This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.
Reading Problems? see Enabling Malayalam
ചക്രവര്‍ത്തി, ശ്യാം സുന്ദര്‍ (1869 - 1932)
സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്
ചക്രവര്‍ത്തി, ശ്യാം സുന്ദര്‍ (1869 - 1932)
ഇന്ത്യന്‍ സ്വാതന്ത്ര്യസമര സേനാനി. ഉത്തര ബംഗാളില്‍ പാബ്ന ജില്ലയിലെ ഭാരംഗയില്‍ ഹരസുന്ദര്‍ തര്‍ക്കാലങ്കാരിന്റെയും ഗോവിന്ദമയി ദേവിയുടെയും പുത്രനായി 1869-ല്‍ ജനിച്ചു. കൂച്ച് ബിഹാറിലെ ജങ്കിന്‍സ് സ്കൂളില്‍നിന്നു മെട്രിക്കുലേഷനുശേഷം കൊല്‍ക്കത്തയില്‍ വിദ്യാഭ്യാസം തുടര്‍ന്നു. വിദ്യാര്‍ഥിയായിരിക്കുമ്പോള്‍ത്തന്നെ രാഷ്ട്രീയ പ്രവര്‍ത്തനത്തിലേര്‍പ്പെട്ടു. 1889-90-ല്‍ പാബ്ന സ്കൂളിലും പിന്നീട് കൊല്‍ക്കത്തയിലെ ആംഗ്ലോ-വേദിക് സ്കൂളിലും അധ്യാപകനായി. തുടര്‍ന്ന് ഇദ്ദേഹം വിഭജന വിരുദ്ധ പ്രക്ഷോഭത്തില്‍ പങ്കെടുത്തു. തീവ്രവാദി പ്രവര്‍ത്തകനായി മുദ്രകുത്തി 1908 ഡി.-ല്‍ ഇദ്ദേഹത്തെ അറസ്റ്റുചെയ്തു. 1910-ല്‍ മോചിതനായി. 1914-ല്‍ വീണ്ടും അറസ്റ്റു ചെയ്തു. 1919-ല്‍ മോചിതനായ ശേഷം ഗാന്ധിജിയുടെ അക്രമരഹിത സമരവുമായി ബന്ധപ്പെട്ടു. 1922-ല്‍ ഇദ്ദേഹത്തെ വീണ്ടും അറസ്റ്റുചെയ്തു. മോചിതനായശേഷം 1923-ല്‍ ബംഗാള്‍ പൊളിറ്റിക്കല്‍ കോണ്‍ഫറന്‍സിന്റെ ജെസ്സോര്‍ സമ്മേളനത്തിന്റെ അധ്യക്ഷനായിരുന്നു. 1927-ല്‍ ഗാന്ധിദര്‍ശനം പ്രചരിപ്പിക്കാന്‍ തുടങ്ങി. 1928-ല്‍ സനാതനധര്‍മ സംഘടനയില്‍ അംഗമായി. ഹിന്ദു-മുസ്ലിം മൈത്രിക്കുവേണ്ടിയും സ്ത്രീവിമോചനത്തിനുവേണ്ടിയും പ്രവര്‍ത്തിച്ചു. പ്രതിബസി എന്ന ബംഗാളി പത്രവും പീപ്പിള്‍ ആന്‍ഡ് പ്രതിബസി എന്ന ഇംഗ്ലീഷ് പത്രവും പ്രസിദ്ധീകരിച്ചു. വന്ദേമാതരം, കര്‍മയോഗിന്‍, അമൃതബാസാര്‍ പത്രിക എന്നിവയുമായി ബന്ധപ്പെട്ടു പ്രവര്‍ത്തിച്ചിട്ടുണ്ട്. 1932-ല്‍ ഇദ്ദേഹം മരണമടഞ്ഞു.