This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.
Reading Problems? see Enabling Malayalam
ഘോഷ്, ഗിരീഷ്ചന്ദ്ര (1829 - 69)
സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്
ഘോഷ്, ഗിരീഷ്ചന്ദ്ര (1829 - 69)
1. ഇന്ത്യന്‍ സ്വാതന്ത്ര്യസമരസേനാനിയും പത്രപ്രവര്‍ത്തകനും. റാംധന്‍ ഘോഷിന്റെ പുത്രനായി 1829-ല്‍ കൊല്‍ക്കത്തയില്‍ ജനിച്ച ഗിരിഷ്ചന്ദ്രഘോഷ്, ഓറിയന്റല്‍ സെമിനാരിയില്‍ വിദ്യാഭ്യാസം നടത്തുകയും ഇംഗ്ലീഷിലും ഫ്രഞ്ചിലും പ്രാവീണ്യം നേടുകയും ചെയ്തു.
15 രൂപ പ്രതിമാസശമ്പളത്തില്‍ ഇന്ത്യാ ഗവണ്‍മെന്റിന്റെ ധനകാര്യ വകുപ്പില്‍ ജൂനിയര്‍ ക്ളാര്‍ക്കായി ഉദ്യോഗത്തില്‍ പ്രവേശിച്ച ഗിരീഷ്ചന്ദ്രഘോഷ്, വിരമിക്കുമ്പോള്‍ കൊല്‍ക്കത്തയിലെ മിലിറ്ററി പേ എക്സാമിനേഴ്സ് ആഫീസില്‍ രജിസ്റ്റ്രാര്‍ ആയിരുന്നു.
ബ്രിട്ടീഷ് ഇന്ത്യന്‍ അസോസിയേഷന്‍, ബെതുന്‍ സൊസൈറ്റി, ബംഗാള്‍ സോഷ്യല്‍ സയന്‍സ് അസോസിയേഷന്‍ തുടങ്ങി അക്കാലത്തു കൊല്‍ക്കത്തയില്‍ നിലവിലിരുന്ന പല പ്രമുഖ സംഘടനകളിലും ഇദ്ദേഹം അംഗമായിരുന്നു. ബേലൂര്‍ ആംഗ്ളോ വെര്‍ണാക്കുലര്‍ സ്കൂളിന്റെ കാര്യദര്‍ശി, ഹൗറായിലെ കാനിങ് ഇന്‍സ്റ്റിറ്റ്യൂട്ട് ഉത്തര്‍പാറാ ഹിതകാരി സഭയുടെ ഉപാധ്യക്ഷന്‍ എന്നീ നിലകളില്‍ സേവനമനുഷ്ഠിച്ചിട്ടുണ്ട്.
1849-ല്‍ ബംഗാള്‍ റിക്കോര്‍ഡുകള്‍ എന്ന പേരില്‍ ഇദ്ദേഹം ആരംഭിച്ച വാരിക 1855 മുതല്‍ ഹിന്ദു പേട്രിയറ്റ് എന്നു പുനരാരംഭിക്കുകയും 1856-ല്‍ ഇതിന്റെ എഡിറ്ററാകുകയും ചെയ്തു. 1862-ല്‍ ഗിരീഷ്ചന്ദ്രഘോഷ് ആരംഭിച്ച ദ ബംഗാളി എന്ന പത്രം അക്കാലത്തെ ബംഗാളി കര്‍ഷകരുടെ ജിഹ്വയായിരുന്നു.
ബ്രിട്ടീഷ് ഭരണത്തെ അനുകൂലിച്ചിരുന്നുവെങ്കിലും ഭരണവര്‍ഗത്തിന്റെ വര്‍ഗീയ പക്ഷപാതത്തെയും അന്യായമായ നടപടികളെയും നിശിതമായി വിമര്‍ശിക്കുവാന്‍ ഇദ്ദേഹം ഒരിക്കലും മടികാണിച്ചിരുന്നില്ല. ഇന്ത്യാക്കാരുടെ അവകാശസംരക്ഷണത്തിനുവേണ്ടി സമരം ചെയ്യാനുള്ള ധൈര്യവും ഇദ്ദേഹം പ്രകടിപ്പിച്ചു. വെള്ളക്കാര്‍ പുലര്‍ത്തിവന്നിരുന്ന വര്‍ണവിവേചനത്തെ എതിര്‍ത്തിരുന്നു. കൃഷ്ണനഗര്‍, സിവില്‍ എന്‍ജിനീയറിങ് കോളജുകള്‍ എന്നിവ നിര്‍ത്തലാക്കാനുള്ള ഭരണവര്‍ഗത്തിന്റെ ശ്രമത്തെ 'സര്‍വ നാശക സ്വഭാവം' എന്നാണ് ഗിരീഷ്ചന്ദ്ര വിശേഷിപ്പിച്ചത്. ഒന്നാം ഇന്ത്യന്‍ സ്വാതന്ത്ര്യസമരത്തിനു ശേഷം യൂറോപ്യരെ കാണുമ്പോള്‍ ഇന്ത്യാക്കാര്‍ സലാം വയ്ക്കണമെന്ന് അനുശാസിക്കുന്ന ആഗ്രാ കന്റോണ്‍മെന്റ് മജിസ്റ്റ്രേട്ടിന്റെ ഉത്തരവിനെ ഗിരീഷ്ചന്ദ്ര വിമര്‍ശിച്ചിട്ടുണ്ട്. കര്‍ഷകരുടെ മിത്രമായിരുന്ന ഇദ്ദേഹം, ഭൂനിയമത്തിലെ പോരായ്മകള്‍ തിരുത്തുവാനും സ്ഥിരമായ ഒരു തീരുമാനത്തിനായി വാദിക്കുകയും ചെയ്തു. ജമീന്ദാര്‍മാരുടെ ചൂഷണത്തില്‍ നിന്നു കര്‍ഷകരെ മോചിപ്പിക്കുന്നതിനുള്ള പല നടപടികളും ഇദ്ദേഹം കൈകൊണ്ടു. ദേശീയവും വ്യക്തിഗതവുമായ അഭിവൃദ്ധിക്കുവേണ്ട ആദ്യനടപടി വസ്തുനടപ്പവകാശം ഉറപ്പുവരുത്തലാണെന്ന് ഗിരീഷ്ചന്ദ്ര വാദിച്ചു. നീലം കൃഷിക്കാരുടെ പ്രശ്നങ്ങള്‍ക്ക് അറുതി വരുത്തിയതിലും ഗിരീഷ്ചന്ദ്രഘോഷ് നിര്‍ണായകമായ പങ്കുവഹിച്ചിട്ടുണ്ട്.
സര്‍ക്കാര്‍ ജോലിക്കു കാത്തു നില്‍ക്കാതെ ശാസ്ത്ര-സാങ്കേതിക രംഗങ്ങളിലേക്കു തിരിയണമെന്ന് ഇദ്ദേഹം ബംഗാളികളെ ഉദ്ബോധിപ്പിച്ചു. ഇതിനുവേണ്ടി സ്കൂള്‍ ഒഫ് ഇന്‍ഡസ്ട്രിയില്‍ ആര്‍ട്ട് ആന്‍ഡ് ഡിസൈന്‍ സ്ഥാപിക്കാന്‍ (1857) വേണ്ട സഹായങ്ങള്‍ ചെയ്തു. ഹൈന്ദവ വിശ്വാസിയായിരിന്നെങ്കിലും വിധവാവിവാഹത്തെ പിന്താങ്ങുകയും സ്ത്രീധന സമ്പ്രദായത്തെ എതിര്‍ക്കുകയും ചെയ്തു. ബങ്കിംചന്ദ്ര ചാറ്റര്‍ജി, മഹാരാജാ ജതീന്ദ്രമോഹന്‍ ടാഗോര്‍, ജസ്റ്റിസ് ശംഭുനാഥ് പണ്ഡിറ്റ്, നവാബ് അബ്ദുല്‍ ലത്തീഫ്ഖാന്‍, മേരി കാര്‍പെന്റര്‍, ഇ.ബി. കോവെല്‍ തുടങ്ങിയവരുമായി ഇദ്ദേഹത്തിന് സുഹൃദ്ബന്ധങ്ങളുണ്ടായിരുന്നു. 1869-ല്‍ അന്തരിച്ചു.