This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

ചതുര്‍സേനശാസ്ത്രി, ആചാര്യ (1891 - 1960)

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

ചതുര്‍സേനശാസ്ത്രി, ആചാര്യ (1891 - 1960)

ഹിന്ദിസാഹിത്യകാരന്‍. 1891-ല്‍ ഒരു ആര്യസമാജ കുടുംബത്തില്‍ ജനിച്ചു. സിക്കന്തരാബാദിലും ജയ്പൂരിലുമായി വിദ്യാഭ്യാസം നടത്തി. വൈദ്യത്തിലും സാഹിത്യത്തിലും ശാസ്ത്രി ആചാര്യ ബിരുദങ്ങള്‍ നേടി. വൈദ്യനായിട്ടാണ് ജീവിതം ആരംഭിച്ചതെങ്കിലും പില്ക്കാലത്ത് 150-ലധികം ഗ്രന്ഥങ്ങളുടെ ഉടമയായ സാഹിത്യകാരനായിത്തീര്‍ന്നു.

നോവല്‍, ചെറുകഥ എന്നീ സാഹിത്യരൂപങ്ങളിലൂടെയാണ് ഇദ്ദേഹം ശ്രദ്ധേയനായത്. 30 നോവലുകളും 350-ഓളം ചെറുകഥകളും രചിച്ചിട്ടുണ്ട്. ചരിത്രസംഭവങ്ങളും ചരിത്രപുരുഷന്മാരുടെ ജീവിതവുമാണ് ഇദ്ദേഹത്തിന്റെ മികച്ച രചനകള്‍ക്കാധാരം. മുഹമ്മദ് ഗസ്നിയുടെ സോമനാഥ ക്ഷേത്രാധിനിവേശത്തെ അധികരിച്ചെഴുതിയ സോമനാഥ് (1954), ഔറംഗസീബിന്റെ വ്യക്തിത്വത്തെ ആസ്പദമാക്കിയെഴുതിയ അലംഗിര്‍ (1954), 1857-ലെ സ്വാതന്ത്ര്യസമരത്തെ അടിസ്ഥാനമാക്കി രചിച്ച സോണാ ഔര്‍ ഖൂന്‍ (1958) എന്നിവയാണ് പ്രധാന നോവലുകള്‍. രാവണനെ കേന്ദ്രകഥാപാത്രമാക്കി രചിച്ചിട്ടുള്ള നോവലാണ് വയം രക്ഷമാ.

ഗദ്യകവിത, നാടകം, ജീവചരിത്രം, കവിത എന്നീ മേഖലകളിലും ചതുര്‍സേനശാസ്ത്രി നിരവധി സംഭാവനകള്‍ നല്കി. ഹിന്ദിയിലെ ആദ്യത്തെ ഗദ്യകവിതയായ അന്തസ്ഥല്‍ (1921) ഇദ്ദേഹത്തിന്റേതാണ്. പുരാവൃത്തങ്ങളെയും ചരിത്ര സംഭവങ്ങളെയും അധികരിച്ച് 15-ലേറെ നാടകങ്ങള്‍ ശാസ്ത്രി രചിച്ചിട്ടുണ്ട്. ഗാണ്ഡീവ(1953)മാണ് ഏക കവിതാസമാഹാരം.

ഇദ്ദേഹത്തിന്റെ ആത്മകഥയായ മേരീ ആത്മകഹാനി (1963) ജീവിത വിഷാദങ്ങളുടെയും പ്രതിസന്ധികളുടെയും സത്യസന്ധമായ ആവിഷ്കാരമാണ്. 1960-ല്‍ നിര്യാതനായി.

താളിന്റെ അനുബന്ധങ്ങള്‍
സ്വകാര്യതാളുകള്‍