This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

ചട്ടോപാധ്യായ, ശരത്ചന്ദ്ര (1876 - 1938)

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

ചട്ടോപാധ്യായ, ശരത്ചന്ദ്ര (1876 - 1938)

ബംഗാളി സാഹിത്യകാരന്‍. കൊല്‍ക്കത്തയിലെ ഒരു ദരിദ്ര ബ്രാഹ്മണകുടുംബത്തില്‍ മോത്തിലാലിന്റെ മകനായി 1876 സെപ്. 15-ന് ശരത്ചന്ദ്ര ജനിച്ചു. ടി.എന്‍. ജൂബിലി കോളജില്‍ ചേര്‍ന്നെങ്കിലും സാമ്പത്തിക പ്രതിസന്ധിമൂലം പഠനം പൂര്‍ത്തിയാക്കാനാവാതെ അലഞ്ഞുതിരിഞ്ഞു നടന്ന ഇദ്ദേഹം 1903-ല്‍ മ്യാന്‍മറിലേക്കു(ബര്‍മ)പോയി. അവിടെ ഏജീസ് ആഫീസില്‍ ഉദ്യോഗം ലഭിച്ചു. പത്തുവര്‍ഷക്കാലം ഇദ്ദേഹം മ്യാന്‍മറില്‍ കഴിഞ്ഞു. അധഃസ്ഥിത വിഭാഗത്തിന്റെ ജീവിതയാതനകള്‍ പ്രതിപാദിക്കുന്ന കഥകള്‍ അവിടത്തെ താമസകാലത്ത് ബംഗാളി പത്രമാസികകളില്‍ പ്രസിദ്ധീകരിച്ചിരുന്നു. മ്യാന്‍മറിലുണ്ടായ പ്ലേഗുബാധയില്‍ ഭാര്യ ശാന്തീദേവി മരിച്ചതിനെത്തുടര്‍ന്ന് ഉദ്യോഗം രാജിവച്ച് കൊല്‍ക്കത്തയിലേക്കു തിരിച്ചുപോന്നു. ഇതോടെ ഇദ്ദേഹം മുഴുവന്‍സമയ സാഹിത്യരചനയിലേര്‍പ്പെട്ടു.

സ്വന്തം ജീവിതത്തിലെ വിവിധ ദശകളെക്കുറിച്ച് അനുഭവസമ്പന്നതയോടെ പ്രതിപാദിക്കുന്ന ആത്മകഥാപരമായ നോവലാണ് ശ്രീകണ്ഠ. ഒരു കാലഘട്ടത്തിലെ യുവതലമുറയുടെ മുഴുവന്‍ ഹരമായി മാറിയ ദേവദാസ് എന്ന നോവല്‍ ഒട്ടുമിക്ക ഭാരതീയ ഭാഷകളിലേക്കും പരിഭാഷപ്പെടുത്തിയിട്ടുണ്ട്. ഈ കൃതിയുടെ നിരവധി ചലച്ചിത്രാവിഷ്കാരങ്ങളും ഉണ്ടായിട്ടുണ്ട്.

പാരമ്പര്യത്തിന്റെ ചട്ടക്കൂട്ടിലൊതുങ്ങാത്ത സ്ത്രീപുരുഷബന്ധങ്ങളെക്കുറിച്ചും അധഃസ്ഥിതവിഭാഗങ്ങളുടെ കഷ്ടതകളെക്കുറിച്ചും പ്രതിപാദിക്കുന്ന കൃതികളാണ് ശേഷ്പ്രശ്ന, ചാരിത്രഹീന്‍ തുടങ്ങിയവ. മ്യാന്‍മര്‍ കേന്ദ്രീകരിച്ചുകൊണ്ട് ബ്രിട്ടീഷുകാര്‍ക്കെതിരെ നടന്ന സ്വാതന്ത്ര്യസമരമുന്നേറ്റത്തിന്റെ വീരഗാഥകള്‍ പ്രതിപാദിക്കുന്ന പാഥേര്‍ധാബി എന്ന രാഷ്ട്രീയ നോവല്‍ ബ്രിട്ടീഷ് ഗവണ്‍മെന്റ് നിരോധിക്കുകയുണ്ടായി. അവസാനത്തെ നോവലായ ശേഷേര്‍ പരിചയ് പൂര്‍ത്തിയാക്കുവാന്‍ ശരത്ചന്ദ്രയ്ക്കു സാധിച്ചില്ല. ഇദ്ദേഹത്തിന്റെ ഒരു സുഹൃത്താണ് അത് പൂര്‍ത്തീകരിച്ചത്. ഹരിലക്ഷ്മി, സ്വദേശ് ഓ സാഹിത്യ, അനുരാധ, ദത്ത, വിജയ, വിപ്രദാസ്, ച്ഛലി സലാര്‍ഗല്പ, പരിണിത, അരക്ഷണീയ, നിഷ്കൃതി എന്നിവയാണ് ശരത്ചന്ദ്രയുടെ മറ്റു പ്രമുഖ രചനകള്‍.

സ്ത്രീമനശ്ശാസ്ത്രത്തെക്കുറിച്ചും അവരുടെ അരക്ഷിതാവസ്ഥയെക്കുറിച്ചും ആഴത്തിലറിഞ്ഞ ശരത്ചന്ദ്ര ബംഗാളിസ്ത്രീത്വത്തിന്റെ ദുഃഖങ്ങളും ദുരിതങ്ങളും മനോവ്യാപാരങ്ങളും ഏകാന്തമായ സ്വപ്നങ്ങളും ഹൃദയാവര്‍ജകമായി അവതരിപ്പിക്കുന്നതില്‍ അനിതരമായ ചാരുത പ്രകടിപ്പിച്ചിട്ടുണ്ട്. 19-ാം ശതകത്തിലെ ബംഗാളിസ്ത്രീത്വത്തിന്റെ ജീവത്തായ പ്രതീകങ്ങള്‍ ഇദ്ദേഹത്തിന്റെ നോവലുകളില്‍ കാണാം. സാധാരണ മനുഷ്യരെ സാഹിത്യവുമായി കൂടുതല്‍ അടുപ്പിക്കുന്നതില്‍ ശരത്ചന്ദ്രയുടെ കൃതികള്‍ നിര്‍ണായകമായ പങ്കുവഹിച്ചിട്ടുണ്ട്.

സ്വാതന്ത്ര്യ സമര സേനാനിയും കോണ്‍ഗ്രസ് പ്രവര്‍ത്തകനുമായിരുന്ന ഇദ്ദേഹം 1921 മുതല്‍ 36 വരെ ഹൌറ കോണ്‍ഗ്രസ് കമ്മിറ്റി പ്രസിഡന്റായിരുന്നു.

1936-ല്‍ ധാക്കാ സര്‍വകലാശാല ശരത്ചന്ദ്രയ്ക്കു ഓണററി ഡി.ലിറ്റ് ബിരുദം നല്കുകയുണ്ടായി. ഇദ്ദേഹത്തിന്റെ സാഹിത്യ സംഭാവനകളെ മാനിച്ച് കൊല്‍ക്കത്ത സര്‍വകലാശാല 'ജഗത്താരിണി മെഡല്‍' നല്കി ആദരിക്കുകയുണ്ടായി. 1938-ല്‍ ശരത്ചന്ദ്ര അന്തരിച്ചു.

താളിന്റെ അനുബന്ധങ്ങള്‍
സ്വകാര്യതാളുകള്‍