This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

ഘോഷ്, മന്‍മോഹന്‍ (1844 - 96)

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

ഘോഷ്, മന്‍മോഹന്‍ (1844 - 96)

ബംഗാളി സ്വാതന്ത്ര്യസമരസേനാനിയും സാമൂഹിക പ്രവര്‍ത്തകനും. ബംഗാളിലെ ജുഡീഷ്യല്‍ സര്‍വീസില്‍ സേവനമനുഷ്ഠിച്ചിരുന്ന റാംലോചന്‍ ഘോഷിന്റെ പുത്രനായി മന്‍മോഹന്‍ 1844-ല്‍ കൃഷ്ണനഗറിലെ ഒരു ഇടത്തരം കുടുംബത്തില്‍ ജനിച്ചു. കൃഷ്ണനഗറിലെ കൊളജിയേറ്റ് സ്കൂളില്‍ വിദ്യാഭ്യാസം ചെയ്തു. 1861-ല്‍ പ്രസിഡന്‍സി കോളജില്‍ ചേര്‍ന്ന ഇദ്ദേഹം അടുത്ത വര്‍ഷം ഇന്ത്യന്‍ സിവില്‍ സര്‍വീസ് പരീക്ഷയ്ക്കു ചേരുന്നതിനായി സത്യേന്ദ്രനാഥ ടാഗോറിനോടൊപ്പം ഇംഗ്ലണ്ടില്‍ പോയി. 1864-ലെ ഇന്ത്യന്‍ സിവില്‍ സര്‍വീസ് പരീക്ഷയില്‍ പരാജിതനായ ഘോഷ് അതിനിടെ ബാര്‍-അറ്റ്-ലാ പാസായിരുന്നു. ഇദ്ദേഹം 1866-ല്‍ കൊല്‍ക്കത്തയിലേക്കു തിരിച്ചുവന്ന് അഭിഭാഷകവൃത്തിയില്‍ ഏര്‍പ്പെട്ടു.

1861-ല്‍ ഇന്ത്യന്‍ മിറര്‍ എന്ന ദ്വൈവാരിക ആരംഭിച്ചു. 1862 മാ. വരെ അതിന്റെ പത്രാധിപരായി സേവനമനുഷ്ഠിക്കുകയും ചെയ്തു. ബ്രിട്ടീഷ് ഇന്ത്യന്‍ അസോസിയേഷനില്‍ അംഗമായി. പിന്നീട് ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസില്‍ അംഗമായ ഇദ്ദേഹം 1890-ലെ കോണ്‍ഗ്രസ് സമ്മേളനത്തില്‍ സ്വീകരണകമ്മിറ്റിയുടെ ചെയര്‍മാനായിരുന്നു. 1896-ലെ ബംഗാള്‍ പ്രൊവിന്‍ഷ്യല്‍ കോണ്‍ഗ്രസ് സമ്മേളനത്തിലും സ്വീകരണകമ്മിറ്റിയുടെ ചെയര്‍മാനായി സേവനമനുഷ്ഠിച്ചു. സ്ത്രീകളുടെ വിദ്യാഭ്യാസത്തിന് വളരെ പ്രോത്സാഹനം നല്കിയിരുന്ന ഇദ്ദേഹം പല മഹിളാ വിദ്യാലയങ്ങളുടെയും രക്ഷാധികാരിയായി പ്രവര്‍ത്തിച്ചു. 1896-ല്‍ ഇദ്ദേഹം നിര്യാതനായി.

(ഡോ. കെ.കെ. കുസുമന്‍)

താളിന്റെ അനുബന്ധങ്ങള്‍
സ്വകാര്യതാളുകള്‍