‍ ഫൊണറ്റിക് അസോസിയേഷന്, കേന്ദ്ര സാഹിത്യ അക്കാദമി, കൊല്‍ക്കത്ത കേന്ദ്രമാക്കിയുള്ള ഏഷ്യാറ്റിക് സൊസൈറ്റി എന്നിവയുടെ അധ്യക്ഷന്‍ തുടങ്ങി നിരവധി സ്ഥാനങ്ങളില്‍ ഇദ്ദേഹം സേവനമനുഷ്ഠിച്ചിട്ടുണ്ട്.
ഭാഷാശാസ്ത്രത്തിനു പുറമേ ഗ്രീക്കു തത്ത്വചിന്തയും ബ്ളാക്ക് ആര്‍ട്ടും വൈഷ്ണവ ഭക്തിസാഹിത്യവും മറ്റും സുനീതികുമാറിന്റെ ചിന്തയ്ക്കും രചനയ്ക്കും വിഷയീഭവിച്ചിട്ടുണ്ട്. സംസ്കൃതം, ഇംഗ്ലീഷ്, ബംഗാളി, ഗ്രീക്, ലത്തീന്‍, ഫ്രഞ്ച്, ഇറ്റാലിയന്‍, ജര്‍മന്‍, ഡച്ച് തുടങ്ങി ഒട്ടുവളരെ ഭാഷകളില്‍ ഇദ്ദേഹം അവഗാഹം നേടിയിരുന്നു. ദ ഒറിജിന്‍ ആന്‍ഡ് ഡെവലപ്മെന്റ് ഒഫ് ബംഗാളി ലാങ്ഗ്വേജ്, എ ബംഗാളി ഫൊണെറ്റിക് റീഡര്‍, ഇന്തോആര്യന്‍ ആന്‍ഡ് ഹിന്ദി, ദ ലാങ്ഗ്വേജസ് ആന്‍ഡ് ദ ലിങ്ഗ്വിസ്റ്റിക് പ്രോബ്ളം, ലാങ്ഗ്വേജസ് ആന്‍ഡ് ലിറ്ററേച്ചേഴ്സ് ഒഫ് മോഡേണ്‍ ഇന്ത്യ, വേള്‍ഡ് ലിറ്ററേച്ചര്‍ ആന്‍ഡ് ടാഗൂര്‍ തുടങ്ങി ഇരുപത്തൊന്നു കൃതികള്‍ ഇദ്ദേഹം ഇംഗ്ലീഷില്‍ രചിച്ചു. ബംഗ്ലാ ഭാഷാ തത്വേര് ഭൂമിക, ഭാഷാ പ്രകാശ്, ബംഗാളി വ്യാകരണ്, ജാതി സംസ്കൃതി ഒ സാഹിത്യ സംസ്കൃതി കി എന്നിവ ബംഗാളിയില്‍ എഴുതിയ കൃതികളില്‍ പ്രാധാന്യമര്‍ഹിക്കുന്നു. ആര്യഭാഷാ ഔര്‍ ഹിന്ദി ആണ് ഹിന്ദിയിലെഴുതിയ ഗ്രന്ഥങ്ങളില്‍ മുഖ്യം.
1977 മേയ് 29-ന് സുനീതികുമാര്‍ ചാറ്റര്‍ജി അന്തരിച്ചു.