This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.
Reading Problems? see Enabling Malayalam
ഘോഷ്, ഗോപാല്‍ (1913 - 80)
സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്
ഘോഷ്, ഗോപാല്‍ (1913 - 80)
ഭാരതീയ ചിത്രകാരന്. 1913-ല്‍ കൊല്‍ക്കത്തയില്‍ ജനിച്ചു. സിംല, ബനാറസ്, അലഹബാദ് എന്നിവിടങ്ങളിലാണ് ബാല്യം കഴിച്ചുകൂട്ടിയത്. 1931 മുതല്‍ 4 വര്‍ഷം ജയ്പൂരിലെ മഹാരാജാസ് സ്കൂള്‍ ഒഫ് ആര്‍ട്സ് ആന്‍ഡ് ക്രാഫ്റ്റ്സില്‍ പഠിച്ച് ഡിപ്ളോമ നേടി. തുടര്‍ന്ന് മദ്രാസ് ആര്‍ട്സ് സ്കൂളില്‍ പ്രസിദ്ധ ശില്പിയായ ഡി.പി. റോയ് ചൌധരിയുടെ കീഴില്‍ ഉപരിപഠനം നടത്തിയശേഷം കൊല്‍ക്കത്തയിലെ ഇന്ത്യന്‍ സൊസൈറ്റി ഒഫ് ഓറിയന്റല്‍ ആര്‍ട്ട്, ബംഗാള്‍ എന്‍ജിനീയറിങ് കോളജ്, ഗവണ്മെന്റ് കോളജ് ഒഫ് ആര്‍ട്സ് ആന്‍ഡ് ക്രാഫ്റ്റ്സ് എന്നിവിടങ്ങളില്‍ അധ്യാപകനായി സേവനമനുഷ്ഠിക്കുകയുണ്ടായി.
ആധുനികതയെക്കാള്‍ പാരമ്പര്യത്തോടാണ് ഗോപാല്‍ ഘോഷിന്റെ ചിത്രങ്ങള്‍ കൂറുപുലര്‍ത്തുന്നത്. ഇന്ദ്രിയങ്ങള്‍ക്കു വിഷയീഭവിക്കുന്നതും ബുദ്ധിക്കു നീതീകരണയോഗ്യവുമായ രചനാരീതിയോടാണ് ആഭിമുഖ്യം.
വര്‍ണങ്ങളുടെ സമഞ്ജസസമ്മേളനം കൊണ്ടനുഗൃഹീതമായ പ്രകൃതി അതിന്റെ സമഗ്രഭാവപ്പൊലിമയോടെ ഇദ്ദേഹത്തിന്റെ ചിത്രങ്ങളില്‍ നിറഞ്ഞു നില്ക്കുന്നു. ആധുനിക ഭാരതീയ ചിത്രകാരന്മാരില് പ്രകൃതിദൃശ്യചിത്രണത്തില് ഗോപാല്‍ ഘോഷിനെപ്പോലെ പ്രാഗല്ഭ്യം കാട്ടിയവരില്ല. പ്രകൃതിയുടെ ലാവണ്യത്തില്‍ മുഴുകുന്നതിനുവേണ്ടി ഭാരതം മുഴുവന്‍ ഇദ്ദേഹം സൈക്കിളില്‍ യാത്രചെയ്യുകയുണ്ടായി. എണ്ണം കൊണ്ടും മേന്മകൊണ്ടും ഘോഷ് ചിത്രങ്ങള്‍ അത്യന്തം ശ്രദ്ധേയങ്ങളായിത്തീര്ന്നു. സംസ്ഥാന-ദേശീയ ബഹുമതികള്‍ ഇദ്ദേഹത്തിനു ലഭിച്ചിട്ടുണ്ട്.
1980-ല്‍ ഇദ്ദേഹം അന്തരിച്ചു.