This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.
Reading Problems? see Enabling Malayalam
ഘോഷ്, പ്രഫുല്ലചന്ദ്ര (1891 - 1983)
സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്
ഘോഷ്, പ്രഫുല്ലചന്ദ്ര (1891 - 1983)
സ്വാതന്ത്ര്യസമരസേനാനിയും പശ്ചിമ ബംഗാളിലെ ആദ്യത്തെ മുഖ്യമന്ത്രിയും. ഡാക്കാ ജില്ലയിലെ ഒരു ഇടത്തരം കായസ്ഥ കുടുംബത്തില്‍ ബിദോദിനിദേവിയുടെയും പൂര്‍ണചന്ദ്ര ഘോഷിന്റെയും പുത്രനായി 1891 ഡി. 24-ന് പ്രഫുല്ലചന്ദ്ര ഘോഷ് ജനിച്ചു. ഡാക്കയിലെ മിനാസ്കൂളില്‍ വിദ്യാഭ്യാസം ആരംഭിച്ച പ്രഫുല്ലചന്ദ്ര 1911-ല്‍ ജഗന്നാഥ് കോളജില്‍ നിന്നും ഇന്റര്‍മീഡിയറ്റും 1913-ല്‍ ഡാക്കാ കോളജില്‍ നിന്ന് രസതന്ത്രത്തില്‍ ബിരുദവും 1916-ല്‍ മാസ്റ്റര്‍ബിരുദവും നേടി. 1919-ല്‍ കല്‍ക്കത്ത സര്‍വകലാശാലയില്‍ നിന്ന് രസതന്ത്രത്തില്‍ ഡോക്ടറേറ്റ് ബിരുദമെടുത്തു. വിദേശീയരും ഇന്ത്യാക്കാരുമായ പല എഴുത്തുകാരുടെയും കൃതികള്‍ ഇദ്ദേഹത്തെ സ്വാധീനിച്ചിട്ടുണ്ട്. സ്കൂള്‍ വിദ്യാര്‍ഥിയായിരുന്ന കാലത്തുതന്നെ തീവ്രവാദത്തില്‍ വിശ്വസിച്ചിരുന്ന ഘോഷ് അനുശീലന്‍ സമിതിയില്‍ അംഗമായി (1910). 1913-ല്‍ അനുശീലന്‍ സമിതി വിട്ടു. 1917-ല്‍ കൊല്‍ക്കത്ത കോണ്‍ഗ്രസ് സമ്മേളനത്തില്‍വച്ച് ഇദ്ദേഹം ഗാന്ധിജിയുമായി പരിചയപ്പെട്ടു. 1920 സെപ്.-ലെ ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസ്സിന്റെ വാര്‍ഷിക സമ്മേളനത്തില്‍ പങ്കെടുത്ത ഇദ്ദേഹം 1921-ലെ നിസ്സഹകരണ പ്രസ്ഥാനത്തിലും പങ്കെടുത്തിരുന്നു.
നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ക്കായി ഇദ്ദേഹം ഡാക്കയില്‍ 'അഭോയ് ആശ്രമം' സംഘടിപ്പിച്ചു. തുടര്‍ന്ന് ഇദ്ദേഹത്തെ ബംഗാള്‍ പ്രൊവിന്‍ഷ്യല്‍ കോണ്‍ഗ്രസ് സെക്രട്ടറിയായി തിരഞ്ഞെടുത്തു. 1923-ല്‍ സെക്രട്ടറിപദവും അഭോയ് ആശ്രമവും വിട്ട്, രാജഗോപാലാചാരി, ജമ്നാലാല്‍ ബജാജ്, വല്ലഭ്ഭായി പട്ടേല്‍ എന്നിവരോടൊപ്പം സഞ്ചാരം നടത്തി. 'ഖാദി പ്രതിഷ്ഠാനി'ല്‍ ചേര്‍ന്നെങ്കിലും 1925-ല്‍ അതില്‍ നിന്നും രാജിവച്ചു. 1926-ല്‍ അഭോയ് ആശ്രമത്തിലേക്കു തിരിച്ചുവന്ന ഘോഷ് 1928 വരെ അവിടെ തുടര്‍ന്നു. സത്യാഗ്രഹത്തെത്തുടര്‍ന്ന് 1930-ല്‍ അറസ്റ്റിലായ ഇദ്ദേഹം 1931-ല്‍ ജയില്‍ വിമോചിതനായി. കോണ്‍ഗ്രസ് സമ്മേളനത്തില്‍ പങ്കെടുത്തതിന്റെ പേരില്‍ ഇദ്ദേഹത്തെ വീണ്ടും അറസ്റ്റുചെയ്തു. 1932-ല്‍ വിട്ടയയ്ക്കുകയും ചെയ്തു. 1942-ലെ 'ക്വിറ്റിന്ത്യാ' സമരത്തില്‍ പങ്കെടുത്ത് അറസ്റ്റിലായ ഇദ്ദേഹം 1944-ല്‍ ജയില്‍ വിമോചിതനായി. സ്വാതന്ത്യ്രാനന്തരം പശ്ചിമബംഗാളിലെ ആദ്യത്തെ മുഖ്യമന്ത്രിയായി. 1955 മുതല്‍ 1957 വരെ ബംഗാള്‍ നിയമസഭയില്‍ അംഗമായിരുന്നു. 1967-ലെ ഐക്യകക്ഷി മന്ത്രിസഭയില്‍ ഭക്ഷ്യമന്ത്രിയായ ഇദ്ദേഹം പിന്നീട് മുഖ്യമന്ത്രിയായി. 1969-ലെ തെരഞ്ഞെടുപ്പില്‍ പരാജിതനായതിനെത്തുടര്‍ന്ന് രാഷ്ട്രീയം ഉപേക്ഷിച്ച് പൊതുജനസേവനത്തിലേര്‍പ്പെട്ടു.
1983-ല്‍ പ്രഫുല്ല ചന്ദ്രഘോഷ് അന്തരിച്ചു.
(ഡോ. കെ.കെ. കുസുമന്‍)