This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.
Reading Problems? see Enabling Malayalam
ചാ(കാ)ല്ക്കൊസൈറ്റ്
സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്
ചാ(കാ)ല്ക്കൊസൈറ്റ്
Chalcocite
ചെമ്പിന്റെ പ്രധാനപ്പെട്ട ഒരു സള്‍ഫൈഡ് അയിര്. ഫോര്‍മുല: Cu2S. ചെമ്പ് എന്നര്‍ഥമുള്ള ചാല്‍കോസ് (Chalkos) എന്ന ഗ്രീക്കു പദത്തില്‍നിന്നാണ് ഈ പേരിന്റെ നിഷ്പത്തി. കോപ്പര്‍ ഗ്ലാന്‍സ് (copper glance) എന്നും വിട്രിയസ് കോപ്പര്‍ (vitreous copper) എന്നും ഇതിനെ വിളിക്കാറുണ്ട്. 78.8 ശ.മാ. വരെ ചെമ്പ് അടങ്ങിയ കോപ്പര്‍ സള്ഫൈഡാണിത്. ചിലപ്പോള്‍ നേരിയതോതില്‍ ഇരുമ്പിന്റെ അംശവും ഉണ്ടാകും.
ഭൗതികഗുണങ്ങള്‍. ഓര്തൊറോംബിക് ക്രിസ്റ്റല്‍ വ്യൂഹത്തിലാണ് ചാല്ക്കൊസൈറ്റിന്റെ ക്രിസ്റ്റലീകരണം. ഇവയുടെ ക്രിസ്റ്റലുകള്‍ അവ്യക്തമായ പ്രിസ്മീയദളനങ്ങളായിട്ടാണ് കാണപ്പെടുന്നത്. ശുദ്ധമായ ഉപരിതലങ്ങള്‍ക്ക് ചാരനിറമോ കറുപ്പുനിറമോ ആയിരിക്കും. എന്നാല്‍ ഓക്സീകരണം സംഭവിച്ച ഉപരിതലങ്ങള്‍ക്ക് പച്ചയോ നീലയോ നിറമായിരിക്കും. ചാല്ക്കൊസൈറ്റിന്റെ കാഠിന്യം ചാല്ക്കൊപൈറൈറ്റിന്റേതിനെക്കാള് കുറവും (2.5-3) ആപേക്ഷികഘനത്വം കൂടുതലുമാണ് (5.8). കൂടിയ ആപേക്ഷികഘനത്വവും, അതാര്യതയുമാണ് ചാല്ക്കൊസൈറ്റിന്റെ പ്രധാനപ്പെട്ട സവിശേഷതകള്‍. ക്രിസ്റ്റലുകളില്‍ ശംഖാഭമായ പൊട്ടല്‍ (conctiodal fracture) കാണപ്പെടുന്നു. ചാല്ക്കൊസൈറ്റിന്റെ നേര്‍ത്ത തരികള്‍ കറുപ്പു കലര്‍ന്ന ചാരനിറത്തിലുള്ളവയാണ്.
ചെമ്പിന്റെ മറ്റു ദ്വിതീയ ധാതുക്കളായ മാലക്കൈറ്റ് (malachite), അഷുറൈറ്റ് (azurite), കോവലൈറ്റ് (covellite), ബോര്‍ണൈറ്റ് (bornite), ചാല്‍ക്കൊപൈറൈറ്റ്, പൈറൈറ്റ് (pyrite) എന്നിവയോടൊപ്പം ജലതാപീയ (hydrothermal) നിക്ഷേപങ്ങളിലാണ് ചാല്‍ക്കൊസൈറ്റും കാണപ്പെടുന്നത്.
സൈബീരിയ, നോര്‍വേയിലെ കോഗ്സ്-ബര്‍ഗ്, ഇറ്റലിയിലെ മോണ്ടി കാന്റീനി, മെക്സിക്കോ, ചിലി, യു.എസ്. എന്നിവിടങ്ങളിലാണ് പ്രധാനപ്പെട്ട ചാല്ക്കൊസൈറ്റ് നിക്ഷേപങ്ങളുള്ളത്. ഇന്ത്യയില്‍ ഇത് ചാല്ക്കൊപൈറൈറ്റിനോടൊപ്പം ആന്ധ്രപ്രദേശ്, ബിഹാര്‍, കര്‍ണാടകം, ജമ്മു-കാശ്മീര്‍ മുതലായ സംസ്ഥാനങ്ങളില്‍ കാണപ്പെടുന്നു. നോ: ചാല്‍ക്കൊപൈറൈറ്റ്