This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.
Reading Problems? see Enabling Malayalam
ചന്ദ്രവദന്‍ ചിമന്‍ലാല്‍ മേത്ത (1901 - 92)
സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്
ചന്ദ്രവദന്‍ ചിമന്‍ലാല്‍ മേത്ത (1901 - 92)
കവിയും നാടകകൃത്തും. 1901-ല്‍ ഗുജറാത്തിലെ സൂററ്റില്‍ ജനിച്ചു. എം.എസ്. യൂണിവേഴ്സിറ്റി, അലഹബാദിലെ ഗാന്ധിവിദ്യാപീഠം എന്നിവിടങ്ങളില്‍ അധ്യാപകനായിരുന്നു. ഗാന്ധിജിയുടെ ബല്‍ദോളി സത്യാഗ്രഹത്തില്‍ (1928) പങ്കെടുത്തു. ആകാശവാണി അഹമ്മദാബാദ് നിലയത്തിലെ മേധാവി ആയാണ് ഔദ്യോഗികജീവിതം അവസാനിപ്പിച്ചത്. കുറേക്കാലം നവജീവന്‍ എഡിറ്ററുമായിരുന്നു.
ഗുജറാത്തി സാഹിത്യത്തിന്റെ ഗാന്ധിയന്‍ യുഗത്തിലെ പ്രമുഖ കവിയായിരുന്നു മേത്ത. ഇലാ കാവ്യോ ആണ് മുഖ്യ സമാഹാരം. ആധുനിക ഗുജറാത്തി തിയെറ്ററിന്റെ പിറവി ഇദ്ദേഹത്തിന്റെ ആഗ് ഗാന്ധിയിലൂടെയായിരുന്നു. ബ്രിട്ടീഷ് ഭരണകാലത്തെ റെയില്‍വേ കോളനി പശ്ചാത്തലമാക്കി രചിച്ച നാടകമാണിത്. ഗുജറാത്തി നാടകത്തെ യഥാതഥമാക്കുകയും മൌലികമായൊരു ഘടനയും ഭാഷാശൈലിയും പാത്രരചനാസങ്കേതവും നല്കി പരിഷ്കരിക്കുകയും ചെയ്യാന്‍ ഇദ്ദേഹത്തിനു കഴിഞ്ഞിട്ടുണ്ട്. ധരാഗുര്‍ജരീ, സോനാ വാതകദീ, മേനാചോപട്, ഹോ ഹോലികാ, പരംമഹേശ്വര്‍ എന്നിവയാണ് പ്രധാന നാടകങ്ങള്‍. ഇതിനു പുറമേ നിരവധി ജീവചരിത്ര നാടകങ്ങളും ബാലനാടകങ്ങളും എഴുതിയിട്ടുണ്ട്. 1972-ല്‍ നാടകരചനയ്ക്കുള്ള സംഗീതനാടക അക്കാദമി അവാര്‍ഡ് ഇദ്ദേഹത്തിനു ലഭിച്ചു.
മേത്തയുടെ ആത്മകഥയായ ബന്ത്ഗഥാരിയ നോവല്‍പോലെ ഹൃദ്യമാണ്. പാശ്ചാത്യനാടക സമ്പ്രദായങ്ങളെപ്പറ്റിയുള്ള പഠനമായ നാട്യഗഥാരിയയ്ക്ക് 1971-ലെ സാഹിത്യ അക്കാദമി അവാര്‍ഡ് ലഭിക്കുകയുണ്ടായി.
വാഴ്സായില്‍ നടന്ന അന്താരാഷ്ട്ര നാടക സമ്മേളനത്തിന്റെ എക്സിക്യൂട്ടീവ് കമ്മിറ്റി അംഗവുമായിരുന്നു ഇദ്ദേഹം. 1967-ല്‍ പദ്മശ്രീ ലഭിച്ചു. 1992-ല്‍ ഇദ്ദേഹം അന്തരിച്ചു.