This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

ചാര്‍ഗാഫ്, ഇര്‍വിന്‍ (1905 - 2002)

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

ചാര്‍ഗാഫ്, ഇര്‍വിന്‍ (1905 - 2002)

Chargaff, Ervin

അമേരിക്കന്‍ ജൈവരസതന്ത്രജ്ഞന്‍. 1905 ആഗ. 11-ന് ആസ്റ്റ്രിയയിലെ വിയന്നയില്‍ ജനിച്ചു. വിയന്ന സര്‍വകലാശാലയില്‍ പിഎച്ച്.ഡി. ബിരുദം കരസ്ഥമാക്കിയശേഷം (1928) യേല്‍ സര്‍വകലാശാലയിലെ മില്‍ട്ടണ്‍-കാംബെല്‍ ഗവേഷണ ഫെലോഷിപ്പിനര്‍ഹനായി. 1930-34 കാലത്ത് ബെര്‍ലിന്‍ സര്‍വകലാശാലയിലും പാരിസിലെ പാസ്ചര്‍ ഇന്‍സ്റ്റിറ്റ്യൂട്ടിലും ജോലിനോക്കി. 1935-ല്‍ കൊളംബിയ സര്‍വകലാശാലയില്‍ അധ്യാപകവൃത്തി ആരംഭിച്ചു.

ന്യൂക്ളിയിക് അമ്ളങ്ങളെക്കുറിച്ചുള്ള ചാര്‍ഗാഫിന്റെ പഠനങ്ങള്‍ ജനിതക് രസതന്ത്രത്തിലെ ഒരു പുതിയ അധ്യായത്തിന് തുടക്കം കുറിച്ചു. ന്യൂക്ളിയിക് അമ്ളങ്ങളുടെ ബേസുകള്‍ എപ്പോഴും ഇരട്ടയായിട്ടാണ് നിലനില്‍ക്കുന്നതെന്ന് ഇദ്ദേഹം കണ്ടെത്തി. നാല് ബേസുകള്‍ ഒത്തുചേര്‍ന്നാണ് നിലനില്‍ക്കുന്നതെന്നാണ് അക്കാലംവരെ കരുതിയിരുന്നത്. ഈ പുതിയ അറിവാണ് ഡി.എന്‍.എ.യുടെ ഘടന കണ്ടെത്താന്‍ വാട്സണ്‍-ക്രിക്ക് എന്നിവരെ സഹായിച്ചത്. അവര്‍ ആവിഷ്കരിച്ച ഇരട്ട ഹെലിക്കല്‍ (double helical) ഘടനയിലെ രണ്ട് ഇഴകളെ തമ്മില്‍ ബന്ധിപ്പിക്കുന്നത് ഈ ഇരട്ട ബേസുകളാണ്. ഡി.എന്‍.എ.യുടെ ബേസുകളായ പ്യൂറിനുകളുടെയും പിരിമിഡീനുകളുടെയും കൃത്യമായ അളവ് ഇദ്ദേഹം കണക്കാക്കുകയുണ്ടായി. അഡിനൈനും (എ) ഗ്യൂആനൈനും (ജി) ആണ് പ്യൂറിനുകള്‍; തൈമീനും (റ്റി) സൈറ്റോസിനും (സി) പിരിമീഡിനുകളും. ചാര്‍ഗാഫിന്റെ ബേസ് പെയറിങ് നിയമ(Base Pairing Rule)പ്രകാരം 1. പ്യൂറിനുകള്‍ (എ + ജി = പിരിമിഡീനുകള്‍ (സി + റ്റി). 2. എ = റ്റി, 3. ജി = സി, 4.6-അമിനോ ന്യൂക്ളിയോറ്റൈഡുകള്‍ = 6-കിറ്റോ ന്യൂക്ളിയോറ്റൈഡുകള്‍ എന്നീ വ്യവസ്ഥിതികള്‍ എല്ലാത്തരം ഡി.എന്‍.എ.കളും പ്രദര്‍ശിപ്പിക്കുന്നു.

ന്യൂക്ളിയിക് അമ്ളങ്ങളെകുറിച്ചുള്ള പഠനം ആരംഭിക്കുന്നതിന് മുന്‍പ് ജീവാണുക്കളിലെ ലിപിഡുകളെയും ലിപ്പോപ്രോട്ടീനുകളെയും കുറിച്ചുള്ള പഠനങ്ങളില്‍ അദ്ദേഹം ഏര്‍പ്പെട്ടിരുന്നു. രക്തംകട്ടിയാകുന്ന (clotting) പ്രക്രിയയിലൂടെ പ്രധാന രാസത്വരകമായ ത്രോംബോപ്ളാസ്റ്റിന്‍ പ്രോട്ടീന്‍ കണ്ടെത്തുന്നതില്‍ ചാര്‍ഗാഫ് പ്രധാന പങ്ക് വഹിച്ചിട്ടുണ്ട്. ജൈവകോശം ഇദ്ദേഹത്തിന് എന്നും ഒരു അദ്ഭുതവും അഭിനിവേശവും ആയിരുന്നു. ഉപാപചയ പ്രക്രിയകളുടെ ചുരുളഴിക്കാന്‍ ഉതകുന്ന പല സംഭാവനകളും ഇദ്ദേഹത്തിന്റേതായിട്ടുണ്ട്.

ചാര്‍ഗാഫിന്റെ മുന്നൂറില്‍പ്പരം ശാസ്ത്രലേഖനങ്ങള്‍ പ്രസിദ്ധീകൃതമായിട്ടുണ്ട്. ജെ.എന്‍. ഡേവിഡ്സണിന്റെ ദ ന്യൂക്ളിയിക് ആസിഡ്സ് (മൂന്ന് വാല്യങ്ങള്‍, 1955-60) എന്ന പുസ്തകത്തിന്റെ പത്രാധിപത്യം ഇദ്ദേഹം വഹിച്ചിരുന്നു. എസ്സേയ്സ് ഓണ്‍ ന്യൂക്ളിയിക് ആസിഡ്സ് (Essays on Nucleic Acids) എന്ന പുസ്തകവും ഇദ്ദേഹത്തിന്റെതായുണ്ട്.

2002 ജൂണ്‍ 20-ന് ന്യൂയോര്‍ക്കില്‍വച്ച് ചാര്‍ഗാഫ് അന്തരിച്ചു.

താളിന്റെ അനുബന്ധങ്ങള്‍
സ്വകാര്യതാളുകള്‍