This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

ചാത്തനാത്ത്, അച്യുതനുണ്ണി (1939 - )

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

ചാത്തനാത്ത്, അച്യുതനുണ്ണി (1939 - )

മലയാളസാഹിത്യകാരന്‍. വിമര്‍ശകന്‍, കവി, അധ്യാപകന്‍ എന്നീ നിലകളില്‍ പ്രസിദ്ധനായ അച്യുതനുണ്ണി മേനോക്കൈമള്‍ വാസുദേവന്‍ ഉണ്ണിത്താന്റെ മകനായി 1939 മാ. 10-ന് ഗുരുവായൂരിനോടടുത്തുള്ള ചാത്തനാത്ത് ജനിച്ചു. 1961-ല്‍ സംസ്കൃതത്തിലും 69-ല്‍ മലയാളത്തിലും മാസ്റ്റര്‍ബിരുദം നേടി. 78-ല്‍ മലയാളത്തിലെ അലങ്കാരശാസ്ത്രഗ്രന്ഥങ്ങളെക്കുറിച്ച് ഗവേഷണം നടത്തി പിഎച്ച്.ഡി. കരസ്ഥമാക്കി. പത്തനംതിട്ട കത്തോലിക്കേറ്റ് കോളജിലെ മലയാളാധ്യാപകനായിട്ടാണ് ഔദ്യോഗികജീവിതം ആരംഭിച്ചത്. 1971 മുതല്‍ 94 വരെ കാലിക്കറ്റ് സര്‍വകലാശാല മലയാളവിഭാഗം ലക്ചററായി.

സമകാലികവീക്ഷണത്തോടെ ഭാരതീയ സാഹിത്യസിദ്ധാന്തങ്ങളുടെ വിമര്‍ശനാത്മകപഠനം നടത്തി എന്നതാണ് ഇദ്ദേഹത്തിന്റെ മികച്ച സാഹിത്യസേവനം. കാവ്യാലങ്കാരം, കവികണ്ഠാഭരണം, വക്രോക്തിജീവിതം എന്നിവയെക്കുറിച്ചുള്ള ഇദ്ദേഹത്തിന്റെ പ്രൌഢങ്ങളായ പഠനങ്ങള്‍ അന്‍പതിലേറെയുള്ള ഗവേഷണ ലേഖനങ്ങളിലും നീതിദര്‍ശന(1983)ത്തിലുമായുണ്ട്. അലങ്കാരശാസ്ത്രം മലയാളത്തില്‍ (1984) എന്ന ഗ്രന്ഥം മലയാളത്തിലെ സാഹിത്യശാസ്ത്രഗ്രന്ഥങ്ങളെ സമഗ്രമായി വിലയിരുത്താനുള്ള ആദ്യത്തെ ശ്രമമെന്ന നിലയില്‍ ശ്രദ്ധേയമാണ്.

ഭാഷ-ഒരു പഠനം, ലിങ്ഗ്വിസ്റ്റിക്സ് ജനറല്‍ ആന്‍ഡ് ദ്രവീഡിയന്‍, വര്‍ത്തമാനപുസ്തകത്തിനൊരു അവതാരിക, സ്വപ്നവാസവദത്തം (വിവര്‍ത്തനം, പഠനം), കോകസന്ദേശം, നളചരിതം ആട്ടക്കഥ എന്നിവയുടെ വ്യാഖ്യാനങ്ങള്‍ തുടങ്ങിയവയാണ് പ്രധാന രചനകള്‍.

സംസ്കൃതത്തിലും മലയാളത്തിലുമായി നിരവധി കവിതകള്‍ ഇദ്ദേഹം രചിച്ചിട്ടുണ്ട്. തിരുനടയില്‍, ലയം എന്നിവയാണ് മുഖ്യസമാഹാരങ്ങള്‍.

സാഹിത്യഗവേഷകര്‍ക്ക് വഴികാട്ടിയ സാഹിത്യഗവേഷണം - പ്രബന്ധരചനയുടെ തത്ത്വങ്ങള്‍ (1981) എന്ന അച്യുതനുണ്ണയുടെ കൃതി ശ്രദ്ധേയമാണ്.

വള്ളത്തോള്‍ വിദ്യാപീഠത്തിന്റെ ജനറല്‍ സെക്രട്ടറി, തുഞ്ചന്‍ സ്മാരകസമിതി വൈസ് ചെയര്‍മാന്‍, യു.ജി.സി. സബ്ജക്റ്റ് എക്സ്പെര്‍ട്ട് പാനല്‍ അംഗം, മലയാളവിമര്‍ശം ചീഫ് എഡിറ്റര്‍ എന്നീ നിലകളിലും ഇദ്ദേഹം പ്രവര്‍ത്തിച്ചിട്ടുണ്ട്.

1986-ല്‍ അലങ്കാരശാസ്ത്രം മലയാളത്തില്‍ എന്ന കൃതിക്ക് കേരള സാഹിത്യ അക്കാദമി അവാര്‍ഡും 1980-ല്‍ രീതിദര്‍ശനത്തിന് പ്രൊഫ. സി.എന്‍. ആന്റണി അവാര്‍ഡും ലഭിച്ചു.

താളിന്റെ അനുബന്ധങ്ങള്‍
സ്വകാര്യതാളുകള്‍