This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

ചന്ദ്രശേഖര്‍, എസ്. (1927 - 2007)

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

ചന്ദ്രശേഖര്‍, എസ്. (1927 - 2007)

എസ്. ചന്ദ്രശേഖര്‍

ഇന്ത്യയിലെ രാഷ്ട്രീയ നേതാവും മുന്‍ പ്രധാനമന്ത്രിയും. 1927 ഏ. 17-ന് ഉത്തര്‍പ്രദേശിലെ ബാലിയ ജില്ലയിലുള്ള ഇബ്രാഹിം പേട്ടില്‍ സദാനന്ദസിങ്ങിന്റെയും ദുജാദേവിയുടെയും പുത്രനായി ജനിച്ചു. 1950-51-ല്‍ അലഹബാദ് യൂണിവേഴ്സിറ്റിയില്‍ നിന്നും രാഷ്ട്രമീമാംസയില്‍ എം.എ. ബിരുദം നേടി. തുടര്‍ന്ന് ഒരു സോഷ്യലിസ്റ്റ് ആയി രാഷ്ട്രീയ പ്രവര്‍ത്തനമാരംഭിച്ചു. പ്രജാ സോഷ്യലിസ്റ്റു പാര്‍ട്ടിയില്‍ പ്രവര്‍ത്തിച്ച ഇദ്ദേഹം പാര്‍ട്ടിയുടെ ബാലിയ ജില്ലാ സെക്രട്ടറിയും, ഉത്തര്‍പ്രദേശ് സംസ്ഥാന ജനറല്‍ സെക്രട്ടറിയുമായി. 1962-ല്‍ ഇദ്ദേഹം രാജ്യസഭാംഗമായി. 1965-ല്‍ കോണ്‍ഗ്രസ് പാര്‍ട്ടിയില്‍ ചേര്‍ന്നു. കോണ്‍ഗ്രസിലെ 'യുവതുര്‍ക്കി'യായി അറിയപ്പെട്ടിരുന്ന ഇദ്ദേഹം കോണ്‍ഗ്രസ് പാര്‍ലമെന്ററി പാര്‍ട്ടി സെക്രട്ടറി, കേന്ദ്ര ഇലക്ഷന്‍ കമ്മിറ്റി അംഗം, പ്രവര്‍ത്തകസമിതി അംഗം എന്നീ നിലകളിലും പ്രവര്‍ത്തിച്ചിട്ടുണ്ട്. 1969-ല്‍ ഡല്‍ഹിയില്‍ പ്രസിദ്ധീകരിച്ച യങ് ഇന്ത്യന്‍ വാരികയുടെ എഡിറ്ററായിരുന്നു. അടിയന്തിരാവസ്ഥകാലത്ത് ഇദ്ദേഹത്തെ അറസ്റ്റു ചെയ്തു. ജനതാപാര്‍ട്ടിയുടെ സ്ഥാപക നേതാക്കളിലൊരാളായ ചന്ദ്രശേഖര്‍ 1977 മുതല്‍ 87 വരെ പാര്‍ട്ടിയുടെ പ്രസിഡന്റായിരുന്നു. 1977-ലും 80-ലും ജനതാപാര്‍ട്ടി സ്ഥാനാര്‍ഥിയായി ലോകസഭാംഗമായി. 1983-ല്‍ കന്യാകുമാരി മുതല്‍ ന്യൂഡല്‍ഹിയിലെ രാജ്ഘട്ട് വരെ ഭാരതപദയാത്ര നടത്തി (ജനു. മുതല്‍ ജൂണ്‍ വരെ). 1989-ല്‍ ജനതാദള്‍ സ്ഥാനാര്‍ഥിയായി ലോക്സഭാംഗമായി. ജനതാദളിലെ പിളര്‍പ്പിനെത്തുടര്‍ന്ന് 1990 നവംബറില്‍ ഇദ്ദേഹത്തെ ജനദാതള്‍ (സമാജ്വാദി) നേതാവായി തെരഞ്ഞെടുത്തു. വി.പി. സിങ് മന്ത്രിസഭയുടെ പതനത്തിനുശേഷം 1990 ന. 10-ന് ഇദ്ദേഹം പ്രധാനമന്ത്രിയായി. 1991 ജൂണ്‍ 21 വരെ അധികാരത്തിലിരുന്നു. 1991-ല്‍ ലോക്സഭാംഗമായി തെരഞ്ഞെടുക്കപ്പെട്ട ഇദ്ദേഹം മരണംവരെ സമാജ്വാദി ജനതാ പാര്‍ട്ടിനേതാവായി തുടര്‍ന്നു. ഡൈനാമിക്സ് ഒഫ് സോഷ്യല്‍ ചെയ്ഞ്ച് എന്ന ഗ്രന്ഥവും ജയില്‍ ഡയറിയും രചിച്ചിട്ടുണ്ട്.

2007 ജൂല. 8-ന് ഇദ്ദേഹം അന്തരിച്ചു.

താളിന്റെ അനുബന്ധങ്ങള്‍
സ്വകാര്യതാളുകള്‍