This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

ഘോഷ്, ഹേമേന്ദ്രപ്രസാദ് (1876 - 1962)

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

ഘോഷ്, ഹേമേന്ദ്രപ്രസാദ് (1876 - 1962)

ബംഗാളി സാഹിത്യകാരനും പത്രപ്രവര്‍ത്തകനും. ബാംഗ്ലദേശിലെ ജെസ്സോര്‍ ജില്ലയില്‍ ജനിച്ചു. കൊല്‍ക്കത്ത പ്രസിഡന്‍സി കോളജില്‍ നിന്നു ബി.എ. ബിരുദം നേടി. ഈശ്വര്‍ ചന്ദ്ര വിദ്യാസാഗറിന്റെ പൌത്രനായ സുരേശ് ചന്ദ്ര സമാജ്പതി പ്രസിദ്ധീകരിച്ചുകൊണ്ടിരുന്ന സാഹിത്യമാസികയായ സാഹിത്യയുമായി വളരെ ചെറുപ്പം മുതല്ക്കേ ഹേമേന്ദ്രപ്രസാദ് സമ്പര്‍ക്കം പുലര്‍ത്തിവന്നു. അക്കാലത്തു പ്രചാരം സിദ്ധിച്ചിരുന്ന മാസികകളായ സുഹൃദ്, ഉത്സാഹ, മുകുള്‍, ഭാരതി, ബംഗദര്‍ശന്‍ എന്നീ മാസികകളില്‍ കവിത, നോവല്‍, ചെറുകഥ ആദിയായവ ഇദ്ദേഹം പ്രസിദ്ധീകരിച്ചിരുന്നു. കൂടാതെ കല്‍ക്കത്ത റിവ്യൂ, ഈസ്റ്റ് ആന്‍ഡ് വെസ്റ്റ്, ഇന്ത്യന്‍ റിവ്യൂ, ഹിന്ദുസ്ഥാന്‍ റിവ്യൂ ആദിയായ ആനുകാലിക പ്രസിദ്ധീകരണങ്ങളില്‍ നിരവധി ഉപന്യാസങ്ങളും പ്രസിദ്ധീകരിക്കുകയുണ്ടായി. അരവിന്ദഘോഷും ബിപിന്‍ ചന്ദ്രപാലുമൊത്തു വന്ദേമാതരം എന്ന ദിനപത്രം ഇദ്ദേഹം നടത്തുകയുണ്ടായി. അക്കാലത്തെ വിഖ്യാതനായ ഒരു പത്രപ്രവര്‍ത്തകന്‍ എന്ന നിലയിലും ഇദ്ദേഹം ശ്രദ്ധേയനായിരുന്നു. ബസുമതി എന്ന ദിനപത്രത്തിന്റെ പ്രസാധകനായിരുന്ന ഇദ്ദേഹം ലണ്ടന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഒഫ് ജേര്‍ണലിസ്റ്റ്സിലെ ഒരംഗമായിരുന്നു. 1917-ല്‍ മെസപ്പൊട്ടേമിയന്‍ യുദ്ധവാര്‍ത്ത റിപ്പോര്‍ട്ട് ചെയ്യുന്നതിനായി ഇദ്ദേഹം നിയോഗിക്കപ്പെടുകയുണ്ടായി. കൊല്‍ക്കത്താ സര്‍വകലാശാലയില്‍ ജേണലിസത്തിന്റെ പ്രൊഫസറായും കുറേക്കാലം പ്രവര്‍ത്തിക്കുകയുണ്ടായി.

വിപത്തിക് (വിഭാര്യന്‍), അധഃപതന്‍ (അധഃപതനം), പ്രേമന്‍ ജയ് (പ്രേമത്തിന്റെ വിജയം), നാഗ്പാശ് (നാഗപാശം), മൃത്യുമിലന്‍ (മരണത്തില്‍ക്കൂടി ഐക്യം), അശ്രു (അശ്രു), ന്യൂജര്‍മനി, ദി ന്യൂസ് പേപ്പേഴ്സ് ഇന്‍ ഇന്ത്യ, കോണ്‍ഗ്രസ് ആന്‍ഡ് ദ ബംഗാളീസ് മുതലായവയാണ് ഇദ്ദേഹത്തിന്റെ മുഖ്യ കൃതികള്‍.

കുട്ടികള്‍ക്കുവേണ്ടി ആഷാഡെ ഗല്‍പ്പൊ (കെട്ടുകഥകള്‍) എന്ന പേരില്‍ ഇദ്ദേഹം എഴുതിയ പുസ്തകം മികച്ചതാണ്. ബംഗാളിലെ പല രാഷ്ട്രീയ നേതാക്കളും അവരുടെ പ്രവര്‍ത്തനങ്ങളില്‍ ഹേമേന്ദ്രപ്രസാദിന്റെ ഉപദേശം തേടിയിരുന്നു.

(പ്രൊഫ. നിലീനാ എബ്രഹാം)

താളിന്റെ അനുബന്ധങ്ങള്‍
സ്വകാര്യതാളുകള്‍