This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

ചരിത്രാഖ്യായികകള്‍

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

14:38, 14 ജനുവരി 2016-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Technoworld (സംവാദം | സംഭാവനകള്‍)

ചരിത്രാഖ്യായികകള്‍

ചരിത്രത്തെ ഭാവനാപരമായി പുനഃസൃഷ്ടിക്കുന്ന ആഖ്യായികാരൂപം. ഇത് ചരിത്രസംഭവങ്ങളുടെയോ ചരിത്രപുരുഷന്മാരുടെ ജീവിതത്തിന്റെയോ കേവലമായ പ്രതിപാദനമല്ല. ചരിത്രം ഇതിന്റെ ഇതിവൃത്തപശ്ചാത്തലമോ ഇതിവൃത്തം തന്നെയോ ആയിരിക്കും. ചരിത്രകഥാപാത്രങ്ങളും ഇതിലുണ്ടാകും. എങ്കിലും സാങ്കല്പിക കഥാപാത്രങ്ങളെ ഇവയുമായി കൂട്ടിയിണക്കിയാണ് കഥാശരീരം രൂപപ്പെടുത്തുക. ഭൂതകാലത്തിന്റെ വര്‍ണാഭമായ ഈ പുനഃസൃഷ്ടി 'റൊമാന്‍സ്' എന്ന വിഭാഗത്തില്‍ ഉള്‍പ്പെടുത്തിയും പരാമര്‍ശിക്കപ്പെട്ടിട്ടുണ്ട്. നോവലിന്റെ പൊതുസ്വഭാവത്തില്‍നിന്നും ഏറെ അകന്നു നില്‍ക്കുന്നതിനാല്‍ ഇതിനു 'റൊമാന്‍സ്' എന്ന പേരുതന്നെയാണ് ഉചിതമെന്ന് കേസരി ബാലകൃഷ്ണപിള്ള അഭിപ്രായപ്പെട്ടിട്ടുണ്ട്.

സര്‍ വാള്‍ട്ടര്‍ സ്കോട്ട് ആണ് ചരിത്രനോവലിസ്റ്റുകളില്‍ അഗ്രഗണ്യന്‍. അദ്ദേഹത്തിന്റെ രചനകളായ വേവര്‍ലി, ഐവാന്‍ഹോ, ഫോര്‍ച്യൂണ്‍സ് ഒഫ് നൈജല്‍, കെനില്‍വര്‍ത്ത് എന്നിവ യഥാക്രമം ചാര്‍ലി രാജകുമാരന്‍, റിച്ചാര്‍ഡ് ജോണ്‍, ജെയിംസ് ഒന്നാമന്‍, എലിസബത്ത് രാജ്ഞി എന്നീ ചരിത്രവ്യക്തിത്വങ്ങളെ അധികരിച്ചെഴുതിയ നോവലുകളാണ്. സ്കോട്ടിന്റെ അഭിപ്രായത്തില്‍, ചരിത്രനോവലുകളില്‍ ചരിത്രവസ്തുതകള്‍ വേണ്ടതിലധികമാകാനോ, പ്രധാന കഥാപാത്രങ്ങള്‍ ചരിത്രത്തിലുള്ളവരാകാനോ പാടില്ല. അദ്ദേഹത്തിന്റെ നോവലുകള്‍ ഈ വസ്തുതകള്‍ ഉദാഹരിക്കുന്നവയുമാണ്. താക്കറേയുടെ ഹെന്റി എഡ്മണ്ട്, അലക്സാണ്ടര്‍ ഡ്യൂമായുടെ മൂന്നുപോരാളികള്‍, വിക്ടര്‍ യൂഗോയുടെ നോത്രദാമിലെ കൂനന്‍, ടോള്‍സ്റ്റോയിയുടെ യുദ്ധവും സമാധാനവും എന്നിവ മികച്ച ചരിത്രനോവലുകളാണ്. കോനന്‍ ഡോയ്ല്‍, ടി.എച്ച്. വൈറ്റ്, കരോള ഒമാന്‍, മേരിസ്റ്റുവര്‍ട്ട്, ആല്‍ഫ്രഡ് ഡുഗ്ഗന്‍ എന്നിവരും ഈ ശാഖയ്ക്കു മികച്ച സംഭാവനകള്‍ നല്കിയിട്ടുണ്ട്. ആര്‍തര്‍കോസ്റ്റ്ലറുടെ ദ ഗ്ളാഡി യേറ്റേര്‍സ് (1939), റോബര്‍ട്ട് ഗ്രേവ്സിന്റെ ക്ളാഡിയസ് (1934), മേരി റെനാള്‍ട്ടിന്റെ ദ കിങ് മസ്റ്റ് ഡൈ (1958) എന്നിവ 20-ാം ശതകത്തിലെ ഉത്കൃഷ്ട ചരിത്രനോവലുകളില്‍ ഉള്‍പ്പെടുന്നു.

താളിന്റെ അനുബന്ധങ്ങള്‍
സ്വകാര്യതാളുകള്‍